43 ശതമാനം വിൽപ്പന വളർച്ചയുമായി Tata, മാർച്ച് മാസം നിരത്തിലെത്തിച്ചത് 42,295 കാറുകൾ
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന കമ്പനിയായി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ജനപ്രിയരായ ടാറ്റ മോട്ടോർസ്. മാർച്ച് മാസത്തെ വിൽപ്പന കണക്കുകളിലും മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിലായാണ് കമ്പനി എത്തിയിരിക്കുന്നത്.

2021 മാർച്ചിൽ നിരത്തിലെത്തിച്ച 29,655 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ വിൽപ്പന 43 ശതമാനം വർധിച്ച് 39,980 യൂണിറ്റുകളായി മാറിയിട്ടുണ്ട്. അതായത് പ്രതിമാസ കണക്കുകളിലും ആറു ശതമാനത്തിന്റെ ഉയർച്ച കൈവരിക്കാൻ ടാറ്റ മോട്ടോർസിനു സാധിച്ചുവെന്ന് സാരം.

മഹീന്ദ്ര, കിയ, ടൊയോട്ട, റെനോ, ഹോണ്ട, സ്‌കോഡ, എംജി തുടങ്ങിയ കമ്പനികളെ പിന്തള്ളി ടാറ്റ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുമായുള്ള അകലം വെറും 2,305 യൂണിറ്റുകളായി ചുരുക്കിയിട്ടുമുണ്ട്. കഴിഞ്ഞ മാസം 13.2 ശതമാനം വിപണി വിഹിതം ടാറ്റ നിലനിർത്തിയിരുന്നു. 2021 മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹന വ്യവസായം മൊത്തത്തിൽ മെച്ചപ്പെട്ടുവരികയാണെന്നു പറയാം.

നെക്‌സോൺ, ആൾട്രോസ്, പഞ്ച്, ടിയാഗോ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതാണ് ടാറ്റയെ ഉയർത്തികൊണ്ടു വരുന്നത്. പഞ്ച് മൈക്രോ എസ്‌യുവി കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതെങ്കിലും അതിവേഗം ജനപ്രീതിയാർജിച്ച് കമ്പനിക്കായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നായി മാറി.

നിലവിൽ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ടാറ്റ കാറാണ് പഞ്ച് മൈക്രോ എസ്‌യുവി. 2021-ൽ ടാറ്റ പുതുക്കിയ ടിഗോർ ഇവിയും അവതരിപ്പിച്ചതും വിൽപ്പനയിൽ പ്രതിഫലിക്കുന്നുണ്ട്.

അതേസമയം നെക്‌സോൺ ഇവി നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ കാറാണ്. 400 കിലോമീറ്ററിലധികം ഡ്രൈവ് റേഞ്ചും വലിയ ബാറ്ററി ബാക്കും ഉള്ള ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് പതിപ്പ് വരും ആഴ്ച്ചയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇടത്തരം എസ്‌യുവി കൂപ്പെയിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇത് അടുത്ത വർഷം തുടക്കത്തോടെയും വിൽപ്പനയ്ക്കായി സജ്ജമാക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ, നിസാൻ കിക്ക്‌സ് എന്നിവയ്‌ക്കെതിരെയാകും ഈ വരാനിരിക്കുന്ന മോഡൽ മത്സരിക്കാൻ ഒരുങ്ങുന്നത്.

എന്നിരുന്നാലും ഇടത്തരം എസ്‌യുവി കൂപ്പെയുടെ ഇലക്ട്രിക് പതിപ്പാകും ആദ്യം വിപണിയിൽ എത്തുകയെന്നാണ് സൂചന. ഒരു സമർപ്പിത സ്കേറ്റ്ബോർഡ് ഉൾപ്പെടെ മൂന്ന് ഇവി പ്ലാറ്റ്‌ഫോമുകൾ ടാറ്റ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ടാറ്റ ഒരു വലിയ നിക്ഷേപത്തോടെ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) എന്നറിയപ്പെടുന്ന ഒരു പുതിയ സബ്സിഡിയറി ബ്രാൻഡും പ്രഖ്യാപിച്ചിരുന്നു. ഇതിനു കീഴിൽ സിയെറ ഇവി ഉൾപ്പെടെ അടുത്ത അര ദശാബ്ദത്തിനുള്ളിൽ മൊത്തം പത്ത് ഇലക്ട്രിക് വാഹനങ്ങളായിരിക്കും വിപണിയിൽ അണിനിരക്കുക.

2022 സാമ്പത്തിക വർഷത്തിൽ ടാറ്റ തങ്ങളുടെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയാണ് കൈവരിച്ചത്. ഇക്കാലയളവിൽ 67 ശതമാനം വാർഷിക വളർച്ചയോടെ 3,70,732 യൂണിറ്റുകളാണ് കമ്പനി മൊത്തത്തിൽ നിരത്തിലെത്തിച്ചത്. കഴിഞ്ഞ പാദത്തിൽ മൊത്തം 1,23,051 യൂണിറ്റുകൾ വിറ്റഴിച്ച് 47 ശതമാനമായി വിൽപ്പനയും വർധിച്ചു.

29,559 യൂണിറ്റുകളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ എസ്‌യുവി വിൽപ്പനയ്‌ക്കൊപ്പം കഴിഞ്ഞ മാസം റെക്കോർഡിഡാനും ബ്രാൻഡിനായി. യഥാക്രമം 9,095 യൂണിറ്റ് (432 ശതമാനം വർധന), 3,357 യൂണിറ്റ് (377 ശതമാനം വർധന) എന്നിങ്ങനെയുള്ള ഏറ്റവും ഉയർന്ന ത്രൈമാസിക വിൽപ്പനയും എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി 353 ശതമാനം വളർച്ചയോടെ 19,106 യൂണിറ്റുകളുടെ ഏറ്റവും ഉയർന്ന വാർഷിക ഇവി വിൽപ്പനയും ടാറ്റ രേഖപ്പെടുത്തി.

2022 ഏപ്രിൽ ഒന്നു മുതൽ പാസഞ്ചർ വാഹന നിരയിലും വാണിജ്യ വാഹന ശ്രേണിയിലും വില വർധനവ് നടപ്പിലാക്കുമെന്നും ടാറ്റ മോട്ടർസ് പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ വിഭാഗത്തിൽ വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 2022 ഏപ്രില്‍ 1 മുതല്‍ ശ്രേണിയിലുടനീളം വിലയിലെ വര്‍ധന 2-2.5 ശതമാനം മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

അതേസമയം പാസഞ്ചർ വിഭാഗത്തിൽ തെരഞ്ഞെടുത്ത മോഡലുകളിലുടനീളം ഫ്ലാറ്റ് വർധനവാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ടാറ്റയുടെ മുഴുവൻ ശ്രേണിയുടെയും എല്ലാ വകഭേദങ്ങൾക്കും ഏപ്രിലിൽ 3,000 രൂപയോളമാണ് വില വർധിപ്പിച്ചിരിക്കുന്നത്. സാധാരണയായി മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില വർധന വ്യത്യാസപ്പെടുമ്പോൾ ഇത്തവണ കമ്പനി ഒരേ രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കുകയായിരുന്നു.

ഇൻപുട്ട് ചെലവുകളിലെ ഗണ്യമായ വർധനവാണ് വില അടിക്കടി ഉയർത്താൻ വാഹന നിർമാതാക്കളെല്ലാം പ്രേരിതമായിരിക്കുന്നത്. ടാറ്റ മോട്ടോർസിനു പുറമെ മറ്റ് പ്രമുഖ ബ്രാൻഡുകളും വില പരിഷ്ക്കാരം നടപ്പിലാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








