ചെറിയ മാറ്റങ്ങളോടെ പുതിയ 2022 മോഡൽ Renault Kwid വിപണിയിൽ; പ്രാരംഭ വില 4.49 ലക്ഷം രൂപ
ചെറുകാർ സെഗ്മെന്റിൽ വിപ്ലവം തീർത്ത റെനോ ക്വിഡിന്റെ പുതുക്കിയ 2022 മോഡൽ പുറത്തിറക്കി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മത്സരം വർധിക്കുന്ന സാഹചര്യത്തിലാണ് ക്വിഡിന് ഒരു പരിഷ്ക്കാരം നൽകാൻ റെനോ തീരുമാനിച്ചത്.

റെനോ ക്വിഡിന്റെ പുതിയ 2022 മോഡലിന് 4.49 ലക്ഷം രൂപയാണ് പ്രാരംഭവില. വിപണിയിലെ അഭികാമ്യമായ എൻട്രി ലെവൽ ഹാച്ച്ബാക്കുകളിലൊന്നാണ് ക്വിഡ് എന്നതിൽ തർക്കമൊന്നുമില്ല. പുത്തൻ പരിഷ്ക്കരണത്തിൽ വാഹനത്തിന് ഒരു RXL(O) വേരിയന്റും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ഇത് 1.0 ലിറ്റർ മാനുവൽ, 0.8 ലിറ്റർ എന്നീ രണ്ട് ഓപ്ഷനുകളിലും പുറത്തിറക്കിയിട്ടുണ്ട്. 2015-ൽ ഇന്ത്യയിലെത്തിയ റെനോ ക്വിഡ് നിലവിൽ നാല് ലക്ഷത്തിലധികം ഉപഭോക്താക്കളെ കണ്ടെത്തി ജൈത്രയാത്ര തുടരുകയാണ്. പുതിയ ആവർത്തനത്തിലും കൊച്ചുകാർ 1.0 ലിറ്റർ, 800 സിസി എഞ്ചിൻ ശേഷിയിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ തന്നെ ലഭ്യമാവും.

എന്നാൽ പുതിയ കളർ ഓപ്ഷനുകളും ടു-ടോൺ ഫ്ലെക്സ് വീലുകളും നേടുന്ന ക്ലൈംബർ ശ്രേണിയിൽ ഇത്തവണ വെളുത്ത ആക്‌സന്റുകളോടെയാണ് എക്‌സ്റ്റീരിയറും ഇന്റീരിയറും പൂർത്തിയാക്കിയിരിക്കുന്നത്. ഇത് പലർക്കും സ്വീകാര്യമായ നടപടിയായേക്കാം. കാരണം അത്തരം അധിക കളർ കോമ്പിനേഷനുകളുടെ അതിപ്രസരമില്ലാത്തത് കാറിന് മികച്ച രൂപം നൽകാൻ ഏറെ സഹായകരമാവും.

സിംഗിൾ-ടോൺ മൂൺലൈറ്റ് സിൽവർ, സാൻസ്‌കാർ ബ്ലൂ എന്നിവയ്‌ക്കൊപ്പം ഡ്യൂവൽ ടോൺ ഫിനിഷിൽ ബ്ലാക്ക് റൂഫുള്ള മെറ്റൽ മസ്റ്റാർഡ്, ഐസ് കൂൾ വൈറ്റ് എന്നിവയാണ് 2022 റെനോ ക്വിഡിലെ പുതിയ നിറങ്ങൾ. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും പുതിയ RXL (O) വേരിയന്റ് അവതരിപ്പിച്ചുകൊണ്ട് ഫ്രഞ്ച് നിർമാതാക്കൾ ക്വിഡിന്റെ ശ്രേണി വിപുലീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

ഹാച്ച്‌ബാക്കിന്റെ സ്‌റ്റൈലും ഇക്കോണമി ക്വാട്ടന്റും മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകൾ പുതിയ വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെനോ പറയുന്നു. സുരക്ഷയെ സംബന്ധിച്ചിടത്തോളം ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് വിതരണത്തോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ-സ്പീഡ് വാണിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ സൈഡ് പൈറോ, ലോഡ് ലിമിറ്ററോട് കൂടിയ പ്രീ ടെൻഷനുകൾ എന്നിവ പോർട്ട്‌ഫോളിയോയിലുടനീളം സ്റ്റാൻഡേർഡായി കമ്പനി ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നു.

98 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കമുള്ള ക്വിഡ് തമിഴ്‌നാട്ടിലെ റെനോ-നിസാൻ സഖ്യ ഫാക്ടറിയിലാണ് നിർമിക്കുന്നത്. എസ്‌യുവി പോലുള്ള സ്‌റ്റൈലിംഗ്, 184 മില്ലീമീറ്ററിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, എട്ട് ഇഞ്ച് സെഗ്‌മെന്റ്-ഫസ്റ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി എന്നിവയാണ് 2022 റെനോ ക്വിഡിലെ പ്രധാന ഹൈലൈറ്റുകൾ.

എൻട്രി ലെവൽ ഹാച്ച്ബാക്കിലെ MediaNav എവലൂഷൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ വോയ്‌സ് റെക്കഗ്നിഷനും വീഡിയോ പ്ലേബാക്കും പ്രാപ്‌തമാക്കുന്നുണ്ട്. ക്വിഡിന് ആകർഷകമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ടോപ്പ് എൻഡ് വേരിയന്റുകളിൽ മാർഗനിർദ്ദേശങ്ങളുള്ള റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ എന്നിവയാണ് റെനോ സമ്മാനിച്ചിരിക്കുന്നത്.

ക്വിഡിന്റെ 0.8 ലിറ്റർ വേരിയന്റ് 53 bhp പവറിൽ പരമാവധി 72 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ഓപ്ഷൻ ജോടിയാക്കിയിരിക്കുന്നത്. എഎംടി ഓട്ടോമാറ്റിക് ഇതിൽ ലഭ്യമല്ല. എന്നാൽ കാറിന്റെ 1.0 ലിറ്റർ പതിപ്പിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് എന്നിവ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

1.0 ലിറ്റർ എഞ്ചിനുള്ള റെനോ ക്വിഡ് 67 bhp കരുത്തിൽ 91 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എസ്-പ്രെസോ, മാരുതി ആൾട്ടോ 800, ഹ്യുണ്ടായി സാൻട്രോ എന്നീ മോഡലുകളുമായാണ് ക്വിഡിന്റെ പ്രധാന മത്സരം. ക്വിഡിന്റെ 0.8 ലിറ്റർ മൂന്ന്-സിലിണ്ടർ പെട്രോൾ എഞ്ചിന് 22.25 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്നും റെനോയുടെ അവകാശവാദമാണ്.

ക്വിഡിന് പരിപാലനച്ചെലവ് കിലോമീറ്ററിന് 35 പൈസ മാത്രമാണെന്നും രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയോടെയാണ് ഹാച്ച്ബാക്ക് വരുന്നതെന്നും ഉപഭോക്താക്കൾക്ക് ഇത് അഞ്ച് വർഷം വരെ നീട്ടാനുള്ള അവസരമുണ്ടെന്നും റെനോ പറയുന്നു.

റെനോയുടെ ഡീലർ നെറ്റ്‌വർക്കുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളായി 150-ലധികം പുതിയ കേന്ദ്രങ്ങൾ ചേർത്തതിനാൽ ഇന്ത്യയിലുടനീളമുള്ള 530 സെയിൽ സെന്റുറുകളും 530-ലധികം സർവീസ് ടച്ച് പോയിന്റുകളുമായി വിപുലീകരിക്കാനും ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായുള്ള റെനോ നിസാൻ അലയൻസ് പ്ലാന്റ് അടുത്തിടെ 3.50 ദശലക്ഷം എഞ്ചിൻ യൂണിറ്റുകളുടെ ഉത്പാദനവും അടുത്തിടെ പൂർത്തിയാക്കിയിരുന്നു. 2010-ൽ പ്രവർത്തനം ആരംഭിച്ച ഈ സംരംഭം ഇന്നുവരെ 23 ലക്ഷം എഞ്ചിനുകളും 12 ലക്ഷം ഗിയർബോക്സുകളുടെ നിർമാണവുമാണ് പൂർത്തീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications