ഈ കാര്യത്തിലും മോശമാക്കാതെ പുത്തൻ Slavia, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Skoda
ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയിൽ നിന്ന് പുതുതായി പുറത്തിറക്കിയ മിഡ്-സൈസ് സെഡാനായ സ്ലാവിയ വിപണിയിൽ ഏറെ സ്വീകാര്യത നേടി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. 10.69 ലക്ഷം മുതൽ 17.79 ലക്ഷം രൂപ വരെയുള്ള വില നിർണയവും ഉപഭോക്താക്കളിൽ നിന്നും ഏറെ സ്വീകാര്യതയും നേടുന്നുണ്ട്.

രണ്ട് എഞ്ചിൻ കോമ്പിനേഷനിലും മൂന്ന് ഗിയർബോക്‌സ് ഓപ്ഷനിലുമായി അവതരിപ്പിച്ചിരിക്കുന്ന സ്ലാവിയ എട്ട് വേരിയന്റുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലെത്തുന്ന മോഡലിന്റെ മൈലേജ് വിശദാംശങ്ങളും സ്കോഡ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉള്ള സ്ലാവിയയുടെ ചെറിയ ശേഷിയുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ വകഭേദങ്ങൾ യഥാക്രമം 19.47 കിലോമീറ്റർ, 18.07 കിലോമീറ്റർ എന്നിങ്ങനെയാണ് വാഗ്‌ദാനം ചെയ്യുന്ന ഇന്ധനക്ഷമതയെന്ന് സ്കോഡ അവകാശപ്പെടുന്നു.

സ്കോഡ സ്ലാവിയയുടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ വേരിയന്റ് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് 18.72 കിലോമീറ്റർ മൈലേജും 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഓപ്ഷനിൽ 18.41 കിലോമീറ്റർ മൈലേജും നൽകുമെന്നാണ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ അവകാശവാദം. യഥാർഥ റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് ഇന്ധനക്ഷമതയിൽ അൽപം കുറവുണ്ടാകുമെന്ന വസ്‌തുതയും ഏവരും ഓർമിക്കേണ്ടതാണ്.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കനത്ത പ്രാദേശികവൽക്കരിച്ച MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ സ്ലാവിയ സെഡാൻ നിർമിച്ചിരിക്കുന്നത്. അത് കുഷാഖ്, ടൈഗൂൺ മിഡ്-സൈസ് എസ്‌യുവികൾക്ക് അടിവരയിടുന്നു. സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസാണ് സ്ലാവിയയുടെ മറ്റൊരു പ്രത്യേകത.

2651 മില്ലീമീറ്റർ വീൽബേസുള്ള സ്കോഡയുടെ പുതിയ പ്രീമിയം സെഡാന് മൊത്തത്തിൽ 4541 മില്ലീമീറ്റർ നീളവും 1752 മില്ലീമീറ്റർ വീതിയും 1487 മില്ലീമീറ്റർ ഉയരവും 179 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. അതേസമയം ബൂട്ട് സ്പേസ് 520 ലിറ്ററാണ്. ഏറെ പ്രിയങ്കരമായിരുന്ന റാപ്പിഡിന്റെ പകരക്കാരനായാണ് ഈ മിടുക്കൻ വിപണിയിൽ എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

എല്ലാത്തരം ആധുനിക സവിശേഷതകളും കോർത്തിണക്കി രൂപപ്പെടുത്തിയിരിക്കുന്ന സ്കോഡ സ്ലാവിയയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, കണക്റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, റിയർ എസി വെന്റുകൾ, വയർലെസ് ചാർജർ, റിയർ സെന്റർ ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ റേഞ്ച് ടോപ്പിംഗ് സ്റ്റൈൽ വേരിയന്റിനായി കമ്പനി നീക്കിവച്ചിരിക്കുകയാണ്.

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് ഇന്റീരിയർ തീം എന്നിവയും പുത്തൻ സ്ലാവിയ സെഡാന് ലഭിക്കുന്നുണ്ട്. കാറിന്റെ സുരക്ഷാ സവിശേഷതകളിലക്ക് നോക്കിയാൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഒരു ടയർ പ്രഷർ മോണിറ്റർ, ഒരു ഇലക്ട്രോണിക് ഡിഫറൻഷ്യൽ സിസ്റ്റം (EDS) എന്നിവ ഉൾപ്പെടുന്നു.

ബ്രില്യന്റ് സിൽവർ, കാർബൺ സ്റ്റീൽ, ക്രിസ്റ്റൽ ബ്ലൂ, ടൊർണാഡോ റെഡ്, കാൻഡി വൈറ്റ് എന്നീ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ സ്കോഡ സ്ലാവിയ സ്വന്തമാക്കാം. ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ സ്ലാവിയയ്ക്ക് ക്രോം ചുറ്റുപാടുകളുള്ള സ്കോഡ സിഗ്നേച്ചർ ഷഡ്ഭുജ ഗ്രിൽ, എൽ ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, C ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയുണ്ട്.

സ്ലാവിയ അതിന്റെ എഞ്ചിൻ കുഷാഖ് എസ്‌യുവിയിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. ഇതിൽ 1.0 ലിറ്റർ TSI പരമാവധി 113 bhp കരുത്തിൽ 178 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. വലിയ 1.5 ലിറ്റർ എഞ്ചിൻ 148 bhp പവറിൽ 250 Nm torque വരെയും നിർമിക്കും.

ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ വിർചസ് തുടങ്ങിയ എതിരാളികളെയാണ് ഇന്ത്യയിലെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ സ്കോഡ സ്ലാവിയ നേരിടുന്നത്.

സ്കോഡയുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ ചെക്ക് വാഹന നിർമാതാവ് ഇന്ത്യൻ വിപണിയിൽ ഒരു സബ്-4 മീറ്റർ എസ്‌യുവിയും പുതിയ മൂന്ന്-വരി എസ്‌യുവിയും പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം സ്കോഡ ഇതുവരെ എടുത്തിട്ടില്ല.

നിലവിൽ വരാനിരിക്കുന്ന മോഡലുകളെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. വരും വർഷങ്ങളിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിഭാഗത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനായി വിദേശ വിപണിയിൽ വമ്പൻ ഹിറ്റായ എന്യാക്കിനെയാകും ബ്രാൻഡ് കൊണ്ടുവരിക.


Click it and Unblock the Notifications








