ദേ വീണ്ടും സ്പെഷ്യൽ എഡിഷൻ... Harrier എസ്‌യുവിയിലേക്ക് പുത്തൻ വേരിയന്റ് എത്തുന്നു

സ്പെഷ്യൽ എഡിഷൻ കാറുകൾക്ക് പേരുകേട്ടവരാണ് ടാറ്റ മോട്ടോർസ്. അനേകായിരം വേരിയന്റുകളിറക്കി ഉപഭോക്താക്കളെ കൈയിലെടുക്കുകയാണ കമ്പനിയുടെ പ്രഥമിക ലക്ഷ്യം. അതിനായി അടിക്കടി മോഡൽ നിരയിൽ ഇത്തരം പ്രത്യേക മോഡലുകളെ ബ്രാൻഡ് അണിനിരത്താറുമുണ്ട്.

ദേ ഇപ്പോൾ ഹാരിയർ നിരയിലേക്ക് ടാറ്റ പുതിയ എഡിഷനുമായി എത്തുകയാണ്. എസ്‌യുവിയുടെ വരാനിരിക്കുന്ന പുതിയ പതിപ്പിന്റെ ടീസർ ചിത്രം പുറത്തിറക്കിയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ ഹാരിയർ സ്പെഷ്യൽ എഡിഷന്റെ പേരും വിശദാംശങ്ങളും ടാറ്റ ഇതുവരെ സൂചിപ്പിച്ചിട്ടില്ല.

ദേ വീണ്ടും സ്പെഷ്യൽ എഡിഷൻ... Harrier എസ്‌യുവിയിലേക്ക് പുത്തൻ വേരിയന്റ് എത്തുന്നു

എന്നാൽ സഫാരി അഡ്വഞ്ചർ പേഴ്‌സണ വേരിയന്റിന് സമാനമായ ഒരു അഡ്വഞ്ചർ എഡിഷനായിരിക്കും ഇതെന്നാണ് നിഗമനം. കാമോ, ഡാർക്ക്, കാസിരംഗ, ജെറ്റ് എന്നീ നാല് സ്പെഷ്യൽ എഡിഷനുകളാണ് നിലവിൽ ഹാരിയറിൽ ടാറ്റ മോട്ടോർസ് അണിനിരത്തുന്നത്. പുതിയ ടാറ്റ ഹാരിയർ സ്‌പെഷ്യൽ എഡിഷന് സാധാരണ മോഡലിനെ അപേക്ഷിച്ച് ചില കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകൾ ലഭിക്കാനാണ് സാധ്യതയേറെ.

എന്നിരുന്നാലും എസ്‌യുവിയുടെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരുമെന്ന് ഇപ്പോഴെ ഉറപ്പിച്ചു പറയാനാവും. 170 bhp പവറിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വരാനിരിക്കുന്ന സ്പെഷ്യൽ എഡിഷനും തുടിപ്പേകുകയെന്ന് സാരം. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് തുടർന്നും ലഭ്യമാവുക.

Harrier എസ്‌യുവിയിലേക്ക് പുത്തൻ വേരിയന്റ് എത്തുന്നു

പുതിയ കളർ ഓപ്ഷനിൽ എസ്‌യുവിയുടെ പ്രത്യേക പതിപ്പ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്തേക്കാം. ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പനോരമിക് സൺറൂഫ്, 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള ചില പ്രത്യേക സവിശേഷതകളുമായി വരുന്ന ടോപ്പ് എൻഡ് XZA+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇതെന്നാണ് പ്രതീക്ഷ.

ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ ടാറ്റ ഹാരിയർ സ്പെഷ്യൽ എഡിഷന് അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ഏകദേശം 50,000 രൂപ കൂടുതലായിരിക്കും. ഈ വർഷം അവസാനത്തോടെ മോഡൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ഇതിനു പിന്നാലെ ഹാരിയറിന്റെ ഫെയ്‌സ്‌ലിഫ്റ് മോഡലും അടുത്ത വർഷം തുടക്കത്തോടെ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

എസ്‌യുവിയുടെ മുഖംമിനുക്കിയെത്തുന്ന മോഡലിന് അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) അതിനൊപ്പം 360 ഡിഗ്രി ക്യാമറയും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയെ പിന്തുണയ്‌ക്കുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വരാൻ സാധ്യതയുണ്ട്. കൂടാതെ ആപ്പിൾ കാർപ്ലേയും ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിൽ ഉണ്ടാവുമെന്നാണ് സൂചന. ഇതിന്റെ എക്സ്റ്റീരിയറിലും ചില മാറ്റങ്ങൾ വരുത്തും.

പുതിയ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിൽ ഹൊറിസോണൽ സ്ലാറ്റുകളും ഇന്റഗ്രേറ്റഡ് റഡാറും ഉള്ള അപ്‌ഡേറ്റ് ചെയ്ത ഗ്രിൽ, എൽഇഡി ഡിഎൽആറുകളോട് കൂടിയ പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീലുകൾ, പുതുക്കിയ റിയർ ബമ്പർ എന്നിവയെല്ലാമാവും ടാറ്റ മോട്ടോർസ് അണിനിരത്തുക. ഇതിനെല്ലാം മുന്നോടിയായി കഴിഞ്ഞ ദിവസം ഹാരിയറിലേക്ക് ചില പരിഷ്ക്കാരങ്ങളും കമ്പനി നടപ്പിലാക്കിയിരുന്നു.

നവംബർ ഏഴു മുതൽ നടപ്പാക്കിയ വില വർധനവ് ന്യയീകരിക്കാനാണ് പുത്തൻ ഫീച്ചറുകൾ ഹാരിയറിന് സമ്മാനിച്ചിരിക്കുന്നത്. XMS വേരിയന്റിലും അതിനുമുകളിലുള്ള വേരിയന്റുകളിലേക്കും സാങ്കേതിക, സുരക്ഷാ ഫീച്ചറുകളാണ് ടാറ്റ കൂട്ടിച്ചേർത്തിരിക്കുന്നത്. ഹാരിയറിന്റെ എല്ലാ വകഭേദങ്ങൾക്കും മുന്നിൽ യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ ലഭിക്കുന്നതാണ് അതിൽ ആദ്യത്തെ മാറ്റം. എസ്‌യുവിയുടെ XZ വേരിയന്റിനും അതിന് മുകളിലുള്ള വേരിയന്റുകളുമാണെങ്കിൽ പിൻവശത്തെ യാത്രക്കാർക്കും യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ ലഭ്യമാകും.

ഇതിനു പുറമെ മെച്ചപ്പെടുത്തിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) പോലുള്ള സുരക്ഷാ അപ്‌ഗ്രേഡുകൾ ഇപ്പോൾ ഹാരിയർ XZS വേരിയന്റിലും അതിനുമുകളിലും ലഭ്യമാണ്. ഡ്രൈവർ ഡോസ്-ഓഫ് അലേർട്ട്, ആഫ്റ്റർ-ഇംപാക്റ്റ് ബ്രേക്കിംഗ്, പാനിക് ബ്രേക്ക് അലേർട്ട് എന്നിവ പോലുള്ള അധിക സവിശേഷതകൾ മെച്ചപ്പെടുത്തിയ ESP-യിൽ ഉൾപ്പെടുന്നുവെന്നതാണ് പ്രത്യേകത.

Most Read Articles

Malayalam
English summary
Tata motors introducing new special edition variant for harrier suv teaser out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X