ചിപ്പ് പ്രതിസന്ധി ടാറ്റയിലും, മോഡുകളിൽ രണ്ട് റിമോട്ട് കീയ്ക്ക് പകരം ഇനി ഒന്നേ ലഭ്യമാവൂ
രാജ്യത്തെ വാഹന നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ചിപ്പ് ക്ഷാമം തുടരുകയാണ്. വ്യവസായത്തിലുടനീളമുള്ള ഉൽപാദന പ്രക്രിയകളെ ബാധിച്ചതിനാൽ ഇന്ത്യയിലെ കമ്പനികളെല്ലാം ഡെലിവറിയും ഉത്പാദവും പൂർത്തിയാക്കാൻ പെടാപാടുപെടുകയാണ്.

ഈ ഭയാനകമായ സാഹചര്യം കൈകാര്യം ചെയ്യാൻ കമ്പനികൾ പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുകയാണിപ്പോൾ. വാഹനങ്ങളില്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, ടച്ച് സ്ക്രീന്‍, പവര്‍ വിന്‍ഡോസ്, മ്യൂസിക് സിസ്റ്റം എന്നിവയ്ക്കെല്ലാം ചിപ്പുകള്‍ വേണം. എന്നാല്‍ കൊവിഡിന് ശേഷം ആഗോളതലത്തില്‍ ചിപ്പുകളുടെ ലഭ്യത വൻ തോതിൽ കുറഞ്ഞു.

ഇതിനു പരിഹാരമായി മറ്റ് നിർമാണ കമ്പനികൾ ഒരു പ്രത്യേക മോഡലിന്റെ ഒന്നോ അതിലധികമോ വേരിയന്റുകളിൽ ഫീച്ചറുകൾ കുറയ്ക്കാൻ തുടങ്ങിയിരിക്കുകയാണ്. സ്കോഡും ഫോക്‌സ്‌വാഗണും മഹീന്ദ്രയും എല്ലാം ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈകൊണ്ടപ്പോൾ ദേ ഇപ്പോൾ ടാറ്റ മോട്ടോർസും പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്.

ടാറ്റ ഹാരിയർ, സഫാരി, പഞ്ച്, ആൾട്രോസ് എന്നീ മോഡലുകളിൽ ചിപ്പ് ക്ഷാമം കാരണം ഇനി മുതൽ ടാറ്റ മോട്ടോർസ് ഒരു റിമോട്ട് കീ മാത്രമേ നൽകാൻ കഴിയൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. അതേസമയം ഒരു ഫീച്ചറായി കീലെസ് എൻട്രി നൽകാത്ത അടിസ്ഥാന മോഡലുകൾ രണ്ട് മാനുവൽ കീകൾ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നത് തുടരും.

കീലെസ് എൻട്രിയുമായി വരുന്ന ടോപ്പ് വേരിയന്റുകൾ ഒരു റിമോട്ട് കീയും മാനുവൽ കീയും അല്ലെങ്കിൽ ഒരൊറ്റ റിമോട്ട് ഉപയോഗിച്ചും വാഗ്ദാനം ചെയ്യുന്നു. ആൾട്രോസ് XZ, XZ പ്ലസ് എന്നിവയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമേ റിസ്റ്റ് ബാൻഡുകളിലൂടെ കീലെസ് എൻട്രി നൽകൂ. മുകളിൽ സൂചിപ്പിച്ച നാല് കാറുകളുടെയും പ്രത്യേക പതിപ്പ് മോഡലുകളിലും ഇത് ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഡാർക്ക്, കാസിരംഗ പതിപ്പുകളിൽ ഹാരിയർ ഓഫർ ചെയ്യുമ്പോൾ അതിന്റെ വലിയ എസ്‌യുവി മോഡലായ സഫാരി എക്‌സ്‌ക്ലൂസീവ് അഡ്വഞ്ചർ പേഴ്‌സണ, ഗോൾഡ് എഡിഷനുകളും നൽകുന്നുണ്ട്. മറുവശത്ത് പഞ്ച്, ആൾട്രോസ് എന്നിവ യഥാക്രമം കാസിരംഗ എഡിഷനിലും ഗോൾഡ് എഡിഷനിലും ലഭ്യമാണ്.

ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ ടാറ്റ മോട്ടോർസ് 2022 മാർച്ചിൽ വമ്പിച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ MY2021, MY2022 എന്നീ രണ്ട് മോഡലുകൾക്കും ബാധകമാണ്. 2021 മോഡൽ ഇയർ വാഹനങ്ങൾക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാവുന്നത്. നെക്സോൺ, ആൾട്രോസ്, സഫാരി, ഹാരിയർ, ടിഗോർ, ടിയാഗോ തുടങ്ങിയ മോഡലുകളിലെല്ലാം ഓഫർ സ്വന്തമാക്കാനാവും.

MY2021 മോഡൽ ഹാരിയറിന് 65,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഈ മാസം ഉപയോഗപ്പെടുത്താനാവുക. 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതിൽ ഉൾപ്പെടുന്നു. ഹാരിയറിന്റെ MY2022 യൂണിറ്റുകൾക്ക് 40,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസിന് മാത്രമേ അർഹതയുള്ളൂ.

മറുവശത്ത് സഫാരി MY2021 മോഡലിന് 60,000 രൂപ വരെയും MY2021 മോഡലിന് 40,000 രൂപ വരെയും ആനുകൂല്യങ്ങൾ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ഏഴ് സീറ്റുകളുള്ള എസ്‌യുവിക്ക് കോർപ്പറേറ്റ് കിഴിവൊന്നും മാർച്ച് മാസത്തിൽ ഒരുക്കിയിട്ടില്ല.

ടിയാഗോ, ടിഗോർ എന്നിവയുടെ MY2021, MY2022 മോഡലുകൾക്ക് യഥാക്രമം 25,000 രൂപയും 20,000 രൂപയും ക്യാഷ് ഡിസ്കൌണ്ടായി കമ്പനി വാഗ്ദാനം ചെയ്യുന്നു. മറുവശത്ത് ആൾട്രോസിന് ക്യാഷ് ഡിസ്‌കൗണ്ടുകൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ഹാച്ചിന്റെ ടർബോചാർജ്ഡ് പെട്രോൾ വേരിയന്റുകൾക്ക് 10,000 രൂപ വരെ ആനുകൂല്യങ്ങൾ ആ മാസം ഉപയോഗപ്പെടുത്താനാവും.

അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകൾക്ക് ഈ ഓഫർ 7,500 രൂപയായി ചുരുങ്ങും. ആൾട്രോസിന്റെ ഡിസിടി ഓട്ടോമാറ്റിക് പതിപ്പ് വിപണിയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. ഇതോടെ വിൽപ്പനയും കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുമായാണ് വാഹനം വിൽപ്പനയ്ക്ക് സജ്ജമാവുന്നത്.

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ആൾട്രോസിലെ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനെ ഡിസിഎ എന്ന് വിളിക്കുമെന്ന് ടാറ്റ മോട്ടോർസൈ വ്യക്തമാക്കിയിട്ടുണ്ട്. ഡിസിഎ എന്നാൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നാണ് അർഥമാക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനിലാണ് ഈ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ അവതരിപ്പിക്കുക.

ഡിസിടി ഗിയർബോക്‌സുകൾ പെട്ടെന്നുള്ള ഷിഫ്റ്റുകൾക്ക് പേരുകേട്ടതിനാൽ ഇത് തീർച്ചയായും വാഹനത്തിന്റെ ഡ്രൈവിംഗ് കാര്യക്ഷമത വർധിപ്പിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. എന്നാൽ മൈലേജ് പ്രിയരെ ഇത് അത്രത്തോളം സംതൃപ്ത്തിപ്പെടുത്തിയേക്കില്ലെന്നാണ് നിഗമനം. എന്തായാലും വേറിട്ട തീരുമാനത്തിലൂടെ ടാറ്റ മോട്ടോർസ് കളംനിറയുമ്പോൾ ഈ തീരുമാനത്തിനും വലിയ ജനപിന്തുണ ലഭിച്ചേക്കും.


Click it and Unblock the Notifications








