ഇത് ഇന്ത്യയുടെ പുതിയ നാനോ, ചെറിയ വിലയിൽ കിടിലംകൊള്ളിക്കാൻ PMV EaS-E ഇലക്‌ട്രിക് കാർ എത്തി
മുംബൈ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ പിഎംവി ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിച്ചു. EaS-E എന്നുവിളിക്കപ്പെടുന്ന ഇത്തിരി കുഞ്ഞൻ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വിലകുറഞ്ഞ പാസഞ്ചർ ഇവിയായി മാറുന്നുവെന്നതാണ് ഹൈലൈറ്റ്.
4.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പിഎംവി ഇലക്ട്രിക് EaS-E പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ആദ്യ 10,000 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ വില ബാധകമാവുകയെന്ന് കമ്പനി പ്രത്യേകം എടുത്തു പറയുന്നുണ്ട്.

ഔദ്യോഗിക അവതരണത്തിനു മുമ്പ് തന്നെ പിഎംവി ഏകദേശം 6,000 ബുക്കിംഗുകളാണ് EaS-E ഇവിക്കായി നേടിയെടുത്തിരിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പിഎംവി വെബ്‌സൈറ്റിൽ നിന്ന് 2,000 രൂപയ്ക്ക് ടോക്കൺ തുക നൽകി ഇവി ഇപ്പോൾ ബുക്ക് ചെയ്യാനും സാധിക്കും. രാജ്യത്ത് ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും ചെറിയ ഇലക്ട്രിക് കാർ കൂടിയാണ് പിഎംവി EaS-E.
ഒരേ സമയം രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും യാത്ര ചെയ്യാൻ കഴിയുംവിധമാണ് EaS-E ഇവിയെ കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കാറിന് മൊത്തത്തിൽ 2,915 മില്ലീമീറ്റർ നീളവും 1,157 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും ഉള്ളതിനാൽ നഗര ഉപയോഗത്തിനായി വാഹനം മികച്ച തെരഞ്ഞെടുപ്പായിരിക്കും. മൈക്രോ ഇലക്ട്രിക് കാറിന് 2,087 മില്ലീമീറ്റർ വീൽബേസും 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, ഇവിയുടെ ഭാരം 550 കിലോയോളം വരും.

ഡിസൈനിനെ സംബന്ധിച്ചിടത്തോളം പിഎംവി EaS-E വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വാഹനത്തിന്റെ വീതിയിലുടനീളം നീളുന്ന എൽഇഡി ലൈറ്റ് ബാർ, മെലിഞ്ഞ എൽഇഡി ലാമ്പുകൾ, ടെയിൽഗേറ്റിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഒരു ലൈറ്റ് ബാർ എന്നിവയാൽ തികച്ചും മനോഹരമാണ്. ഫീച്ചറുകളുടെ കാര്യത്തിലും Eas-E ഇലക്‌ട്രിക് കാർ മുടക്കുന്ന പണത്തിന് മൂല്യവത്താണെന്നും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.
ഫീച്ചർ ലിസ്റ്റിൽ ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, എയർ കണ്ടീഷനിംഗ്, റിമോട്ട് കീലെസ് എൻട്രി, റിമോട്ട് പാർക്ക് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, യാത്രക്കാർക്കുള്ള എയർബാഗുകൾ, സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ഇതുകൂടാതെ വ്യത്യസ്‌ത റൈഡിംഗ് മോഡുകൾ, പാദങ്ങളില്ലാത്ത ഡ്രൈവിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓൺബോർഡ് നാവിഗേഷൻ, മ്യൂസിക് കൺട്രോളിലേക്കുള്ള ആക്‌സസ്, കണക്‌റ്റ് ചെയ്‌ത സ്‌മാർട്ട്‌ഫോണിലേക്കുള്ള കോൾ കൺട്രോൾ എന്നിവയും പിഎംവി EaS-E ഇവി വാഗ്ദാനം ചെയ്യുന്നു.

മൂന്ന് ബാറ്ററി ഓപ്ഷനുകളോടെയാണ് EaS-E മൈക്രോ ഇലക്ട്രിക് കാർ പിഎംവി വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വരെ വാഹനം പ്രാപ്‌തമാണെന്നതും ശ്രദ്ധേയമാണ്. അതേസമയം 120 കിലോമീറ്റർ ദൂരമാണ് ഇവി നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ റേഞ്ച്. നാല് മണിക്കൂറിൽ കൂടുതൽ സമയത്തിനുള്ളിൽ EV പൂർണ്ണമായും റീചാർജ് ചെയ്യാൻ കഴിയും.
EaS-E മൈക്രോ കാർ ഏത് 15A ഔട്ട്‌ലെറ്റിൽ നിന്നും ചാർജ് ചെയ്യാം. കൂടാതെ ഇവി വാങ്ങുമ്പോൾ 3 kW എസി ചാർജറും കമ്പനി ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 13 bhp കരുത്തിൽ പരമാവധി 50 Nm torque വരെ വികസിപ്പിക്കാനും ഈ മൈക്രോ കാറിന് സാധിക്കും. അതേസമയം മണിക്കൂറിൽ 70 കിലോമീറ്ററിന്റെ പരമാവധി വേഗതയാണ് പിഎംവി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 5 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും മോഡലിന് സാധിക്കുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.

ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ എസ്‌യുവി, സെഡാൻ, ഹാച്ച്ബാക്ക് വിഭാഗങ്ങൾക്കൊപ്പം പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ (PMV) എന്ന പേരിൽ ഒരു പുതിയ വിഭാഗം സൃഷ്ടിക്കാൻ EaS-E ഇവി വഴിയൊരുക്കിയെന്നും എത്രയും വേഗം മൈക്രോ ഇലക്ട്രിക് കാറിനായുള്ള നിർമാണം ആരംഭിക്കുമെന്നും ഇവിയുടെ അവതരണ വേളയിൽ പിഎംവി ഇലക്ട്രിക്കിന്റെ സ്ഥാപകനും സിഇഒയുമായ കൽപിത് പട്ടേൽ പറഞ്ഞു.
പിഎംവി ഇലക്ട്രിക് അതിന്റെ പങ്കാളികളോടൊപ്പം പൂനെയിൽ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചയിലാണ് ഇപ്പോൾ. അടുത്ത വർഷം പകുതിയോടെ ഇവിയുടെ ഡെലിവറി ആരംഭിക്കാനും ഉപഭോക്താക്കൾക്കായി ടെസ്റ്റ് ഡ്രൈവുകൾ നടത്താനും ബ്രാൻഡ് ലക്ഷ്യമിടുന്നു. പിഎംവി Eas-E ഇലക്ട്രിക്കിന് നിലവിൽ ഇന്ത്യയിലെ ഇവി സെഗ്‌മെന്റിൽ ഇതുവരെ എതിരാളികളില്ല. എന്നാൽ അടുത്ത വർഷം ജനുവരി അഞ്ചിന് അരങ്ങേറ്റം കുറിക്കുന്ന എംജി മോട്ടോറിന്റെ വരാനിരിക്കുന്ന എയർ ഇവി ഇതിന് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.


Click it and Unblock the Notifications