പുതിയ ഒപെൽ ബ്ലൂ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി Tata Altroz എത്തുന്നു, അവതരണം ഉടൻ
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20 എന്നീ വമ്പൻമാർക്കിടയിൽ തന്റേതായ ഇടംകണ്ടത്തെിയ മോഡലാണ് ടാറ്റ ആൾട്രോസ്. 2020 ജനുവരിയിൽ വിപണിയിൽ അവതരിപ്പിച്ച് ഉടൻ തന്നെ വമ്പൻ ഹിറ്റായി മാറാനും ഈ കാറിനായി.

മുടക്കുന്ന പണത്തിന് തികച്ചും മൂല്യമാണ് ടാറ്റ ആൾട്രോസ്. കാറിന്റെ വിൽപ്പന കണക്കുകൾ തന്നെ അതിന്റെ ജനപ്രീതിയുടെ സാക്ഷ്യമാണ്. അതോടൊപ്പം സുരക്ഷയുടെ അങ്ങേയറ്റം വാഗ്‌ദാനം ചെയ്‌ത രാജ്യത്തെ ആദ്യത്തെ ഹാച്ച്ബാക്ക് മോഡലും ഇതു തന്നെയാണ്. വിദഗ്ധരിൽ നിന്നും വാങ്ങുന്നവരിൽ നിന്നും പ്രശംസ നേടിയെങ്കിലും ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ അഭാവം വാഹനത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ടാറ്റ മോട്ടോർസിനും ഇത് അറിയാം. അതിനാൽ ഈ വർഷം ആൾട്രോസിനായി ഒരു ഓട്ടോമാറ്റിക് വേരിയന്റ് കൊണ്ടുവരാനുള്ള പ്രവർത്തനത്തിലാണ് കമ്പനി. അതും എഎംടിയോ സിവിടിയോ ഒന്നുമല്ല, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഡിസിടി ഓട്ടോമാറ്റിക്കുമായാണ് ടാറ്റ മോട്ടോർസ് എത്തുന്നത്.

എന്നാൽ അതിന് മുന്നോടിയായി ബ്രാൻഡ് ഇപ്പോൾ ആൾട്രോസിനായി ഒരു പുതിയ ഒപെൽ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് ഡീലർ ഷോറൂമുകളിൽ എത്തിതുടങ്ങിയിട്ടുമുണ്ട്. ആൾട്രോസിന്റെ ഈ പുതിയ ബ്ലൂ നിറം 2022 ബലേനോ നീലയുമായി വളരെ സാമ്യമുള്ളതാണെന്നതും കൗതുകമുണർത്തുന്ന കാര്യമാണ്.

ടാറ്റ അടുത്തിടെ ടിയാഗോയും ടിഗോറും പരിഷ്ക്കരിച്ച് പുറത്തിറക്കിയിരുന്നു. നെക്‌സോൺ, പഞ്ച്, സഫാരി, ഹാരിയർ എന്നിവയുടെ കാസിരംഗ എഡിഷനുകൾ പുറത്തിറക്കാനും കമ്പനി ഒരുങ്ങുകയാണ്. അവസാന ഘട്ടത്തിൽ ഒരു അപ്ഡേറ്റിനായി അവശേഷിക്കുന്നത് ആൾട്രോസ് മാത്രമാണ്. ഇക്കാരണമായിരിക്കും ഒരു പുതിയ നിറം വാഹനത്തിലേക്ക് ചേർക്കാൻ കാരണമായിരിക്കുന്നത്.

പുതിയ ഒപെൽ ബ്ലൂ കളർ ഓപ്ഷൻ കൂട്ടിച്ചേർക്കുന്നതിനു പുറമെ ടാറ്റ ആൾട്രോസിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഫീച്ചറുകളുടെ കാര്യം വരുമ്പോൾ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയടങ്ങുന്ന സജ്ജീകരണങ്ങളെല്ലാം ഈ പ്രീമിയം ഹാച്ചിലുണ്ട്.
തീർന്നില്ല, ഇതോടൊപ്പം ഐആർഎ കണക്‌റ്റഡ് കാർ ടെക്‌നോളജി തുടങ്ങിയ ക്രിയേറ്റീവ് സൗകര്യങ്ങൾ ആൾട്രോസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റുകളായി വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകളിലും ഉൾപ്പെടുന്നു.

പുതിയ ബ്ലൂ ആൾട്രോസ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോട് കൂടിയായിരിക്കും വിപണിയിൽ എത്തുക. ഇത് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ വരൂ. ആൾട്രോസ് നിരയിലേക്ക് ടാറ്റ മോട്ടോർസ് ഒരു പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കുന്നതിനെക്കുറിച്ച് വളരെക്കാലമായി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

മുകളിൽ സൂചിപ്പിച്ച പോലെ തന്നെ പ്രീമിയം ഹാച്ച്ബാക്കിന്റെ ഒരു ഓട്ടോമാറ്റിക് പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഇപ്പോൾ ഈ വികസനത്തിന് ഒരു ഔദ്യോഗിക സൂചനകളും പുറത്തുവരുന്നുണ്ട്. ആൾട്രോസ് ഓട്ടോമാറ്റിക് ലോഞ്ച് ഈ വർഷം നടക്കുമെന്ന് ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് എംഡി ശൈലേഷ് ചന്ദ്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിൽ സ്ഥിരീകരിച്ചു.

എങ്കിലും ഒരു പ്രത്യേക ലോഞ്ച് തീയതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ആൾട്രോസിന്റെ ഐടർബോ വേരിയന്റുകളിൽ തുടക്കത്തിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു ശേഷമായിരിക്കും മറ്റ് എഞ്ചിൻ ഓപ്ഷനുകളിലേക്ക് ഇത് എത്തുക.

109 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ആൾട്രോസ് ഐടർബോ വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് നിലവിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ഭാവിയിൽ ഈ മോട്ടോർ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിലും ലഭ്യമാക്കും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിന് 5 സ്പീഡ് എഎംടി അവതരിപ്പിക്കാനും കമ്പനിക്ക് കഴിയും.

ടാറ്റ മോട്ടോർസ് ഈ വർഷം പത്ത് ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായാണ് ശൈലേഷ് ചന്ദ്ര സ്ഥിരീകരിച്ചിരിക്കുന്നത്. ആൾട്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് 2022 പകുതിയോടെ പുറത്തിറക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നിരുന്നാലും സെമികണ്ടക്‌ടർ ചിപ്പുകളുടെ നിലവിലുള്ള ക്ഷാമം കാരണം ഇത് മാറ്റിവെക്കപ്പെടും. ആഗോള പ്രതിസന്ധി മറ്റ് വരാനിരിക്കുന്ന മോഡലുകളുടെ ലോഞ്ചിനെയും ബാധിക്കും.

മോഡലിന്റെ ഓട്ടോമാറ്റിക് ആവർത്തനത്തിനു പുറമേ ടാറ്റ ഈ വർഷം പ്രീമിയം ഹാച്ച്‌ബാക്കിന്റെ പൂർണമായ ഇല്‌ട്രിക് പതിപ്പ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ആദ്യം 2019 ജനീവ മോട്ടോർ ഷോയിൽ പരിചയപ്പെടുത്തിയ ഈ മോഡൽ പിന്നീട് 2020 ലെ ഓട്ടോ എക്‌സ്‌പോയുടെ അവസാന പതിപ്പിലും കൊണ്ടുവന്നിരുന്നു. ഈ ഇവിയുടെ ഈ വർഷം അവസാനത്തോടെയെങ്കിലും നിരത്തിലെത്തുമെന്നാണ് സൂചന.


Click it and Unblock the Notifications








