ഒരു കാലത്ത് സൂപ്പർതാരമായിരുന്ന Duster കളമൊഴിയുന്നു; നിർമാണം അവസാനിപ്പിച്ചതായി Renault
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട മോഡലായിരുന്നു റെനോ ഡസ്റ്റർ. ഇന്ത്യയ്ക്ക് പരിചിതരല്ലായിരുന്ന റെനോ എന്ന ഫ്രഞ്ച് കമ്പനിയെ ആഭ്യന്തര വിപണിയിൽ പരിചയപ്പെടുത്തിയതും ഹിറ്റാക്കിയതും ഈ വാഹനമായിരുന്നു.

2012 മുതൽ ഇന്ത്യയിൽ സജീവമായ ഡസ്റ്റർ ഒരു പതിറ്റാണ്ടിനിപ്പുറം കളം ഒഴിയുകയാണ്. ഇന്ത്യയിലെ ആദ്യ തലമുറ ഡസ്റ്ററിന്റെ ഉത്പാദനം റെനോ അവസാനിപ്പിച്ചു. പത്താം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഐതിഹാസിക എസ്‌യുവി അരങ്ങൊഴിയുന്നത്.

കാര്യമായ പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കാതെ പോയതോടെ ആധുനിക എതിരാളികൾക്കിടയിൽ നിറംമങ്ങിപോയതാണ് ഡസ്റ്ററിന് ആവശ്യക്കാരില്ലാതെ പോയത്. 2021 ഒക്ടോബറോടെ വാഹനത്തിന്റെ ഉത്പാദനം നിർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴാണ് കമ്പനി നിർണായകമായ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

എന്നാൽ അടുത്ത വർഷം അതായത് 2023-ൽ പുതുതലമുറയിലേക്ക് ചേക്കേറി വാഹനം തിരികെയെത്തുമെന്നും ഫ്രഞ്ച് നിർമാതാക്കൾ സൂചന നൽകിയിട്ടുമുണ്ട്. 2012-ൽ പുറത്തിറങ്ങിയ റെനോ ഡസ്റ്റർ 3-4 വർഷത്തേക്ക് മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിനെ തീർത്തും ഭരിച്ചു. എന്നാൽ പിന്നീട് ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ലോഞ്ച് ചെയ്തതോടെ ഡസ്റ്റർ പതിയെ പിന്നിലേക്ക് മറഞ്ഞു.

അതിനുശേഷം സ്‌കോഡ, ഫോക്‌സ്‌വാഗൺ, എംജി തുടങ്ങിയ കാർ നിർമാതാക്കൾ അടുത്തിടെ തങ്ങളുടെ ആധുനിക ഓഫറുകളുമായി സെഗ്‌മെന്റിലേക്ക് പ്രവേശിച്ചതോടെ ആളുകൾ ഡസ്റ്റിനെ പൂർണമായും കൈയൊഴിഞ്ഞു. കാലഹരണപെട്ടതായി കണക്കാക്കിയ ഡസ്റ്ററിന് അതിന്റെ ആകർഷണീയത നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്.

ഇക്കാരണങ്ങളെല്ലാം രാജ്യത്ത് അതിന്റെ ഉത്പാദനം നിർത്താൻ കമ്പനി തീരുമാനിച്ചതിനു പിന്നിൽ പ്രവർത്തിച്ചിട്ടുമുണ്ട്. ആദ്യതലമുറ എസ്‌യുവി 9.86 ലക്ഷം മുതൽ 14.25 ലക്ഷം വരെയുള്ള എക്സ്ഷോറൂം വിലയിൽ സ്റ്റോക്കുകൾ നിലനിൽക്കുന്നിടത്തോളം ലഭ്യമാകുമെന്നും ഡീലർമാർ അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വരും വർഷങ്ങളിൽ മൂന്നാം തലമുറ ഡസ്റ്റർ അവതരിപ്പിക്കാൻ ഫ്രഞ്ച് വാഹന നിർമാതാവ് പദ്ധതിയിടുന്നുണ്ട്. രണ്ടാം തലമുറ റെനോ ഡസ്റ്റർ 2017-ൽ ആഗോള വിപണിയിൽ അവതരിപ്പിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇത് ഇന്ത്യയിൽ എത്താതിരുന്നത് കമ്പനിക്ക് ഏറെ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.

മറ്റ് ബജറ്റ് മോഡലുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന തിരക്കിനിടയിൽ ഇന്ത്യയിൽ എസ്‌യുവിക്ക് 2019-ൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മാത്രമാണ് റെനോ സമ്മാനിച്ചത്. തുടർന്ന് രാജ്യത്ത് 2020 ഏപ്രിലിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലിവിൽ വരുന്നതിനു മുന്നോടിയായി 2020 ഓഗസ്റ്റിൽ ടർബോ-പെട്രോൾ എഞ്ചിനും ഡസ്റ്ററിലേക്ക് ചേക്കേറിയെത്തി.

കമ്പനി അതിന്റെ രണ്ടാം തലമുറയെ ഒഴിവാക്കിയാണ് മൂന്നാം തലമുറ മോഡൽ ഇന്ത്യയിൽ കൊണ്ടുവരും. 2023 റെനോ ഡസ്റ്റർ നിസാൻ-മിത്സുബിഷി അലയൻസിന്റെ CMF-B പ്ലാറ്റ്‌ഫോമിലായിരിക്കും സജ്ജമാവുക. ഇത് ഇതിനകം സാൻഡെറോയിൽ ഫ്രഞ്ച് ബ്രാൻഡ് ഉപയോഗിച്ചിട്ടുമുണ്ട്. വാസ്തുവിദ്യ "വ്യത്യസ്‌ത വിപണികൾക്കും ലോകമെമ്പാടുമുള്ള ഉപഭോക്തൃ പ്രതീക്ഷകൾക്കും അനുയോജ്യമാണെന്നാണ്" അവകാശപ്പെടുന്നത്.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ എസ്‌യുവിയുടെ പുതുതലമുറ മോഡൽ പ്ലഗ്-ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയിൽ ലഭ്യമാക്കും. ഇവിടെ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനൊപ്പം പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുമായാകും ഡസ്റ്റർ വരികയെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഡസ്റ്ററിന് 7 സീറ്റ് കോൺഫിഗറേഷൻ നൽകാമെന്നാണ് അഭ്യൂഹവും. കാരണം ഈ സെഗ്മെന്റിലുള്ള എസ്‌യുവികൾക്കെല്ലാം വൻ ഡിമാന്റാണ് നിലവിലുള്ളത്. 2023 റെനോ ഡസ്റ്ററിന്റെ ഡിസൈനും സ്റ്റൈലിംഗും ബ്രാൻഡിന്റെ ഭാവി 7 സീറ്റർ എസ്‌യുവിയുടെ പ്രിവ്യൂ ചെയ്ത ഡാസിയ ബിഗ്‌സ്റ്റർ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാനാണ് സാധ്യത.

സംയോജിത എൽഇഡി ലൈറ്റുകൾ, ഡാസിയയുടെ സിഗ്നേച്ചർ വൈ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ലംബമായ എയർ ഇൻടേക്കുകളുള്ള വലിയ സെൻട്രൽ ഗ്രില്ലോടുകൂടിയ സ്‌ക്വയർ ഓഫ് ഫ്രണ്ട് ബമ്പർ, കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ്, മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ, വൈ ആകൃതിയിലുള്ള ടെയിൽലാമ്പുകൾ എന്നിവ ഈ ആശയത്തിന്റെ സവിശേഷതയാണ്.

നൂതന കണക്റ്റിവിറ്റി ഫീച്ചറുകളും കംഫർട്ട് ഗുഡികളും കൊണ്ട് നിറഞ്ഞതാണ് പുതിയ ഡസ്റ്റർ എന്നതും റെനോയ്ക്ക് കരുത്താകും. നിലവിൽ ബിഎസ്-VI കാലഘട്ടത്തിൽ പെട്രോൾ എഞ്ചിൻ മാത്രം ഉപയോഗിക്കുന്ന ഡസ്റ്ററിന് 1.5 ലിറ്റർ, 1.3 ലിറ്റർ ടർബോ-പെട്രോൾ എന്നിവയാണ് നൽകിയിരിക്കുന്നത്.

ആദ്യത്തെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 106 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ 1.3 ലിറ്റർ ടർബോ യൂണിറ്റ് 156 bhp പവറാണ് വാഗ്‌ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ രണ്ടിനും മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി ലഭിക്കുന്നു. എന്നാൽ ഓട്ടോമാറ്റിക് പ്രേമികൾക്കായി ടർബോ-പെട്രോളിൽ സിവിടി ഓപ്ഷനും കമ്പനി ഒരുക്കിയിട്ടുണ്ട്.

എന്നിരുന്നാലും ബിഎസ്-VI അപ്‌ഡേറ്റിൽ ഡസ്റ്ററിന് അതിന്റെ ഏറ്റവും സവിശേഷമായ ഓൾ-വീൽ ഡ്രൈവ് വേരിയന്റിനെ നഷ്‌ടപ്പെട്ടു. ഇത് വാഹനത്തിന്റെ വിൽപ്പനയിൽ വമ്പൻ നഷ്‌ടമാണ് വരുത്തിതീർത്തത്. പുതിയ എതിരാളികളായ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, സ്കോഡ കുഷാഖ് എന്നിവ പഴയ ഡസ്റ്ററിനേക്കാൾ നൂതനമായ ഇൻഫോടെയ്ൻമെന്റും സുരക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.

പുതിയ എംജി ആസ്റ്റർ എസ്‌യുവിയിൽ നിങ്ങൾക്ക് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ പോലും ലഭിക്കും. ഇവയെല്ലാമായി താരതമ്യപ്പെടുത്തുമ്പോൾ, താരതമ്യേന കുറഞ്ഞ വിലയ്ക്ക് പോലും ഡസ്റ്റർ കാലഹരണപ്പെട്ടതായി തോന്നുന്നു. അതിനാൽ പുതുതലമുറയിലേക്ക് കടക്കുമ്പോൾ പോരായ്‌മകളെല്ലാം റെനോ പരിഹരിച്ചേക്കാം.


Click it and Unblock the Notifications








