ഇലക്‌ട്രിക് നിരയും കീഴടക്കാൻ Skoda, Enyaq iV ഇവി അടുത്ത വർഷം ഇന്ത്യയിൽ എത്തിയേക്കും
ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ ഇന്ത്യൻ വിപണിയിലെ ശക്തമായ വളർച്ചയുടെ വേഗത നിലനിർത്താൻ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുകയാണിപ്പോൾ. വരുന്ന 12 മാസത്തിനുള്ളിൽ കുറഞ്ഞത് 3-5 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതികൾ.
2025-ഓടെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഒരു പുതിയ കോംപാക്‌ട് എസ്‌യുവി ഇപ്പോൾ സ്കോഡ വികസിപ്പിക്കുന്നുണ്ട്. ഇതിനു മുമ്പ്, ആഗോളതലത്തിൽ ജനപ്രിയമായ എന്യാക് ഇവി, പുതിയ സൂപ്പർബ് സെഡാൻ, ലിമിറ്റഡ് എഡിഷൻ ഒക്ടാവിയ RS iV എന്നിവ പുറത്തിറക്കാൻ സ്‌കോഡ തയാറെടുക്കുകയാണ്.

ഇന്ത്യയിലെ ബജറ്റ് കാർ വിഭാഗത്തിൽ ഒരുപാട് ഇലക്‌ട്രിക് കാറുകൾ ഒന്നുമില്ലെങ്കിലും പ്രീമിയം, ലക്ഷ്വറി വിഭാഗത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. അതിൽ മിക്കവയും ഇംപോർട്ടഡ് യൂണിറ്റുകളാണെങ്കിലും അധികവില കൊടുത്ത് ഇവയെല്ലാം സ്വന്തമാക്കാൻ ആളുകൾ എത്തുന്നുണ്ടെന്നതാണ് കൗതുകമുണർത്തുന്ന കാര്യം. അതിനാൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡയും രാജ്യത്തെ പ്രീമിയം ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ നീക്കങ്ങളാരംഭിച്ചു കഴിഞ്ഞു.
എന്യാക് iV-യിലൂടെ രാജ്യത്തെ ഇലക്ട്രിക് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. കമ്പനി ഇതിനകം തന്നെ ടെസ്റ്റിംഗ് ആവശ്യങ്ങൾക്കായി വാഹനം ഇറക്കുമതി ചെയ്തിട്ടുണ്ട്. അടുത്ത വർഷം തുടക്കത്തിൽ ഇത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 125kW വരെ DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 77kWh ബാറ്ററി പായ്ക്കിനൊപ്പം വരുന്ന ടോപ്പ് എൻഡ് എന്യാക് iV 80X വേരിയന്റിനെയാവും സ്കോഡ ഇന്ത്യയിൽ കൊണ്ടുവരികയെന്നാണ് സൂചന.

AWD (ഓൾ-വീൽ-ഡ്രൈവ്) സജ്ജീകരണവും 265 bhp കരുത്തോളം ഇത്പാദിപ്പിക്കുന്ന ഇരട്ട മോട്ടോറുകളോടെയാണ് സ്കോഡ വിപണിയിലേക്ക് ഇറങ്ങുക. വെറും 6.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും സ്കോഡ എന്യാക് iV 80X പ്രാപ്‌തമായിരിക്കും. മോഡലിന് 513 കിലോമീറ്റർ വരെ WLTP റേറ്റുചെയ്ത റേഞ്ചുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. അത് ഇതിന്റെ സെഗ്‌മെന്റിലെ ഏറ്റവും റേഞ്ച് നൽകുന്ന വാഹനമാക്കി മാറ്റിയേക്കും.
19 ഇഞ്ച് പ്രോട്ടിയസ് അലോയ് വീലുകൾ, 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, തുകൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ലെതർ, മൈക്രോ ഫൈബർ ഫാബ്രിക് എന്നിവയുടെ മിശ്രിതമുള്ള അപ്‌ഹോൾസ്റ്ററി എന്നിവ സ്‌കോഡ എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ പ്രധാന സവിശേഷതകളായിരിക്കും. കുറഞ്ഞ പ്രാരംഭ വിലയിൽ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നതിനായി ലോവർ വേരിയന്റും, ടു വീൽ ഡ്രൈവ് മോഡലും സ്കോഡയ്ക്ക് വാഗ്ദാനം ചെയ്യാൻ കഴിയും.

ഫോക്‌സ്‌വാഗൺ ID4, ഔഡി Q4 ഇ-ട്രോൺ ക്രോസ്ഓവറുകൾ എന്നിവയ്ക്ക് അടിവരയിടുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MEB ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‌കോഡ എന്യാക് iV. പ്ലാറ്റ്‌ഫോം സിംഗിൾ-മോട്ടോർ, RWD, ഡ്യുവൽ-മോട്ടോർ AWD സജ്ജീകരണങ്ങളുമായി വാഹനം പൊരുത്തപ്പെടുന്നുമുണ്ട്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സ്‌കോഡ ഇലക്ട്രിക് പ്രീമിയം എസ്‌യുവിക്ക് 4,648 mm നീളവും 1879 mm വീതിയും 1,616 mm ഉയരവും 2,765 mm വീൽബേസുമുണ്ട്.
സ്‌കോഡ ഓട്ടോയുടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറുന്നതോടെ, 2023-ൽ നിലവിലെ മോഡലുകളുടെ പുത്തൻ പതിപ്പുകളും മറ്റ് ലോഞ്ചുകളുടെയും നേതൃത്വത്തിൽ ശക്തമായ വളർച്ചാ വേഗത നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്ലാവിയ സെഡാന്റെയും കുഷാഖ് എസ്‌യുവിയുടെയും 50,000 യൂണിറ്റുകളുടെ വിൽപ്പനയോടെ 2022 അവസാനിക്കാനാണ് സ്കോഡയുടെ നിലവിലെ നീക്കം.


Click it and Unblock the Notifications








