റഷ്യൻ വിപണിയോട് ബൈ ബൈ പറഞ്ഞ് Nissan, ആസ്‌തികൾ വിറ്റത് വെറും ഒരു യൂറോയ്ക്ക്
റഷ്യൻ വിപണിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. രാജ്യത്തെ തങ്ങളുടെ നിലവിലുള്ള ആസ്‌തികൾ വെറും ഒരു യൂറോയ്ക്ക് NAMI എന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കൈമാറാനും കമ്പനി തീരുമാനിച്ചതാണ് ആശ്ചര്യകരം.

ഇതിനർഥം നിസാന് 687 മില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചുവെന്നാണ്. രാജ്യത്തെ ഉത്പാദനം നിർത്തിവയ്ക്കാൻ കമ്പനി നിർബന്ധിതരായതിനെത്തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. കൂടാതെ ഈ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം റഷ്യയിൽ നിന്ന് പുറത്തുകടക്കുന്ന ഏറ്റവും പുതിയ പ്രധാന കമ്പനിയായി നിസാൻ മാറി.

റെനോ-നിസാൻ-മിത്സുബിഷി സഖ്യത്തിന്റെ കുടക്കീഴിലുള്ള മറ്റൊരു പ്രധാന ജാപ്പനീസ് കാർ ബ്രാൻഡായ മിത്സുബിഷിയും റഷ്യൻ വിപണിയിൽ നിന്ന് പിൻമാറാനുള്ള നീക്കങ്ങൾ ആലോചിക്കുന്നതായാണ് നിക്കി ഏഷ്യ പുറത്തുവിടുന്ന മറ്റൊരു സുപ്രധാന വിവരം.

ഈ നീക്കത്തിന്റെ ഭാഗമായി, സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ നിർമാണ കേന്ദ്രം ഉൾപ്പെടെ റഷ്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നിസാൻ കൈമാറും. സഖ്യ പങ്കാളിയായ റെനോയുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കുന്നതാണ് നിസാന്റെ നീക്കം.

റഷ്യൻ കാർ നിർമാതാക്കളായ അവ്തോവാസിലെ തങ്ങളുടെ ഭൂരിഭാഗം ഓഹരികളും ഫ്രഞ്ച് വാഹന നിർമാതാവ് ഈ വർഷം മെയ് മാസത്തിൽ ഒരു റഷ്യൻ നിക്ഷേപകന് വിറ്റിരുന്നു. ഇത് റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ഫലമായും ചൂണ്ടിക്കാണിക്കപ്പെട്ടു.

റഷ്യ-ഉക്രെയ്ൻ യുദ്ധം സൃഷ്ടിച്ച വൻ വിതരണ ശൃംഖല തടസപ്പെട്ടതിനെത്തുടർന്ന് ഈ വർഷം മാർച്ചിൽ സെന്റ് പീറ്റേഴ്‌സ്ബർഗ് പ്ലാന്റിലെ നിർമാണ പ്രവർത്തനങ്ങൾ നിസാൻ നിർത്തിവെച്ചിരുന്നു. അന്നുമുതൽ റഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി.

എന്നാൽ ഉക്രെയ്ൻ-റഷ്യ ബന്ധത്തിൽ ഇതുവരെ ഒരു മാറ്റത്തിന്റെ സൂചനയും ലഭിക്കാത്തതിനാൽ കൂടിയാണ് റഷ്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാനുള്ള തീരുമാനത്തെ നിസാനെ പ്രേരിപ്പിച്ചു. എല്ലാ നിസാൻ ജീവനക്കാർക്കും 12 മാസത്തെ തൊഴിൽ സംരക്ഷണം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

അടുത്ത ആറ് വർഷത്തിനുള്ളിൽ സ്ഥാപനവും പ്രവർത്തനങ്ങളും തിരികെ വാങ്ങാനുള്ള ഓപ്‌ഷനും നിസാനെ വിൽപ്പന നിബന്ധനകളിൽ ഉൾപ്പെടുന്നുണ്ട്. ഒരു പ്രധാന വിപണിയിൽ നിന്നും പിൻവാങ്ങുകയും ഈ പ്രക്രിയയിൽ ഇത്രയും വലിയ തുക നഷ്ടപ്പെടുകയും ചെയ്തിട്ടും 2023 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള വരുമാന പ്രവചനം നിസാൻ നിലനിർത്തുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.

അതേസമയം, ഫ്രഞ്ച് വാഹന നിർമാതാക്കളുടെ പുതിയ ഇലക്ട്രിക് വാഹന സംരംഭത്തിൽ നിക്ഷേപം നടത്തുന്നത് ഉൾപ്പെടെ, തങ്ങളുടെ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് റെനോയും നിസാനും ഇപ്പോൾ ചർച്ച നടത്തിവരികയാണ്.


Click it and Unblock the Notifications








