സ്ലാവിയ 1.0 ലിറ്റർ പതിപ്പ് ഫെബ്രുവരി 28-ന് വിപണിയിൽ എത്തും, പിന്നാലെ 1.5 ലിറ്റർ മോഡലും
വരാനിരിക്കുന്ന സ്ലാവിയ പ്രീമിയം സെഡാന്റെ ഔദ്യോഗിക അവതരണ തീയതി പ്രഖ്യാപിച്ച് സ്കോഡ ഓട്ടോ ഇന്ത്യ. ആദ്യം സ്ലാവിയ 1.0 ലിറ്റർ TSI പതിപ്പ് 2022 ഫെബ്രുവരി 28-ന് വിപണിയിൽ എത്തും.

അതേസമയം കാറിന്റെ 1.5 ലിറ്റർ TSI പതിപ്പ് ഈ വർഷം മാർച്ച് മൂന്നിനായിരിക്കും വിൽപ്പനയ്‌ക്കെത്തുക. രണ്ട് പതിപ്പുകൾക്കുമായി ടെസ്റ്റ് ഡ്രൈവുകളും ഡെലിവറികളും അതത് തീയതികളിൽ ആരംഭിക്കുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ലൈനപ്പിൽ സ്കോഡ സ്ലാവിയ റാപ്പിഡിന്റെ പകരക്കാരനായാണ് വിപണി അരങ്ങേറ്റം കുറിക്കുന്നതു തന്നെ.

വിലകൾ ഒഴികെയുള്ള എല്ലാ കാര്യങ്ങളും കമ്പനി ഇതിനോടകം വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. സ്‌കോഡ ഓട്ടോ ഇന്ത്യ ഡയറക്ടർ സാക് ഹോളിസ് ട്വിറ്ററിലൂടെയാണ് സ്ലാവിയയുടെ അവതരണ തീയതി സ്ഥിരീകരിച്ചത്. സ്കോഡ ചക്കൻ സൗകര്യത്തിൽ കഴിഞ്ഞ മാസം പുതിയ സ്ലാവിയയുടെ നിർമാണം ആരംഭിച്ചിരുന്നു.

മോഡൽ ഇതിനകം തന്നെ ഇന്ത്യയിൽ ഷോറൂമുകളിൽ പ്രദർശനത്തിനും എത്തിയിട്ടുണ്ട്. സ്കോഡയുടെ ഇന്ത്യ 2.0 പദ്ധതിക്ക് കീഴിലുള്ള രണ്ടാമത്തെ വാഹനമാകും ഈ സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ എത്തുന്ന മോഡൽ എന്നതും ശ്രദ്ധേയമാണ്. കുഷാഖ് മിഡ്-സൈസ് എസ്‌യുവി ഒരുക്കിയ അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ലാവിയയും.

എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, കൂടാതെ ഫീച്ചറുകൾ എന്നിവ ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും കുഷാഖുമായി പങ്കിടുന്നുവെന്നതും സെഡാൻ പ്രേമികളെ ആകർഷിക്കാൻ പ്രാപ്‌തമാണ്. ഒക്ടാവിയ, സൂപ്പർബ് എന്നിവയുൾപ്പെടെ സ്കോഡയിൽ നിന്നുള്ള വലിയ സെഡാനുകളെ അനുകരിക്കുന്നതാണ് സ്ലാവിയയിലെ ഡിസൈൻ ഭാഷ്യം.

എന്നാൽ സ്‌കോഡ സ്ലാവിയയുടെ വില നിർണായമായിരിക്കും ഏറ്റവും ആകാംക്ഷ നിറഞ്ഞ കാര്യം. ആക്രമണാത്മകമായി നിശ്ചയിക്കാൻ കഴിഞ്ഞാൽ സെഗ്മെന്റിലെ എതിരാളികളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ വമ്പൻമാരെ കടത്തിവെട്ടാൻ സ്ലാവിയ പ്രാപ്‌തമാകും.

മിക്കവാറും ഇന്ത്യയിലെ ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഓഫറായിരിക്കും ഈ സെഡാൻ. കൂടാതെ വർഷാവസാനം എത്തുന്ന ഫോക്‌സ്‌വാഗനിൽ നിന്നുള്ള വെന്റോ പകരക്കാരനും സ്ലാവിയയ്ക്ക് എതിരാളിയാകും. ഇടത്തരം സെഡാൻ സെഗ്‌മെന്റിലെ ഏറ്റവും മികച്ച സജ്ജീകരണങ്ങളുള്ള ഓഫറുകളിലൊന്നായി സ്ലാവിയയെ മാറ്റാനാണ് സ്കോഡ പണിയെടുത്തിരിക്കുന്നത്.

അതിനാൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട് ഉള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞതായിരിക്കും പുതുപുത്തൻ സെഡാൻ.

സ്കോഡയുടെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു മേഖലയാണ് സ്ലാവിയയുടെ സുരക്ഷ. സെഡാന്റെ ടോപ്പ് എൻഡ് മോഡലിന് ആറ് എയർബാഗുകൾ, ESC, ഒരു ഇലക്ട്രോണിക് ഡിഫറൻഷ്യൽ സിസ്റ്റം (EDS), ഹിൽ-ഹോൾഡ് കൺട്രോൾ (ഓപ്ഷണൽ), റിയർ പാർക്കിംഗ് ക്യാമറ എന്നിവയെല്ലാം ലഭിക്കുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പറഞ്ഞിരിക്കുന്നത്.

ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വേരിയന്റുകളിലാകും സ്കോഡ സ്ലാവിയ വിപണിയിൽ എത്തുക. പുതിയ സെഡാനിൽ രണ്ട് ടർബോ-പെട്രോൾ എഞ്ചിനുകളുടെ സാന്നിധ്യവും ഉണ്ടായിരിക്കും. ആദ്യത്തേത് 115 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ യൂണിറ്റാണ്.

രണ്ടാമത്തേത് 150 bhp പവറിൽ 250 Nm torque വികസിപ്പിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ആയിരിക്കും. സ്‌കോഡയുടെ കുഷാഖ് എസ്‌യുവിയിൽ ലഭ്യമായ അതേ എഞ്ചിനുകളാണിവ എന്നത് എടുത്തുപറയേണ്ടതാണ്. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കും.

അതേസമയം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ 1.0 TSI പതിപ്പിന് 6 സ്പീഡ് ടോർഖ് കൺവെർട്ടറും 1.5 TSI വേരിയന്റിന് 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് യൂണിറ്റുമായിരിക്കും കമ്പനി സമ്മാനിക്കുക. സ്ലാവിയയ്ക്ക് 4541 മില്ലീമീറ്റർ നീളവും, 1752 മില്ലീമീറ്റർ വീതിയും, 1487 മില്ലീമീറ്റർ ഉയരവും 2,651 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

അതായത് വലിപ്പത്തിന്റെ കാര്യത്തിൽ തികച്ചും സമ്പന്നമായിരിക്കും പ്രീമിയം സെഡാനെന്ന് സാരം. ഡിസൈനിലേക്ക് നോക്കിയാൽ ക്രോം ആക്സന്റുകളാല്‍ ചുറ്റപ്പെട്ട ഒരു ബട്ടര്‍ഫ്‌ലൈ ഫ്രണ്ട് ഗ്രില്ലായിരിക്കും കാറിന്റെ മുന്നിലെ പ്രധാന ആകർഷണം.

അതോടൊപ്പം റിസീവ് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്ന ഷാര്‍പ്പായിട്ടുള്ള ബമ്പര്‍ ഡിസൈന്‍ എന്നിവയാണ് സ്ലാവിയയുടെ മുൻവശത്തെ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകള്‍.

മെഷീന്‍ കട്ട് അലോയ് വീലുകളിലും സ്പോര്‍ട് ക്രിസ്റ്റലിന്‍ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളിലും ടെയില്‍ ഗേറ്റില്‍ സ്‌കോഡ സ്ലാവിയ ബാഡ്ജിംഗും വാഹനത്തിന് പൂർണ രൂപം സമ്മാനിക്കുന്നു. 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് പുതിയ സ്കോഡ സ്ലാവിയയ്ക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








