എംജിക്ക് ഒരുമുഴം മുന്നേയെറിഞ്ഞ് PMV; EaS-E ഹൈടെക് മൈക്രോ ഇലക്ട്രിക് കാർ നവംബർ 16-ന് വിപണിയിലേക്ക്
എംജിയുടെ കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ കാത്തിരിക്കുന്നവർക്കായി കുറഞ്ഞ വിലയിൽ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ ഇവി കിട്ടിയാൽ എങ്ങനെയിരിക്കും? സങ്കൽപ്പമല്ല സുഹൃത്തുക്കളേ... യാഥാർഥ്യമാണ്!

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ പിഎംവി ഇലക്ട്രിക് തങ്ങളുടെ ഹൈടെക് മൈക്രോ ഇലക്ട്രിക് കാർ അവതരിപ്പിക്കുമെന്ന് പറഞ്ഞത് അടുത്തിടെയായിരുന്നു. എന്നാൽ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമെന്ന് വിമർശകർ വരെ പറഞ്ഞ ഇത്തിരി കുഞ്ഞൻ ഇലക്ട്രിക് കാർ ഇതാ യാഥാർഥ്യമാവാൻ പോവുകയാണ്.

പിഎംവി ഇലക്ട്രിക് തങ്ങളുടെ ഹൈടെക് മൈക്രോ കാർ 2022 നവംബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് എംജിയുടെയും ടാറ്റയുടെയുമെല്ലാം നെഞ്ചിടിപ്പേറ്റിയിരിക്കുന്നത്. പിഎംവിയുടെ EaS-E എന്നറിയപ്പെടുന്ന രണ്ട് സീറ്റുകളുള്ള മൈക്രോ ഇവി വരുന്നതോടെ രാജ്യത്തെ വാഹന സംസ്ക്കാരം വരെ മാറുമെന്നാണ് പ്രവചനം.

2018-ൽ സ്ഥാപിതമായ പിഎംവി ഇലക്ട്രിക് കാർ എന്ന പലരുടേയും സ്വപ്നം യാഥാർഥ്യമാക്കുമെന്നും പറയുന്നു. പെട്രോളിന്റെ വില ആളുകളെ ഇലക്ട്രിക് കാറുകളിലേക്ക് അടുപ്പിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ വില ഇപ്പോഴും പ്രതികൂല ഘടകമാണ്.

ഇവിടെയാണ് പിഎംവിയുടെ EaS-E ഇവി വ്യത്യസ്‌തമാവുന്നത്. വെറും നാല് ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാവും ഈ തട്ടുപൊളിപ്പൻ വാഹനത്തിനുണ്ടായിരിക്കുക. ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ ജനകീയമാകണമെങ്കിൽ ബജറ്റ് കാറുകളുടെ വിലയ്ക്ക് വാഹനം ലഭിക്കണമെന്ന ആശയമാണ് പിഎംവി പിന്തുടരുന്നത്.

മികച്ച നിർമാണ നിലവാരവും റേഞ്ചും കൂടെ നൽകിയാൽ ഈ മൈക്രോ ഇലക്ട്രിക് കാർ ഹിറ്റാണെന്ന് ഉറപ്പിക്കാം. മുൻനിര വാഹന നിർമാതാക്കളെല്ലാം വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാൻ മടിച്ചു നിൽക്കുമ്പോൾ പിഎംവി EaS-E ഇവിക്ക് സാധ്യതകളും ഏറെ.

പിഎംവി EaS-E മൈക്രോ ഇലക്ട്രിക് കാറിന് 10 kWh ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും 15 kW (20 bhp) PMSM ഇലക്ട്രിക് മോട്ടോറുമാണ് കരുത്തേകാൻ എത്തുന്നത്. മോഡലിന്റെ ടോർക്ക് കണക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിന് 70 കിലോമീറ്റർ പരമാവധി വേഗത ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പിഎംവി EaS-E മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു. വേരിയന്റിനെ ആശ്രയിച്ച് ഒറ്റ ചാർജിൽ ഇവിക്ക് 120 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാനും കഴിയും. 3 kW എസി ചാർജർ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ ഇലക്ട്രിക് കാർ പൂർണമായും ചാർജ് ചെയ്യപ്പെടുമെന്നാണ് പിഎംവി അവകാശപ്പെടുന്നത്.

ഈ മൈക്രോ ഇലക്ട്രിക് കാറിന് 2,915 മില്ലീമീറ്റർ നീളവും 1,157 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും 2,087 മില്ലീമീറ്റർ വീൽബേസും ഉണ്ടാകും. ഫീച്ചറുകളുടെ കാര്യത്തിൽ പിഎംവി EaS-E ഇലക്ട്രിക് കാറിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, എയർ കണ്ടീഷനിംഗ്, ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

EaS-E മൈക്രോ ഇലക്ട്രിക് കാർ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് പിഎംവി ഇലക്ട്രിക് സ്ഥാപകൻ കൽപിത് പട്ടേൽ പറഞ്ഞു. ഒരു ഇന്ത്യൻ കമ്പനി നിർമിച്ച ലോകോത്തര ഉൽപ്പന്നമായിരിക്കുമിത് എന്നും, രാഷ്ട്രത്തെ വൈദ്യുതീകരിക്കുന്നതിനും പേഴ്‌സണൽ മൊബിലിറ്റി വെഹിക്കിൾ (PMV) എന്ന പേരിൽ ഒരു പുതിയ സെഗ്‌മെന്റിന് EaS-E തുടക്കമിടുമെന്നും കൽപിത് പട്ടേൽ കൂട്ടിച്ചേർത്തു.

ദൈനംദിന ഉപയോഗത്തിനായാണ് പിഎംവി EaS-E മൈക്രോ ഇലക്ട്രിക് പ്രധാനമായും നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂ സീറ്റർ വാഹനമാണെങ്കിലും മുന്നിലും പിന്നിലുമായാണ് ഓരോ സീറ്റും ക്രമീകരിച്ചിരിക്കുന്നത്. സിട്രൺ എമി, എംജി E200 എന്നീ വാഹനങ്ങളുടെ സമാനമായ ഡിസൈനിലാണ് EaS-E വരുന്നത്.

സിൽവർ, വൈറ്റ്, ഗ്രീൻ, റെഡ്, ഓറഞ്ച്, ബ്ലാക്ക്, ബ്ലൂ, യെല്ലോ, ബ്രൌൺ, ബീജ് തുടങ്ങി വ്യത്യസ്ത നിറങ്ങളിൽ വാഹനം സ്വന്തമാക്കാം. നിലവിൽ ടാറ്റ ടിഗോർ ഇവിയാണ് ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക് കാർ. പത്ത് ലക്ഷം രൂപയാണ് ഇതിൻെറ വില. ആ സാഹചര്യത്തിലാണ് നാല് ലക്ഷം രൂപയുടെ ഇലക്ട്രിക് കാറുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി രംഗത്തെത്താൻ പോവുന്നത് എന്ന കാര്യം ചരിത്രമായേക്കും.


Click it and Unblock the Notifications