വില കൂടുന്നത് കാര്യമാക്കേണ്ട, ഡിസ്‌കൗണ്ട് തരാമെന്ന് ടാറ്റ
കാറുകൾക്കും എസ്‌യുവികൾക്കും നവംബർ ഏഴു മുതൽ വില വർധിപ്പിച്ചിരിക്കുകയാണ് ജനപ്രിയരായ ടാറ്റ മോട്ടോർസ്. ഈ വർഷം ഇത് നാലാം തവണയാണ് കമ്പനി മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുന്നത്.

ടാറ്റയുടെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിയും 0.9 ശതമാനം വില വർധനവിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പുതിയ വിലകൾ 2022 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻകാല വില വർധനവിന് സമാനമായി, മൊത്തത്തിലുള്ള ഇൻപുട്ട് ചെലവുകളുടെ ഗണ്യമായ ഉയർന്നതിന്റെ ഫലമായാണ് ഈ പുതിയ നടപടിയും കൈകൊണ്ടിരിക്കുന്നത്. വില വർധനവ് മോഡലും വേരിയന്റും അനുസരിച്ച് വ്യത്യാസപ്പെടും.
നിലവിൽ ടിയാഗോ, ടിയാഗോ ഇവി, ടിഗോർ, ടിഗോർ ഇവി, ആൾട്രോസ്, പഞ്ച്, നെക്സോൺ, നെക്സോൺ ഇവി, ഹാരിയർ, സഫാരി എന്നിവയുൾപ്പെടെ പത്ത് മോഡലുകളാണ് ടാറ്റ മോട്ടോർസിന്റെ ഇന്ത്യൻ മോഡൽ നിരയിലുള്ളത്.
ഈ മാസം വില കൂടുമെങ്കിലും ഉപഭോക്താക്കൾക്കായി കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. അതായത് 2022 നവംബറിൽ, കമ്പനി തങ്ങളുടെ നാല് ജനപ്രിയ കാറുകളായ ടിയാഗോ, ടിഗോർ, ഹാരിയർ, സഫാരി എന്നിവയിൽ 65,000 വരെ കിഴിവുകളും ആനുകൂല്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ 65,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങളോടെയാണ് ടാറ്റ ഹാരിയർ ലഭ്യമാകുന്നത്.
ഹാരിയർ എസ്‌യുവിയുടെ കാസിരംഗ, ജെറ്റ് എഡിഷനുകൾ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ ലഭ്യമാണെന്നും മറ്റെല്ലാ വേരിയന്റുകൾക്കും 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിലും ലഭിക്കുമെന്നുമാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
അതുപോലെ ടാറ്റ സഫാരി കാസിരംഗ, ജെറ്റ് എഡിഷനുകൾ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടുമായി വരുന്നു. എസ്‌യുവിയുടെ മറ്റെല്ലാ വകഭേദങ്ങളും 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ നവംബർ മാസം സ്വന്തമാക്കാം. വാങ്ങുന്നവർക്ക് 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും ലഭിക്കും.
അതേസമയം 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ആനുകൂല്യവും ഉൾപ്പെടെ 38,000 രൂപ വരെ മൊത്തം കിഴിവിലാണ് ടാറ്റ ടിഗോർ സെഡാനിലെ ഓഫറായി പ്രഖ്യാപിച്ചിരിക്കുന്നത്. 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുമായാണ് ടിഗോർ സിഎൻജി സ്വന്തമാക്കാനാവുന്നത്.
ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിഗോർ 33,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ഇതിന്റെ എല്ലാ വേരിയന്റുകളിലും 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഒപ്പം 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇത്തവണ ലഭിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വാഹന വിപണിയിലെ ജനപ്രിയരാണ് ടാറ്റ മോട്ടോർസ്.
ഇലക്ട്രിക് വാഹന രംഗത്തും കമ്പനി പോയ മാസം വൻ വളർച്ചയാണ് കൈവരിച്ചത്. 2021 ഒക്‌ടോബർ മാസത്തെ 34,155 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 33 ശതമാനത്തിന്റെ വർധനവാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്. ടാറ്റയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 45,217 യൂണിറ്റുകളായാണ് ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വാഹന ശ്രേണി ഇന്ത്യയിൽ 50,000 യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലും പിന്നിട്ടു. പൂനെയ്ക്കടുത്തുള്ള രഞ്ജൻഗാവിലുള്ള പ്ലാന്റിലെ ഉത്പാദന നിരയിൽ നിന്ന് ഇറക്കിയ 50,000-ാമത്തെ ഇലക്ട്രിക് വാഹനമായിരുന്നു നെക്‌സോൺ ഇവി മാക്‌സ്.
നെക്സോൺ ഇവിയിലൂടെ ഇലക്ട്രിക് വാഹന രംഗത്ത് ചുവടുറപ്പിച്ച ടാറ്റ, ഇലക്ട്രിക് വാഹനവിപണി തന്നെ വെട്ടിപ്പിടിക്കുകയായിരുന്നു. ഇന്ന് മൊത്തം നാല് മോഡലുകളാണ് ഇവി നിരയിൽ കമ്പനിക്ക് നിലവിലുള്ളത്. നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി, ഫ്ലീറ്റ്-ഒൺലി എക്സ്പ്രെസ്-ടി ഇവി എന്നിവയാണ് ആ വാഹനങ്ങൾ.


Click it and Unblock the Notifications








