ചിങ്ങത്തോട് അനുബന്ധിച്ച് 1001 കാറുകൾ കേരളത്തിൽ വിതരണത്തിന് എത്തിച്ച് ടാറ്റ മോട്ടോർസ്
ചിങ്ങത്തോട് അനുബന്ധിച്ച് 1001 കാറുകൾ കേരളത്തിൽ വിതരണത്തിന് എത്തിച്ച് ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. ഈ സമൃദ്ധിയുടെ മാസത്തിൽ തങ്ങളുടെ പുതിയ ടാറ്റ കാറിനെ വീടുകളിൽ വരവേൽക്കാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കായി പരമ്പരാഗത മലയാളി രീതിയിലാണ് കാറുകൾ എത്തിച്ചിരിക്കുന്നത്.

കേരളത്തിലെ വിവിധ ഡീലർഷിപ്പുകളിൽ ടാറ്റ വാഹനങ്ങൾ ഡെലിവറിക്കായി സജ്ജമാണ്. നേരത്തെ ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചർ വാഹനങ്ങൾക്ക് കിടിലൻ ഓഫറുകളും ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരുന്നു.

കാറുകളിലും എസ്‌യുവികളിലും അതാത് സെഗ്മെന്റുളിൽ ടാറ്റ മുൻനിരയിൽ തന്നെ തുടരുന്ന കമ്പനി, ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകൾക്ക് 60,000 രൂപ വരെയുള്ള ആകർഷകമായ ഓഫറുകളും മുൻഗണനാ ഡെലിവറിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിലക്കുറവിനൊപ്പം നേരത്തെ വാഹനം സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ഒരുക്കുകയാണ് കമ്പനി. ആകർഷകമായ ഫിനാൻസ് പദ്ധതികൾക്കായി ടാറ്റ മോട്ടോർസ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്‌ഥാപനങ്ങളുമായും ധാരണയിലെത്തി കഴിഞ്ഞു.

95 ശതമാനം വരെ റോഡ് ഫിനാൻസ്, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് 7 വർഷത്തെ ലോൺ കാലാവധി എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ടാറ്റ മോട്ടോർസിന്റെ മുൻനിര വിപണികളിൽ ഒന്നാണ് കേരളം. കേരളത്തിലെ ഉപഭോക്തൃ നിലനിർത്തൽ നിരക്ക് 72 ശതമാനമാണ്.

ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ടാറ്റ മോട്ടോർസ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓണാഘോഷത്തിന് ആകർഷകമായ ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട 'ന്യൂ ഫോർ എവർ' ശ്രേണിയിലുള്ള കാറുകളിലൂടെ ഉപഭോക്തൃ സംതൃപ്തി തുടരാൻ കമ്പനി ആഗ്രഹിക്കുന്നു. ഓണാഘോഷ നാളുകളിൽ പുതിയ ഉപഭോക്താക്കളെയും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു.

കമ്പനിയുടെ വളർച്ച നിലനിർത്തുന്നതിൽ കേരളം പ്രധാന വിപണിയാണെന്നും കമ്പനിയുടെ സുസ്ഥിര വളർച്ചക്ക് സംസ്ഥാനം ഒട്ടേറെ അവസരങ്ങൾ നൽകിയതായും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കമ്പനി നടത്തി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി ടാറ്റ കാറുകളുടെ ഓണം ഓഫറുകളെ കുറിച്ച് വിശദമായി പറഞ്ഞാൽ ടിഗോർ കോംപാക്‌ട് സെഡാന് 20,000 രൂപ, ടിയാഗോ ഹാച്ച്ബാക്ക്, ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് എന്നിവയ്ക്ക് 25,000 രൂപയും ഹാരിയറിനും സഫാരിക്കും 60,000 രൂപയും വരെ ആനുകൂല്യങ്ങളുമാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്.

എന്നിരുന്നാലും ടാറ്റ മോട്ടോർസ് ഇതുവരെ ടാറ്റ നെക്‌സോണിലോ ടാറ്റ പഞ്ചിലോ ഒരു ഓഫറും പ്രഖ്യാപിച്ചിട്ടില്ല. 2021-ൽ കമ്പനിയുടെ രണ്ടാമത്തെ മികച്ച വിൽപ്പന വിപണിയായി കേരളം ഉയർന്നിരുന്നു. ഈ വളർച്ച തുടരുന്നതിനായി കഴിഞ്ഞ വർഷം ടാറ്റ തങ്ങളുടെ വിൽപ്പന ശൃംഖല 100 ഔട്ട്‌ലെറ്റുകളായി ഇരട്ടിയാക്കി ഉയർത്തിയിട്ടുണ്ട്.

അതേസമയം സർവീസ് സെന്റർ ശൃംഖല 51 യൂണിറ്റുകളായി വിപുലീകരിക്കാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ടാറ്റയുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ ഫോർഡിന്റെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് വാങ്ങാൻ കമ്പനി അടുത്തിടെ 725.7 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ഭൂമി, ഉപകരണങ്ങൾ, തൊഴിൽ സേന എന്നിവയുൾപ്പെടെ ഫോർഡിന്റെ മുഴുവൻ നിർമ്മാണ സൗകര്യവും ടാറ്റ മോട്ടോർസിന് ഈ കരാർ നൽകും.

കൂടാതെ യോഗ്യരായ ഫോർഡ് ജീവനക്കാരെ നിലനിർത്താനും ടാറ്റ തീരുമാനിച്ചിട്ടുണ്ട്. ഫോർഡ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന തൊഴിലാളികളിൽ ആരെയും പിരിച്ചുവിടില്ലെന്നും ഈ ജീവനക്കാരെ മുഴുവൻ നിലനിർത്തുമെന്നുമാണ് കമ്പനി പ്രഖ്യാപിച്ചത്. 2011-ൽ സാനന്ദ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഫോർഡ് 1 ബില്യൺ ഡോളർ (ഏകദേശം 8,000 കോടി രൂപ) നിക്ഷേപിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഫോർഡിന് 2 ബില്യൺ ഡോളറിന്റെ നഷ്‌ടമാണ് ഇന്ത്യയിൽ നിന്നും നേരിടേണ്ടി വന്നത്. ഇതിന്റെയെല്ലാം ഭാഗമായാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ആഭ്യന്തര വിപണിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്.

2025 ഓടെ ഒന്നിലധികം പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ ടാറ്റ പദ്ധതിയിടുന്ന സാഹചര്യത്തിൽ, സാനന്ദിലെ ഫോർഡ് ഇന്ത്യ പ്ലാന്റ് ഏറ്റെടുക്കുന്നത് നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications