2 എയർബാഗുകളുമായി വന്ന Kushaq സ്റ്റൈൽ വേരിയന്റ് നിർത്തലാക്കി Skdoa; കാരണം ഇതാണ്
വികസിച്ചുകൊണ്ടിരിക്കുന്ന വിപണി ആവശ്യങ്ങൾക്കൊപ്പം മികച്ച ഫിറ്റ് ഉറപ്പാക്കാൻ, വിവിധ വേരിയന്റ് നിരയിലുനീളമായി സവിശേഷതകളെല്ലാം പതിവായി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് വാഹന നിർമാതാക്കൾ.

ആഗോള വിതരണ ശൃംഖലയെ കൊവിഡ്-19 ആഴത്തിൽ ബാധിച്ചിരിക്കുന്ന സമീപകാലത്ത് കമ്പനികളുടെ ഈ സമീപനം കൂടുതൽ പ്രാധാന്യമർഹിക്കുന്നുമുണ്ട്. ഒരു സന്തുലിത പ്രവർത്തനമാണ് ബ്രാൻഡ് ഇപ്പോൾ നടത്തിവരുന്നത്. വിൽപ്പനയിലും ഡെലിവറിയിലും അതുപോലെ തന്നെ താഴെത്തട്ടിലും കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

2022-ൽ കുഷാഖ് സ്റ്റൈൽ ടോപ്പ് വേരിയന്റ് 6 എയർബാഗുകൾക്കൊപ്പം മാത്രമേ ലഭ്യമാകൂ എന്ന് സ്‌കോഡ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണിപ്പോൾ. ഉപഭോക്താക്കൾക്ക് ഏകദേശം 70,000 രൂപ അധികം നൽകേണ്ടിവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആക്ടീവ്, ആംബിഷൻ വേരിയന്റുകളിൽ രണ്ട് എയർബാഗുകൾ നൽകുന്നത് തുടരും.

മിഡ്-സൈസ് എസ്‌യുവിയുടെ സ്റ്റൈൽ പതിപ്പിൽ രണ്ട് എയർബാഗ് നൽകുന്ന വേരിയന്റ് 2022-ൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് നിർത്തലാക്കുകയും ചെയ്തു. ഡ്രൈവർ, പാസഞ്ചർ ഫ്രണ്ട് എയർബാഗുകൾ കൂടാതെ, സ്റ്റൈൽ മോഡലിൽ കർട്ടൻ എയർബാഗുകളും മുൻവശത്തെ എയർബാഗുകളും ഉണ്ട്. സൈഡ് കൂട്ടിയിടിച്ചാൽ ഡ്രൈവറുടെയും യാത്രക്കാരുടെയും നെഞ്ചും ഇടുപ്പും സംരക്ഷിക്കുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നു.

സ്‌കോഡയുടെ ഈ തീരുമാനം കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഒരു സജീവമായ നീക്കം കൂടിയാണ്. 8 യാത്രക്കാർക്ക് ഇരിക്കാവുന്ന എല്ലാ കാറുകൾക്കും 6 എയർബാഗുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്.

പൊതുജനങ്ങളുൾപ്പെടെ വിവിധ തല്പരകക്ഷികളിൽ നിന്ന് അഭിപ്രായങ്ങളും താത്പര്യങ്ങളും ചോദിച്ച് ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം നേരത്തെ തന്നെ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ എല്ലാ കാറുകൾക്കും 6 എയർബാഗുകൾ നിർബന്ധമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഈ വർഷാവസാനമായിരിക്കും പുറപ്പെടുവിക്കുക.

നിലവിൽ എല്ലാ കാറുകളിലും ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ നിർബന്ധമാണ്. ഇന്ത്യയിലെ നിരവധി കാറുകൾക്ക് ഇതിനകം 6 എയർബാഗുകൾ പ്രാവർത്തികമാക്കിയിട്ടുമുണ്ട്. എന്നാൽ മിക്ക കേസുകളിലും ടോപ്പ്-എൻഡ് വേരിയന്റുകളിൽ മാത്രമാണ് ഇത് ലഭ്യമാവുക. പുതിയ 6 എയർബാഗ് നിയമം വരുമ്പോൾ സാഹചര്യം വ്യത്യസ്തമായിരിക്കും.

കാരണം ഇത് എല്ലാ വകഭേദങ്ങൾക്കും ട്രിം ലെവലുകൾക്കും നിർബന്ധിതമായി 6 എയർബാഗുകൾ വാഗ്‌ദാനം ചെയ്യേണ്ടത് ബാധകമാകും. കരട് അന്തിമമായാൽ ഇന്ത്യയിലെ കാറുകൾക്ക് കൂടുതൽ സുരക്ഷ ലഭിക്കും. എന്നിരുന്നാലും ഒരു കാർ വാങ്ങാൻ ഉപഭോക്താക്കൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമെന്നത് നേരുതന്നെയാണ്.

സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമം മൂലം ഈ വർഷം ജനുവരിയിൽ സ്‌കോഡ കുഷാഖിനും ഫോക്‌സ്‌വാഗൺ ടൈഗൂണിനുമായി ഓട്ടോ-ഫോൾഡ് ഒആർവിഎം ഫീച്ചർ നിർത്തലാക്കിയിരുന്നു. ഓട്ടോ-ഫോൾഡ് ORVM-കളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക ഘടകത്തിന്റെ കുറവ് മൂലമാണിത്. കുഷാഖിന്റെ കാര്യത്തിൽ ടോപ്പ്-എൻഡ് വേരിയന്റുകൾക്കൊപ്പം ഓട്ടോ-ഫോൾഡ് ORVM ഫീച്ചർ ലഭ്യമായിരുന്നു.

നിലവിൽ കുഷാഖ് അല്ലെങ്കിൽ ടൈഗൂൺ വാങ്ങുന്ന ആർക്കും സ്വമേധയാ മടക്കാവുന്ന മിററുകളായിരിക്കും ലഭിക്കുക. ഇതിനുള്ള നഷ്ടപരിഹാരമായി സ്കോഡ എല്ലാ പുതിയ കുഷാഖ് സ്റ്റൈൽ വേരിയന്റ് വാങ്ങുന്നവർക്കും 15,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. പാർട്‌സുകൾ വീണ്ടും ലഭ്യമാകുമ്പോൾ ഉപഭോക്താക്കൾക്ക് 15,000 രൂപ അടച്ച് ഓട്ടോഫോൾഡ് ORVM-കളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.

എന്നിരുന്നാലും, ഈ പാർട്‌സുകൾ എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല. ടൈഗൂണിനും സമാനമായ ഓഫർ ലഭിക്കുമോ എന്ന് കണ്ടറിയണം. ഒട്ടുമിക്ക മിഡ്-സൈസ് എസ്‌യുവികളുടെയും ടോപ്പ്-എൻഡ് വേരിയന്റുകളിലെ ഒരു സ്റ്റാൻഡേർഡ് ഫീച്ചറാണ് ഓട്ടോ-ഫോൾഡ് ORVM. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ ഭീമൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിൽ ഇതിനോടകം 20,000 ബുക്കിംഗുകളുംകടന്ന് കുതിക്കുകയാണ് കുഷാഖ്.

2020 വർഷം ജൂണിലാണ് എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ സ്കോഡ ഓട്ടോയിൽ നിന്നെത്തിയ ആദ്യത്തെ മോഡലും കുഷാഖാണെന്ന പ്രത്യേകതയുമുണ്ട്. 10.99 ലക്ഷം രൂപ മുതൽ 18.19 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

സ്കോഡ കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റുകളിൽ 1.0 ലിറ്റർ, 3 സിലിണ്ടർ ടിഎസ്ഐ യൂണിറ്റാണ് ലഭ്യമാവുക. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകളിൽ 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐ എഞ്ചിനും ഉപഭോക്താക്കൾക്ക് ലഭിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയും ചെക്ക് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഉയർന്ന ഇന്ധനക്ഷമത നൽകുന്നതിനായി രണ്ട് എഞ്ചിനുകളിലും ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയും സ്കോഡ ഒരുക്കിയിട്ടുണ്ട്. വേഗത കുറഞ്ഞ സമയങ്ങളിൽ ഇസിയു ഇന്ധനം ലാഭിക്കാൻ എഞ്ചിന്റെ രണ്ട് സിലിണ്ടറുകൾ സ്വമേധയ പ്രവർത്തന രഹിതമാവുന്ന സജ്ജീകരണമാണിത്.


Click it and Unblock the Notifications








