എതിരാളികളുടെ നെഞ്ചിടിപ്പേറ്റി Tata Altroz ഡിസിടി ഓട്ടോമാറ്റിക് പതിപ്പ് വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോയ്ക്കും ഹ്യുണ്ടായി i20 മോഡലിനും ഇടയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മിടുക്കനാണ് ടാറ്റ ആൾട്രോസ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനും പ്രീമിയം ലുക്കുമെല്ലാം കൊണ്ട് ജനപ്രീതി അതിവേഗം നേടിയെടുക്കാനും ആൾട്രോസിനായി.

എന്നാൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതിരുന്നത് ആൾട്രോസിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു. ഏകദശം രണ്ടു വർഷക്കാലത്തോളം ഓട്ടോമാറ്റിക്കില്ലാതെയും പിടിച്ചു നിന്ന പ്രീമിയം ഹാച്ച്ബാക്കിലേക്ക് ഒടുവിൽ ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷൻ എത്തുകയാണ്.

ആൾട്രോസിൽ വരാനിരിക്കുന്ന ഡിസിടി ഗിയർബോക്‌സ് ഓപ്ഷന്റെ ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ് ഞെട്ടിച്ചിരിക്കുകയാണ് വിപണിയെ. കുറച്ച് കാലമായി ഈ ഒരു പതിപ്പിന്റെ വികസന പ്രവർത്തനത്തിലായിരുന്നു കമ്പനി ശരിക്കും. ഇനി ഒട്ടും വൈകാതെ തന്നെ ആൾട്രോസ് ഓട്ടോമാറ്റിക് നിരത്തിലെത്തും. അതിന്റെ ഭാഗമായി മോഡലിനായുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി ടാറ്റ പ്രഖ്യാപിച്ചു.

ശരിക്കും മുഖംമിനുക്കി പുത്തൻ ഫീച്ചറുകളോടെ ബലേനോ എത്തിയതാണ് ആൾട്രോസ് ഉടനടി ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിക്കാൻ ഇത്ര തിടുക്കം കാണിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ആൾട്രോസിലെ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനെ ഡിസിഎ എന്ന് വിളിക്കുമെന്ന് ടാറ്റ
വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിഎ എന്നാൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നാണ് അർഥമാക്കുന്നത്.

1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനിലാണ് ഈ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ കമ്പനി വാഗ്ദാനം ചെയ്യുക. 1.5 ലിറ്റർ ഡീസൽ എഞ്ചിനും 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പിന്നീടുള്ള ഘട്ടത്തിലാവും ഇത് വിപുലീകരിക്കുക.

ഡിസിടി ഗിയർബോക്‌സുകൾ പെട്ടെന്നുള്ള ഷിഫ്റ്റുകൾക്ക് പേരുകേട്ടതിനാൽ ഇത് തീർച്ചയായും വാഹനത്തിന്റെ ഡ്രൈവിംഗ് കാര്യക്ഷമത വർധിപ്പിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. അതിനാൽ ആവേശത്തോടെയുള്ള ഡ്രൈവിംഗിനുള്ള ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ഇത് തികച്ചും അനുയോജ്യമാണ്. മാത്രമല്ല ആൾട്രോസിന്റെ ഡിസിടി സജ്ജീകരിച്ച വേരിയന്റിന് അതിന്റെ മാനുവൽ പതിപ്പിനേക്കാൾ 20 കിലോഗ്രാം അധിക ഭാരവുമുണ്ടാകും.

അതിനാൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഡിസിടി ഓട്ടോമാറ്റിക് ആദ്യം ലഭ്യമാക്കുമെന്നാണ് ആദ്യം വിശ്വസിക്കപ്പെട്ടിരുന്നത്. നിർഭാഗ്യവശാൽ ഉപഭോക്താക്കൾക്ക് ഈ എഞ്ചിൻ ഗിയർബോക്‌സ് കോമ്പിനേഷൻ ഒരു ചെലവേറിയ നിർദ്ദേശമാണെന്ന് തോന്നിയേക്കാമെന്നതിനാലാണ് ചെറിയ ശേഷിയുള്ള പെട്രോൾ പതിപ്പിലാവാം പരീക്ഷണമെന്ന് കമ്പനി കരുതിയത്.

ആൾട്രോസ് ഓട്ടോമാറ്റിക് മോഡലിനായുള്ള ഡെലിവറി 2022 മാർച്ച് പകുതി മുതൽ ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. കാറിന്റെ എഞ്ചിൻ ഓപ്ഷനുകളുടെ വിശദാംശങ്ങളിലേക്ക് കടക്കുകയാണെങ്കിൽ ആൾട്രോസിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് പരമാവധി 85 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം പ്രീമിയം ഹാച്ച്ബാക്കിലെ 1.5 ലിറ്റർ ഓയിൽ ബർണർ 89 bhp പവറിൽ 200 Nm torque വികസിപ്പിക്കുമ്പോൾ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പരമാവധി 109 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. നിലവിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ആൾട്രോസിലെ ഡിസിടി ഗിയർബോക്‌സ് XT, XZ, XZ+ വേരിയന്റുകളിൽ ലഭിക്കും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ എന്നീ സവിശേഷതകളെല്ലാം ഇവയിൽ കാണും.

അതിനു പുറമെ റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ തുടങ്ങിയ ഫീച്ചറുകളാൽ ടോപ്പ് വേരിയന്റിൽ ലോഡ് ചെയ്യും. സ്റ്റാർട്ട്-സ്റ്റോപ്പും iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ആൾട്രോസ് ഡിസിടി പതിപ്പിൽ ടാറ്റ വാഗ്‌ദാനം ചെയ്യും.

പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്ന സുരക്ഷാ സവിശേഷതകളിൽ ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ഉൾപ്പെടുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ടാറ്റ ഒരു ഡാർക്ക് എഡിഷൻ ശ്രേണിയിലുള്ള മോഡലുകളും ഹാച്ച്ബാക്കിൽ അവതരിപ്പിച്ചിരുന്നു അതിൽ ഓൾ-ബ്ലാക്ക് എക്‌സ്റ്റീരിയർ കളർ ഓപ്ഷനാണ് കമ്പനി സമ്മാനിച്ചത്.

നിലവിൽ, XE, XE+, XM+, XT, XZ, XZ (O), XZ+ എന്നിങ്ങനെ ഏഴ് വകഭേദങ്ങളിൽ ടാറ്റ ആൾട്രോസ് ലഭ്യമാണ്. അവയുടെ എക്സ്ഷോറൂം വില 5.99 ലക്ഷം മുതൽ 9.69 ലക്ഷം രൂപ വരെയാണ്. ഡിടിസി ഓട്ടോമാറ്റിക് പ്രീമിയം ഹാച്ച്ബാക്കിൽ പുതിയ ഒപെൽ ബ്ലൂ കളർ ഓപ്ഷനും ബ്രാൻഡ് അവതരിപ്പിക്കും.


Click it and Unblock the Notifications