ഇതുവരെ വിറ്റഴിച്ചത് 32,000 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി
ടാറ്റയുടെ ഏറ്റവും പുതിയതും ചെറുതുമായ എസ്‌യുവിയാണ് പഞ്ച് സബ് കോംപാക്‌ട് എസ്‌യുവി. നേരിട്ടുള്ള എതിരാളികളില്ലാതെയും ഹാച്ച്ബാക്കുകൾക്ക് സമാനമായ വില നിർണയവും മുതലെടുത്ത് പുറത്തിറക്കിയ വാഹനം വിപണിയിൽ വമ്പൻ ഹിറ്റായിരിക്കുകയാണ്.

2021 ഒക്ടോബറിൽ അവതരിപ്പിച്ചതു മുതൽ പഞ്ച് വിപണിയിൽ ജനപ്രീതി നേടിയെടുത്തിരിക്കുകയാണെന്ന് ഏറ്റവും പുതിയ കണക്കുകൾ തെളിയിക്കുകയാണ്. ടാറ്റയുടെ കണക്കനുസരിച്ച് പഞ്ച് മൈക്രോ എസ്‌യുവിക്കായി ഇതിനകം 32,000 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് തവണയാണ് പഞ്ച് 10,000 യൂണിറ്റ് പ്രതിമാസ വിൽപ്പന മറികടന്നത്. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആറ് എസ്‌യുവികളിൽ ഈ മൈക്രോ-എസ്‌യുവിയും ഉൾപ്പെട്ടു എന്നതും ഏറെ ശ്രദ്ധേയമായി. അതായത് എസ്‌യുവി സെഗ്മെന്റിലെ നിരവധി സ്ഥാപിത മോഡലുകളെക്കാൾ മുന്നിലാണ് പഞ്ച് എന്നുസാരം.

വ്യക്തിഗതമാക്കിയ അനുഭവത്തിനായി വേരിയന്റുകളിലേക്ക് ചേർക്കാൻ കഴിയുന്ന തെരഞ്ഞെടുക്കാൻ അധിക ആക്‌സസറികളോട് കൂടിയ കസ്റ്റമൈസ് പായ്ക്കുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ടാറ്റ കാറാണ് പഞ്ച്. പ്യുവർ, അഡ്വഞ്ചർ പതിപ്പുകൾക്ക് മാത്രമായി റിഥം പായ്ക്ക്, അക്കംപ്ലിഷ്ഡ് വേരിയന്റിന് ഡാസിൾ, ക്രിയേറ്റീവ് വേരിയന്റിന് ഐആർഎ പായ്ക്കുകൾ എന്നിങ്ങനെയാണ് ചെറിയ എസ്‌യുവിക്കൊപ്പം ടാറ്റ മോട്ടോർസ് കൊണ്ടുവന്നിട്ടുള്ള കസ്റ്റമൈസേഷൻ പായ്ക്കുകൾ.

നിലവിൽ പ്യുവർ, അഡ്വഞ്ചർ, അക്‌കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മൈക്രോ എസ്‌യുവി നിരത്തിലെത്തുന്നത് തന്നെ. മോഡൽ ലൈനപ്പിൽ അഡ്വഞ്ചർ എഎംടി, അകംപ്ലിഷ്ഡ് എഎംടി, ക്രിയേറ്റീവ് എഎംടി എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകളും ഉൾപ്പെടുന്നു. ഇപ്പോൾ ടാറ്റയുടെ നിരയിൽ നിന്നും ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി പഞ്ച് മാറാനുള്ള കാരണവും ഈ സവിശേഷതകളൊക്കെയാണ്.

ഇനി വാഹനത്തിന്റെ ഫീച്ചർ നിരയിലേക്ക് നോക്കിയാൽ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ എസി, ക്രൂയിസ് കൺട്രോൾ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഇത് നിലവിൽ ഒരു പുതിയ കാസിരംഗ പതിപ്പിലും ടോപ്പ് വേരിയന്റിലും ലഭ്യമാണ്. പഞ്ചിന്റെ ബേസ് വേരിയന്റുളിൽ ഒരു ഓഡിയോ സിസ്റ്റവും ടോപ്പ് എൻഡ് വേരിയന്റിൽ iRA കണക്റ്റഡ് സംവിധാനങ്ങളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇനി കാഴ്ച്ചയിലേക്ക് നോക്കിയാൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം ഈ കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിൽ നമുക്ക് കാണാനാവും.

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ടാറ്റ പഞ്ചിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവയെല്ലാമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.

നിലവിൽ ടാറ്റ പഞ്ച് ഒരൊറ്റ 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് ടാറ്റ മോട്ടോർസിന്റെ ഈ മൈക്രോ എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് പരമാവധി 86 bhp പവറിൽ 113 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമാണ് ലഭ്യമാവുക.

സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ലഭിക്കുന്നുണ്ട്. എഞ്ചിൻ വേണ്ടത്ര പഞ്ചി അല്ലെന്ന പരാതിയാണ് വിമർശകർ മുന്നോട്ടുവെക്കുന്ന പ്രധാന പോരായ്‌മ. എന്നാൽ ദിവസേനയുള്ള ഇൻട്രാ-സിറ്റി യാത്രകൾക്ക് ഇത് തികച്ചും അനുയോജ്യമാണെന്ന് ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിലൂടെ ഇതിനോടകം തന്നെ ടാറ്റ തെളിയിക്കപ്പെട്ടിട്ടുണ്ട്.

സമീപ ഭാവിയിൽ പെർഫോമൻസ് താൽപ്പര്യക്കാരെ ആകർഷിക്കാൻ ടാറ്റ മോട്ടോർസ് മൈക്രോ എസ്‌യുവിയിൽ ആൾട്രോസിലെ ടർബോചാർജ്ഡ് എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പ്രീമിയം ഹാച്ച്ബാക്കിൽ ഈ എഞ്ചിൻ 109 bhp കരുത്തും 140 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഇതിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ലഭ്യമാവൂ.

5.64 ലക്ഷം മുതൽ 8.98 ലക്ഷം രൂപ വരെ വിലയുള്ള ടാറ്റ പഞ്ച് ഓർക്കസ് വൈറ്റ്, ഡേടോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, ആറ്റോമിക് ഓറഞ്ച്, മെറ്റിയർ ബ്രോൺസ്, ടൊർണാഡോ ബ്ലൂ, കാലിപ്‌സോ റെഡ് എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് ടാറ്റ പഞ്ച് വിപണിയിൽ എത്തുന്നത്. ഇതോടൊപ്പം അടുത്തിടെ പുറത്തിറങ്ങിയ കാസിരംഗ എഡിഷനും ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications