ഈ കുഞ്ഞൻ ഇലക്‌ട്രിക് കാർ നാളെയിങ്ങ് എത്തും, PMV EaS-E ഇവിയെ കാത്ത് വിപണി
മുംബൈ ആസ്ഥാനമായുള്ള പിഎംവി ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ദിവസേനയുള്ള യാത്രകൾക്കായി ഉപയോഗിക്കേണ്ട ഒരു കോംപാക്‌ട് ഇലക്ട്രിക് വാഹനമായാണ് ഇതിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
പേഴ്‌സണൽ മൊബിലിറ്റി വെഹിക്കിൾ (PMV) എന്ന പുതിയ വിഭാഗത്തിൽ പെട്ടതായിരിക്കും ഈ വാഹനമെന്നും ബ്രാൻഡ് പറയുന്നു. പുതിയ ഇലക്ട്രിക് വാഹനത്തെ EaS-E എന്ന് വിളിക്കുന്നു. ആളുകൾക്ക് അവർ എല്ലാ ദിവസവും ഉപയോഗിക്കാനാവുന്നൊരു ദൈനംദിന കാറായിരിക്കണം ഇതെന്നാണ് ബ്രാൻഡ് ആഗ്രഹിക്കുന്നതും.

ഈ EaS-E എന്ന ഇത്തിരി കുഞ്ഞൻ ഇലക്ട്രിക് മൈക്രോ കാറിന് ഏകദേശം 4 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വിലയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് പിഎംവി ഇലക്ട്രിക് പറയുന്നു. വൈദ്യുത വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ ഇതിനകം തയാറായിക്കഴിഞ്ഞതായും ബ്രാൻഡ് പറയുന്നു. നിലവിൽ നിർമാതാവ് അവ ഉത്പാദനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
2,915 മില്ലീമീറ്റർ നീളവും 1,157 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും ഉള്ളതിനാൽ സിറ്റി ഉപയോഗത്തിനായാണ് വാഹനം വ്യക്തമായി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വ്യക്തമാണ്. ഇതിന് 2,087 മില്ലീമീറ്റർ വീൽബേസ് ഉണ്ടായിരിക്കും. ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലീമീറ്റർ ആയിരിക്കും. കൂടാതെ, ഇവിയുടെ ഭാരം 550 കിലോ ആയിരിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

പിഎംവി EaS-E മൂന്ന് വേരിയന്റുകളിൽ ലഭിക്കും. ഒറ്റ ചാർജിൽ 120 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെയാണ് ഈ വേരിയന്റുകളുടെ ഡ്രൈവിംഗ് റേഞ്ച്. ഡ്രൈവിംഗ് റേഞ്ച് ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ചിരിക്കും. വെറും 4 മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്ന് പിഎംവി അവകാശപ്പെടുന്നു. നിർമ്മാതാവ് 3 kW എസി ചാർജറാണ് ഈ കുഞ്ഞൻ ഇലക്ട്രിക് കാറിന് ഒപ്പം വാഗ്ദാനം ചെയ്യുന്നത്.
പിഎംവി EaS-E ഇവിയുടെ ഫീച്ചർ ലിസ്റ്റിൽ ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, എയർ കണ്ടീഷനിംഗ്, റിമോട്ട് കീലെസ് എൻട്രി, റിമോട്ട് പാർക്ക് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, സീറ്റ് ബെൽറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഡിസൈനിന്റെ കാര്യത്തിൽ ഇലക്ട്രിക് കാറിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വാഹനത്തിന്റെ വീതിയിൽ നീളുന്ന എൽഇഡി ലൈറ്റ് ബാർ, സ്ലിം എൽഇഡി ലാമ്പുകൾ, ടെയിൽഗേറ്റിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് ബാർ എന്നിവയാൽ വളരെ രസകരമായി തോന്നിയേക്കാം.

ഈ ഡിസൈൻ സൂചകങ്ങൾക്കൊന്നും Eas-E സാധാരണ കാറുകളേക്കാൾ വളരെ ചെറുതും ഒതുക്കമുള്ളതും ഇടുങ്ങിയതുമായ ഒരു ഇവി ആണെന്ന വസ്തുത മറയ്ക്കാൻ കഴിയില്ല. വെറും 2.9 മീറ്ററിലധികം നീളമുള്ള ഇത് ബജാജ് ക്യൂട്ടിനേക്കാൾ അൽപ്പം നീളമുള്ളതാണെങ്കിലും ആൾട്ടോ 800 (3.44 മീറ്റർ നീളമുണ്ട്) എന്നതിനേക്കാൾ വളരെ ചെറുതാണ്.
EaS-E ഇവി നാല് ഡോറുകളുള്ള കോൺഫിഗറേഷനിൽ വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിന്റെ പ്രൊഡക്ഷൻ സ്പെക്ക് പതിപ്പ് ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ ചില കാര്യങ്ങളിൽ മാറ്റമുണ്ടായേക്കാമെന്നാണ് ലഭിക്കുന്ന സൂചന. Eas-E എന്ന് വിളിക്കപ്പെടുന്ന ഈ ക്യൂട്ട് ഇലക്ട്രിക് കാർ ബജാജ് ക്യൂട്ടിന് സമാനമായ ക്വാഡ്രിസൈക്കിളായി വിൽക്കും.
ഇന്റീരിയറിലേക്ക് നോക്കിയാൽ എസി, ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഫോൾഡിംഗ് ഔട്ടർ റിയർവ്യൂ മിററുകൾ, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പവർ വിൻഡോകൾ തുടങ്ങിയ സമാന സവിശേഷതകൾ വാഗ്ദാനം ചെയ്തേക്കും. പിഎംവി EaS-E ഇലക്ട്രിക് കാർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി 2,000 രൂപ ടോക്കൺ തുക നൽകി പ്രീ ഓർഡർ ചെയ്യാൻ സാധിക്കും.


Click it and Unblock the Notifications