ഹോണ്ട സിറ്റിയുടെ നെഞ്ചിൽ തീ, Slavia സെഡാന്റെ 1.5 ടിഎസ്ഐ പതിപ്പും വിപണിയിൽ, വില 16.19 ലക്ഷം രൂപ മുതൽ
ഇടത്തരം സെഡനായ സ്ലാവിയയുടെ 1.0 ടിഎസ്ഐ വകഭേദത്തിന് പിന്നാലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ച മോഡലിനെയും വിപണിയിൽ അവതരിപ്പിച്ച് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ.

മോഡലിന്റെ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ പതിപ്പിന്റെ വില 16.19 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില 17.79 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 1.0 ലിറ്റ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ച സ്ലാവിയയുടെ മോഡലുകൾക്ക് 10.69 ലക്ഷം രൂപ മുതൽ 15.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

എതിരാളികൾ ഇനി മുതൽ വിയർപ്പൊഴുക്കേണ്ടി വരുമെന്ന ഉറപ്പാണ് പുതിയ മോഡലിന്റെ അവതരണത്തോടെ സ്കോഡ പറഞ്ഞുവെക്കുന്നത്. ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള സ്‌കോഡയിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് സ്ലാവിയ എന്നതും ശ്രദ്ധേയമാണ്. കുഷാഖ് മിഡ്-സൈസ് എസ്‌യുവി, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിങ്ങനെ 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണമുള്ള അതേ MQB A0 IN പ്ലാറ്റ്ഫോമിലാണ് സ്ലാവിയയും നിർമിച്ചിരിക്കുന്നത്.

സ്കോഡ സ്ലാവിയയ്ക്ക് വിർചസ് എന്ന പേരിൽ ഒരു ഫോക്‌സ്‌വാഗൺ ഇരട്ടസഹോദരൻ കൂടിയുണ്ടാകും. കുഷാഖ്, ടൈഗൂൺ മോഡലുകളെ പോലെ തന്നെ ഇവ രണ്ടിനും ധാരാളം സാമ്യതകൾ ഉണ്ടായിരിക്കും. മാത്രമല്ല വിപണി ലോഞ്ചിന് മുന്നോടിയായി 2022 മെയ് മാസത്തിൽ ഇത് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഫോക്‌സ്‌വാഗൺ അറിയിച്ചിരിക്കുന്നത്.

ആക്ടീവ്, ആമ്പിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്ലാവിയ വിപണിയിൽ എത്തുന്നത്. നിരവധി സാങ്കേതിക, സുരക്ഷാ സംവിധാനങ്ങളുമായെത്തുന്ന മിഡ്-സൈസ് പ്രീമിയം സെഡാൻ രാജ്യത്തെ എസ്‌യുവി മോഡലുകൾക്കിടയിൽ വേണ്ടത്ര ഓളമുണ്ടാക്കുമെന്നാണ് യൂറോപ്യൻ കമ്പനിയായ സ്കോഡയുടെ പ്രതീക്ഷ. അതിനു പോന്ന എല്ലാ ഫീച്ചറുകളും എഞ്ചിൻ കരുത്തും വാഹനത്തിനുണ്ടു താനും.

എന്നാൽ കമ്പനി 1.5 ലിറ്റർ സ്ലാവിയയെ ഒരു ഫുള്ളി-ലോഡഡ് സ്റ്റൈൽ വേരിയന്റിലാണ് കൊണ്ടുവരുന്നത്. അതായത് 1.5 ടിഎസ്ഐ സ്വന്തമാക്കണേൽ സ്റ്റൈൽ വകഭേദം തന്നെ തെരഞ്ഞെടുക്കേണ്ടി വരുമെന്ന് സാരം. സ്ലാവിയയുടെ മൊത്തത്തിലുള്ള വിലകൾ ഇപ്പോൾ 10.59 മുതൽ 17.79 ലക്ഷം രൂപ വരെയാണ്.
| Skoda Slavia 1.0-litre TSI | |
| Variant | Price |
| Active MT | ₹10.69 Lakh |
| Ambition MT | ₹12.39 Lakh |
| Ambition AT | ₹13.59 Lakh |
| Style MT without sunroof | ₹13.59 Lakh |
| Style MT with sunroof | ₹13.99 Lakh |
| Style AT with sunroof | ₹15.39 Lakh |
| Skoda Slavia 1.5-litre TSI | |
| Variant | Price |
| Style MT with sunroof | ₹16.19 Lakh |
| Style AT with sunroof | ₹17.79 Lakh |

ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരെയാണ് രാജ്യത്തെ ഇടത്തരം സെഡാൻ സെഗ്‌മെന്റിൽ സ്‌കോഡ സ്ലാവിയയുടെ മത്സരം. കൂടാതെ രണ്ട് പെട്രോൾ എഞ്ചിനുകളുടെ വിപുലമായ ശ്രേണിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും എതിരാളികൾക്ക് മുകളിലുള്ള സ്കോഡയുടെ ആധിപത്യം തെളിയിക്കും.

എന്നാൽ സിറ്റി, വേർണ എന്നിവയിൽ നിന്ന് വ്യത്യസ്തമായി സ്ലാവിയ ഡീസൽ എഞ്ചിനുമായി വരുന്നില്ല എന്നത് ഒരു പോരായ്‌മയായി പലരും ചൂണ്ടികാട്ടിയേക്കാം. എന്നിരുന്നാലും പുതുതായി പുറത്തിറക്കിയ 1.5 ലിറ്റർ നാല് സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ എഞ്ചിനാണെന്നത് സ്കോഡയ്ക്ക് അവകാശപ്പെടാനാവുന്ന സംഗതിയാണ്.

ഇത് പരമാവധി 150 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ 1.5 ലിറ്റർ നാല് സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ കാർ എന്ന നിലയിൽ സ്ലാവിയ 8.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. മാത്രമല്ല, വലിപ്പത്തിന്റെ കാര്യത്തിലും സ്ലാവിയ എതിരാളികളേക്കാൾ സമ്പന്നമാണ്. പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ കാർ എന്ന വിശേഷണം കൂടാതെ ഏറ്റവും നീളമേറിയ വീൽബേസും സ്കോഡയുടെ ഈ പുതുപുത്തൻ മോഡലിന് അവകാശപ്പെടാനുള്ളതാണ്.

മേൻമകൾ ഇവിടെ തീരുന്നില്ല, 521 ലിറ്ററിന്റെ ബൂട്ട്‌സ്‌പേസ് കപ്പാസിറ്റി ഏറ്റവും വലിയ ബൂട്ട് വോളിയമുള്ള കാറാക്കിയും സ്കോഡ സ്ലാവിയയെ മാറ്റുന്നുണ്ട്. ഇന്റീരിയർ തികച്ചും വിശാലമാണെന്ന് പുറംകാഴ്ച്ചയിൽ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. എഞ്ചിൻ വിശദാംശങ്ങളിൽ ചെറിയ ശേഷിയുള്ള 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ ടിഎസ്ഐ പെട്രോൾ പതിപ്പ് 110 bhp കരുത്തിൽ പരമാവധി 175 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷയുള്ളതാണ്.

സ്കോഡ സ്ലാവിയയുടെ ഈ പതിപ്പിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം കമ്പനി അണിനിരത്തുന്നുണ്ട്.

കൂടാതെ ആറ് എയർബാഗുകൾ, വയർലെസ് ചാർജിംഗ് പാഡ്, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സ്കോഡ സ്ലാവിയ വാഗ്ദാനം ചെയ്യുന്നു.

ലെതറെറ്റ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം), ESC (ഇലക്‌ട്രോണിക് സ്ഥിരത നിയന്ത്രണം), EDS (ഇലക്‌ട്രോണിക് ഡിഫറൻഷ്യൽ സിസ്റ്റം) തുടങ്ങിയവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.


Click it and Unblock the Notifications








