പ്രതിമാസം 15,000 യൂണിറ്റ് Nexon നിർമിക്കാനൊരുങ്ങി Tata, ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കും
പ്രതിവർഷം 2.4 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള ഫോർഡിന്റെ സാനന്ദ് അധിഷ്ഠിത നിർമാണ പ്ലാന്റ് ഏറ്റെടുക്കാൻ ടാറ്റ മോട്ടോർസ് ഒരുങ്ങുന്നു. കൊവിഡ്-19 മഹാമാരിക്കിടയിലും ടാറ്റ മോട്ടോർസ് വൻ വിൽപ്പന വളർച്ചയാണ് രേഖപ്പെടുത്തിയത്.

2020 സാമ്പത്തിക വർഷത്തിലെ 1,31,197 യൂണിറ്റുകളിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 3.5 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാനാണ് ഇപ്പോൾ കമ്പനി തയാറെടുക്കുന്നത്. തങ്ങളുടെ ഉൽപ്പന്ന നിരയ്ക്ക് നല്ല പ്രതികരണം ലഭിച്ചതോടെ ടാറ്റ ഇപ്പോൾ പ്രതിവർഷം 50,000 കാറുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

22-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിൽ പ്രതിമാസം 40,000 കാറുകളുടെ വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടർന്ന് ഒരു മാസത്തിനുശേഷം 50,000 യൂണിറ്റുകൾ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള മോഡലിന്റെ പുതിയ വേരിയന്റുകളും ഫെയ്‌സ്‌ലിഫ്റ്റുകളും 2022-ൽ അവതരിപ്പിക്കാനുള്ള നീക്കങ്ങളും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോർസിന്റെ നിരയിൽ ഏറ്റവും ഡിമാന്റുള്ള മോഡലുകളായ നെക്‌സോൺ, ആൾട്രോസ്, പഞ്ച് എന്നിവയിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിമാസം 15,000 നെക്‌സോണുകൾ ലഭ്യമാക്കാൻ ടാറ്റ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

കമ്പനി പ്രതിമാസം 3,000 ഓൾ-ഇലക്‌ട്രിക് നെക്‌സോണുകൾ ഉത്പാദിപ്പിക്കാനും സാധ്യതയുണ്ട്. ടാറ്റ മോട്ടോർസ് 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലോംഗ് റേഞ്ച് നെക്‌സോൺ ഇവിയും പുറത്തിറക്കും. അപ്പോൾ പുതിയ മോഡൽ നെക്‌സോൺ ഇവിയുടെ ആവശ്യം കൂടുതൽ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആൾട്രോസിന്റെയും പഞ്ചിന്റെയും പ്രതിമാസം 10,000 യൂണിറ്റുകൾ വീതം വിൽക്കാനാണ് ടാറ്റ മോട്ടോർസ് ലക്ഷ്യമിടുന്നത്. ആൾട്രോസിന് അടുത്തിടെ ഒരു ഡിസിഎ ഓട്ടോമാറ്റിക് വേരിയന്റും ലഭിച്ചിരുന്നു. അത് മോഡലിന്റെ ഡിമാന്റിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് ആദ്യ വിലയിരുത്തൽ.

ടാറ്റ പഞ്ചിനും വാങ്ങുന്നവരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബാക്കിയുള്ള ശേഷി ഹാരിയർ/സഫാരി, ടിഗോർ/ടിയാഗോ മോഡലുകൾ നിർമിക്കാൻ ബ്രാൻഡ് ഉപയോഗിക്കും. അടുത്ത സാമ്പത്തിക വർഷം വരെ ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോർസിന് പുതിയ മോഡലുകളൊന്നും എത്തില്ല.

അതിനു ശേഷം കമ്പനി ഒരു പുതിയ മിഡ്-സൈസ് കൂപ്പെ എസ്‌യുവി അവതരിപ്പിക്കും. അത് നിലവിലെ നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ മോഡലിന് ഇലക്ട്രിക് പവർട്രെയിനായിരിക്കും നൽകുക. എന്നിരുന്നാലും പിന്നീടുള്ള ഘട്ടത്തിൽ ഇതിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ലഭിക്കാനും സാധ്യതയുണ്ട്.

സാനന്ദ് പ്ലാന്റ് ഏറ്റെടുക്കുന്നതോടെ ടാറ്റ മോട്ടോർസിന്റെ ശേഷി പ്രതിവർഷ ഉത്പാദന ശേഷി 2,40,000 യൂണിറ്റുകൾ കൂടി ഉയർത്താൻ സഹായിക്കും. അങ്ങനെ മൊത്തം നിർമാണ ശേഷി 7,20,000 യൂണിറ്റായാകും ഉയരുക. നിലവിൽ കമ്പനിക്ക് ഒന്നിലധികം പ്ലാന്റുകളിലായി 4,80,000 യൂണിറ്റുകളുടെ ശേഷിയുണ്ട്.

നിലവിൽ സ്റ്റെല്ലാന്റിസുമായി ചേർന്നുള്ള സംയുക്ത നിർമാണ സംരംഭത്തിന്റെ ഭാഗമായ പൂനെയ്ക്കടുത്തുള്ള രഞ്ജൻഗാവ് പ്ലാന്റിലാണ് നെക്സോൺ നിർമിക്കുന്നത്. പൂനെയിലെ പിംപ്രി പ്ലാന്റിൽ ഹാരിയർ, സഫാരി, ആൾട്രോസ്, പഞ്ച് എന്നിവയും പുറത്തിറങ്ങുന്നു.

അഹമ്മദാബാദിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സാനന്ദിലെ ഫോർഡ് ഇന്ത്യയുടെ പാസഞ്ചർ വാഹന നിർമാണ പ്ലാന്റ് ടാറ്റ മോട്ടോർസ് ഉടൻ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോർഡിന്റെ പാസഞ്ചർ വാഹന നിർമാണ പ്ലാന്റിന്റെ ഉടമസ്ഥാവകാശം ടാറ്റയ്ക്ക് കൈമാറുന്നതിനുള്ള സമ്മതപത്രം ഇരു കമ്പനികളും സമർപ്പിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ഗുജറാത്ത് സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി (എച്ച്പിസി) ഈ നിർദ്ദേശത്തിന് അനുമതി നൽകിയേക്കും. ടാറ്റ ഏറ്റെടുക്കാൻ പോകുന്ന പുതിയ പ്ലാന്റിന് പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമോ എന്നകാര്യത്തിൽ ഇതുവരെ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. സാനന്ദിൽ നാനോ പ്ലാന്റ് ആരംഭിച്ച സമയത്ത് കമ്പനിക്ക് അസാധാരണമായ പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കിയിരുന്നു.


Click it and Unblock the Notifications








