Nexon ഇലക്‌ട്രിക്കിനും ഇനി അധികം മുടക്കണം, 25,000 രൂപ വർധനവ് നടപ്പിലാക്കി Tata Motors
ഇൻപുട്ട് ചെലവുകളിലെ ഗണ്യമായ വർധനവു കാരണം മോഡൽ നിരയിലാകെ കഴിഞ്ഞ ദിവസം വർധനവ് പ്രഖ്യാപിച്ച ടാറ്റ മോട്ടോർസ് ഇപ്പോൾ അവരുടെ ജനപ്രിയ ഇലക്‌ട്രിക് എസ്‌യുവിയായ നെക്സോൺ ഇവിക്കും വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുകയാണ്.

ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ എത്തുന്ന XM, XZ Plus, XZ Plus Lux, XZ Plus Dark, XZ Plus Lux Dark എന്നിങ്ങനെ എല്ലാ വേരിയന്റുകളിലും 25,000 രൂപയുടെ വില വർധനവാണ് ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ പുതുക്കിയ നടപടിയോടെ ഇപ്പോൾ 14.54 ലക്ഷം രൂപ മുതൽ 17.15 ലക്ഷം രൂപ വരെയാണ് ഇവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വേരിയന്റ് തിരിച്ചുള്ള പുതിയ എക്സ്ഷോറൂം വിലകൾ ഇങ്ങനെ;
നെക്സോൺ ഇവി XM: 14.54 ലക്ഷം രൂപ
നെക്സോൺ ഇവി XZ+: 15.95 ലക്ഷം രൂപ
നെക്സോൺ ഇവി XZ+ Lux: 16.95 ലക്ഷം രൂപ
നെക്സോൺ ഇവി XZ+ ഡാർക്ക് എഡിഷൻ: 16.29 ലക്ഷം രൂപ
നെക്സോൺ ഇവി XZ+ Lux Dark എഡിഷൻ: 17.15 ലക്ഷം രൂപ

വില വർധനവിന് പുറമെ ടാറ്റ നെക്‌സോൺ ഇവിയിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. 30.2 kWh ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ മുൻ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് ടാറ്റ നെക്സോൺ ഇവി പ്രവർത്തിക്കുന്നത്.

വാഹനത്തിലെ 30.2kWh ബാറ്ററി പായ്ക്ക് പരമാവധി 125 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇലക്ട്രിക് എസ്‌യുവിക്ക് 312 കിലോമീറ്റർ വരെ ARAI അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച് നൽകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം യഥാർഥ റോഡ് സാഹചര്യങ്ങളിൽ റേഞ്ച് 200 കിലോമീറ്ററിനും 250 കിലോമീറ്ററിനും ഇടയിലാണ്.

15A ഹോം സോക്കറ്റ് അല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ ചാർജിംഗ് ഓപ്ഷനുകൾ അനുവദിക്കുന്നു. ഡ്യുവൽ ചാർജിംഗിനായി സിപ്‌ട്രോൺ സാങ്കേതിവിദ്യയും സഹായകലമാവും. ഡാർക്ക് എഡിഷൻ പതിപ്പിന് പുറമെ ടീൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന മൂന്ന് നിറങ്ങളിൽ ടാറ്റ നെക്സോൺ ഇലക്‌ട്രിക് സ്വന്തമാക്കാൻ സാധിക്കും.

ഫീച്ചർ കാര്യങ്ങളിലും സമ്പന്നനാണ് ടാറ്റയുടെ വൈദ്യുത വാഹനം. ഇതിൽ ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നീ സംവിധാനമുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരെ ടോപ്പ് വേരിയന്റുകളിൽ ലഭ്യമാവും.

ഇതിനു പുറമെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ (7-ഇഞ്ച് TFT MID ഉള്ളത്), Zconnect കണക്റ്റഡ് കാർ സിസ്റ്റം, കീലെസ്സ് എൻട്രി ആൻഡ് ഗോ, ഇലക്ട്രിക് സൺറൂഫ് മുതലായവ പോലുള്ള നിരവധി സൗകര്യങ്ങളോടെയാണ് നെക്സോൺ ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റുകൾ വിപണിയിൽ വരുന്നത്.

സുരക്ഷയുടെ കാര്യത്തിലും വമ്പനാണ് നെക്സോൺ ഇവി. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള എബിഎസ്, കോർണറിംഗ് സ്റ്റെബിലിറ്റി കൺട്രോൾ, ചൈൽഡ് സേഫ്റ്റി ലോക്ക്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഡൈനാമിക് മാർഗനിർദ്ദേശങ്ങളോടെയുള്ള പിൻ പാർക്കിംഗ് ക്യാമറ, ഫോളോ-മീ-ഹോം ഹെഡ്‌ലൈറ്റുകൾ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ വാഹനത്തിൽ ലഭ്യമാണ്.

ടാറ്റ മോട്ടോർസ് ഉടൻ തന്നെ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയെ പരിഷ്ക്കരിക്കാൻ തയാറെടുക്കുകയാണ്. അതിലേക്ക് ഒരു വലിയ ബാറ്ററി ഓപ്‌ഷൻ ചേർക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം. ഇത് 40 kWh ബാറ്ററി പായ്ക്ക് ആയിരിക്കാനാണ് സാധ്യത. ടാറ്റ നെക്സോണ്‍ ഇവിക്ക് നിലവിലെ മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാം അധിക ഭാരമുണ്ടാകുമെങ്കിലും അപ്ഡേറ്റ് ചെയ്ത മോഡലിന് 400 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറച്ച് ദൃശ്യപരമായ മാറ്റങ്ങളും ഇലക്‌ട്രിക് ക്രോസ്ഓവറിൽ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ പിൻ ഡിസ്ക് ബ്രേക്കുകളും ടാറ്റ ഇതിലേക്ക് ചേർക്കും. വലിയ ബാറ്ററി പതിപ്പ് ഗണ്യമായി കൂടുതൽ ചെലവേറിയതും നിലവിലെ പതിപ്പിനൊപ്പം വിൽക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടാറ്റയുടെ ഇവിക്ക് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല.

എന്നിരുന്നാലും മഹീന്ദ്ര eXUV300 എത്തുന്നതോടെ കാര്യങ്ങൾ മാറിമറിയും. എന്നാൽ ഇത് ഉടനെ അവതരിപ്പിക്കുമെന്ന സൂചയൊന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നൽകിയിട്ടില്ല. നിലവിലെ ഇവി സെഗ്മെന്റിൽ ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി ഹ്യുണ്ടായി കോന ഇവി, എംജി ZS ഇവി എന്നിവയ്‌ക്ക് താങ്ങാനാവുന്ന ബദലായി പ്രവർത്തിച്ച് വിജയം കൈവരിക്കുകയാണ്.


Click it and Unblock the Notifications








