Kushaq എസ്‌യുവിയുടെ മോണ്ടി കാലോ എഡിഷൻ ഒരുങ്ങി കഴിഞ്ഞു; അരങ്ങേറ്റം ഏപ്രിൽ പകുതിയോടെ
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹിറ്റായ കുഷാഖിന് മോണ്ടി കാർലോ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. സ്റ്റാൻഡേർഡ് മോഡലുകളെക്കാൾ അൽപം സ്പോർട്ടിയർ മാറ്റങ്ങളോടെയാകും മോണ്ടി കാർലോ വിൽപ്പനയ്ക്ക് എത്തുക.

2022 ഏപ്രിൽ രണ്ടാം പകുതിയോടെ കുഷാഖിന് മോണ്ടി കാർലോ എഡിഷൻ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കുഷാഖ് മോണ്ടെ കാർലോ മുമ്പത്തെ റാപ്പിഡ് മോണ്ടെ കാർലോ പതിപ്പ് പോലെ തന്നെ സവിശേഷമായ സ്പോർട്ടി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാകും വിപണിയിൽ എത്തുക. അതായത് പുതിയ മോഡൽ സവിശേഷമായ എക്സ്റ്റീരിയർ ഇന്റീരിയർ ബിറ്റുകളോടെ അണിനിരക്കുമെന്ന് സാരം.

എന്നാൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കുഷാഖിന്റെ ഈ സ്പെഷ്യൽ എഡിഷനിൽ ഉണ്ടാവില്ല. ആഗോളതലത്തിൽ സ്കോഡ മോണ്ടി കാർലോ മോഡലുകളിൽ കാണുന്ന മിക്കവാറും എല്ലാ കോസ്മെറ്റിക് വ്യത്യാസങ്ങളും കുഷാഖ് മോണ്ടി കാർലോ പിന്തുടരും. എസ്‌യുവിക്ക് പുറത്ത് ബ്ലാക്ക്ഡ് ഔട്ട് ട്രീറ്റ്‌മെന്റ് ലഭിക്കുന്നതായിരിക്കും ഏറ്റവും വലിയ നവീകരണങ്ങൾ.

സ്റ്റാൻഡേർഡ് കുഷാഖിലെ എല്ലാ ക്രോം ബിറ്റുകളും ക്രോം ബാഡ്‌ജിംഗും ഇപ്പോൾ കറുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ റെഡ്, വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ എസ്‌യുവിയുടെ മോണ്ടി കാർലോ എഡിഷൻ സ്കോഡ അവതരിപ്പിച്ചേക്കും. മുൻ തലമുറ ഒക്ടാവിയ RS 245-ന് സമാനമായ അലോയ് വീൽ രൂപകൽപ്പനയുള്ള 205/55 R17 ടയറുകളും കുഷാഖ് പരിചയപ്പെടുത്തും.

കൂടാതെ എല്ലാ മോണ്ടി കാർലോ യൂണിറ്റുകളിലും മുൻ ഫെൻഡറുകളിൽ പ്രമുഖ മോണ്ടി കാർലോ ബാഡ്‌ജിംഗ് ഉണ്ടായിരിക്കും. മറ്റ് കുഷാഖ് വേരിയന്റുകളിൽ കാണുന്ന അനലോഗ് യൂണിറ്റിന് പകരമായി പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും കുഷാഖ് മോണ്ടി കാർലോയിലെ പ്രധാന നവീകരണം. പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് സ്ലാവിയ സെഡാനിൽ ഉള്ളതിന് സമാനമായ സജ്ജീകരണം ഉണ്ടായിരിക്കും.

എന്നാൽ സ്കോഡ കുഷാഖിന്റെ മോണ്ടി കാർലോ തീമിന് അനുസൃതമായി ചുവപ്പ് ഗ്രാഫിക്സുമായാണ് വരുന്നത്. കൂടാതെ സീറ്റുകൾക്ക് പ്രമുഖ മോണ്ടി കാർലോ ബാഡ്‌ജിംഗോടുകൂടിയ ഡ്യുവൽ ടോൺ റെഡ്-ബ്ലാക്ക് അപ്‌ഹോൾസ്റ്ററി ലഭിക്കും. കൂടാതെ ഡാഷ്‌ബോർഡിലും നാല് ഡോറുകളിലും സെന്റർ കൺസോളിലും റെഡ് ആക്‌സന്റുകളുണ്ടാകും.

മറ്റ് ഉപകരണങ്ങളെ സംബന്ധിച്ചിടത്തോളം എസ്‌യുവിയുടെ മോണിടെ കാർലോയിലെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും കുഷാഖ് സ്റ്റൈലിന് സമാനമായ ഉപകരണ നിലവാരം ഉണ്ടായിരിക്കുമെന്നാണ് അനുമാനം. അതിൽ പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, ഹെഡ്‌ലാമ്പുകൾ (ഫോളോ മി ഹോം ഫീച്ചറിനൊപ്പം), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് സ്പീക്കർ എന്നിവ ഉൾപ്പെടുന്നു.

ഇതുകൂടാതെ സബ്‌വൂഫറോടുകൂടിയ മ്യൂസിക് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സ്കോഡ അണിനിരത്തും.

നേരത്തെ വാഹനം ഒരു പനോരമിക് സൺറൂഫുമായി വിപണിയിൽ എത്തുമെന്ന കിംവദന്തികൾക്ക് വിരുദ്ധമായി കുഷാഖ് മോണ്ടി കാർലോ മറ്റ് കുഷാഖ് വേരിയന്റുകൾക്ക് സമാനമായി സിംഗിൾ പാൻ സൺറൂഫിൽ തന്നെയാകും വിൽപ്പനയ്ക്ക് എത്തുക. അതേ 1.0 ലിറ്റർ അല്ലെങ്കിൽ 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ ഓപ്ഷനുകളിലാണ് കുഷാഖ് മോണ്ടി കാർലോയും തെരഞ്ഞെടുക്കാനാവുക.

കൂടാതെ 6 സ്പീഡ് മാനുവൽ ഗിയർബോക്സും സ്റ്റാൻഡേർഡായി ലഭിക്കും. ഓട്ടോമാറ്റിക് ഗിയർബോക്സുകളുടെ ഓപ്ഷൻ ചെറിയ ശേഷിയുള്ള എഞ്ചിനൊപ്പം 6 സ്പീഡ് ടോർഖ് കൺവെർട്ടറായിരിക്കും. വലിയ 1.5 യൂണിറ്റിൽ DSG എന്നുവിളിക്കുന് 7 സ്പീഡ് ഡ്യുവൽ ക്ലച്ച് യൂണിറ്റും സ്കോഡ വാഗ്‌ദാനം ചെയ്യും.

എഞ്ചിൻ വിശദാശങ്ങളിലേക്ക് നോക്കിയാൽ മിഡ്-സൈസ് എസ്‌യുവിയിലെ 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.5 ലിറ്റർ ടിഎസ്ഐ 150 bhp പവറിൽ 250 Nm torque വരെ നിർമിക്കും. ഇന്ധനക്ഷമത ഉറപ്പു വരുത്തുന്നതിനായി ടിഎസ്ഐ ഓപ്ഷനിൽ ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്.

നിലവിൽ മോഡൽ ആക്‌ടീവ്, അംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. 2020 വർഷം ജൂണിലാണ് എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ സ്കോഡ ഓട്ടോയിൽ നിന്നെത്തിയ ആദ്യത്തെ മോഡലായിരുന്നു ഇത്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി എസ്-ക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നീ വമ്പൻമാരുമായി ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവിയിൽ മല്ലടിക്കുന്ന സ്കോഡ കുഷാഖിന് 10.99 ലക്ഷം രൂപ മുതൽ 18.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ മോണ്ടി കാർലോ എഡിഷൻ എത്തുമ്പോൾ കുഷാഖ് ടോപ്പ്-എൻഡ് സ്റ്റൈൽ വേരിയന്റിനേക്കാൾ 80,000 മുതൽ 1,00,000 രൂപ വരെ വില കൂടുതലായിരിക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








