വെന്റിലേറ്റഡ് സീറ്റുകൾ ഉൾപ്പടെ കിടിലൻ 5 ഫീച്ചറുകൾ; Kaziranga Edition മോഡലുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata
2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിൽ) അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന തങ്ങളുടെ മുൻനിര എസ്‌യുവികളുടെ വരാനിരിക്കുന്ന ടാറ്റ മോട്ടോർസിന്റെ കാസിരംഗ എഡിഷനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

ഈ സീസണിൽ ഐപിഎല്ലിന്റെ ഔദ്യോഗിക സ്‌പോൺസർമാരായ ടാറ്റ മോട്ടോർസ് പഞ്ചിനു പുറമെ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുടെയും കാസിരംഗ എഡിഷനുകളും പുറത്തിറക്കും. ഈ സ്പെഷ്യൽ എഡിഷൻ എസ്‌യുവികളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം കമ്പനി സൂചന നൽകുകയും ചെയ്‌തിരുന്നു.

ഇപ്പോൾ എസ്‌യുവികളുട കാസിരംഗ എഡിൽനുകളെ കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നിന്നുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ടാറ്റ എസ്‌യുവികളുടെ ഈ സ്പെഷ്യൽ മോഡലുകൾക്ക് പ്രത്യേക ബോഡി കളർ ഗ്രാസ്‌ലാൻഡ് ബീജ് കളർ ഓപ്ഷനും റിനോ മോട്ടിഫുകൾ ഉണ്ടായിരിക്കും.

ഇതുവരെ ഈ എസ്‌യുവികൾക്കുള്ളിൽ വാഗ്‌ദാനം ചെയ്യുന്ന അഞ്ച് പ്രധാന സവിശേഷതകൾ ടാറ്റ മോട്ടോർസ് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കാർ നിർമാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ടാറ്റ നെക്‌സോണിന് വെന്റിലേറ്റഡ് സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക.

നെക്സോൺ കാസിരംഗ പതിപ്പിനുള്ളിലെ അപ്‌ഹോൾസ്റ്ററിയിൽ പ്രീമിയം ബെനെക്കെ കലിക്കോ ഡ്യുവൽ ടോൺ എർത്തി ബീജ് ലെതറെറ്റ് ഉണ്ടായിരിക്കുമെന്നതും ശ്രദ്ധിക്കപ്പെടും. ഈ സ്പെഷ്യൽ എഡിഷൻ എസ്‌യുവികൾക്ക് ലഭിക്കുന്ന രണ്ടാമത്തെ സവിശേഷത, ഓട്ടോ ഡിമ്മിംഗ് സൗകര്യമുള്ള ഇൻസൈഡ് റിയർ വ്യൂ മിറർ അല്ലെങ്കിൽ ഐആർവിഎം ആണ്.

നെക്സോൺ കാസിരംഗ പതിപ്പിലും ഈ ഫീച്ചർ ലഭ്യമാകും. 'തെളിച്ചം കണ്ടെത്താനും അനുയോജ്യമായ റോഡ് കാഴ്ച്ചയ്ക്ക് അനുയോജ്യമാക്കാനും' ഇത് സഹായിക്കും. ടാറ്റ സഫാരി കാസിരംഗ എഡിഷന് വയർലെസ് ചാർജിംഗ് സൗകര്യം ലഭിക്കും. മൂന്ന് നിരകളുള്ള ഏഴ് സീറ്റർ എസ്‌യുവിയിൽ ഇതിനകം ലഭ്യമായ ഒരു സവിശേഷതയാണിത് എന്നതും ഓർമിക്കേണ്ട വസ്‌തുതയാണ്.

ടാറ്റ മോട്ടോഴ്‌സിന്റെ ഐആർഎ കണക്റ്റഡ് കാർ ഫീച്ചറുമായി ടാറ്റ പഞ്ച് കാസിരംഗ എഡിഷൻ എത്തും. നാവിഗേഷൻ, കാലാവസ്ഥ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ വോയ്‌സ് കമാൻഡുകളും What3Words ഫീച്ചറുകളും ഉപയോഗിക്കാം. ഹർമനിൽ നിന്നുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഈ ഫീച്ചർ ലഭ്യമാകും.

നാല് എസ്‌യുവികളിലും വാഗ്‌ദാനം ചെയ്യപ്പെടുന്ന അഞ്ചാമത്തെ സവിശേഷത എയർ പ്യൂരിഫയർ സംവിധാനമാണ്. പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി കാസിരംഗ എഡിഷനുകൾ സ്റ്റാൻഡേർഡായി എയർ പ്യൂരിഫിക്കേഷൻ സജ്ജീകരണം ടാറ്റ മോട്ടോർസ് കൊണ്ടുവരും.

വരാനിരിക്കുന്ന പഞ്ച് കാസിരംഗയിൽ കാണുന്ന അതേ മെറ്റിയർ ബ്രോൺസ് കളർ ഓപ്ഷനിലാകും മറ്റ് എസ്‌യുവി മോഡലുകളും അണിഞ്ഞൊരുങ്ങുക. ഫെൻഡറുകളിലും റിയർ വിൻഡ്‌സ്‌ക്രീനിലും ഗ്ലൗബോക്‌സിലും റിനോ മോട്ടിഫുകൾ അവതരിപ്പിക്കുന്നതിനു പിന്നാലെ വാഹനങ്ങൾക്ക് സവിശേഷമായ 'കാസിരംഗ' സ്‌കഫ് പ്ലേറ്റുകളും കമ്പനി സമ്മാനിക്കും.

ഇവയ്ക്കെല്ലാം പുറമെ ലെതർ പൊതിഞ്ഞ മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വൈപ്പറുകൾ എന്നിവ ടാറ്റയുടെ എല്ലാ എസ്‌യുവികളിലെയും പൊതുവായ ചില സവിശേഷതകളാണ്. അതിനാൽ ഇവയെല്ലാം കാസിരംഗ എഡിഷനിൽ ഇടംപിടിക്കും.

പിന്നെ ടാറ്റയുടെ സ്പെഷ്യൽ എഡിഷൻ മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കാസിരംഗ എഡിഷൻ പഞ്ചിനു പുറമെ മറ്റ് എസ്‌യുവികളിലേക്കും അവതരിപ്പിക്കാൻ പ്രചോദനമായിട്ടുണ്ട്. പഞ്ച് മൈക്രോ എസ്‌യുവിയുടെ ഒരൊറ്റ യൂണിറ്റ് മാത്രമാകും കമ്പനി നിർമിക്കുക. ആ മോഡലൽ കാസിരംഗ എഡിഷൻ എന്ന പേരിൽ ഐപിഎല്ലിൽ ആരാധകർക്കായി ലേലത്തിന് വെക്കുകയും ചെയ്യും.

ഇതിൽ നിന്നുള്ള വരുമാനം കാസിരംഗയിലെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. എന്നാൽ നെക്സോൺ, ഹാരിയർ, സഫാരി എന്നിവയുടെ മോഡലുകൾ ഡാർക്ക് എഡിഷനുകൾക്ക് സമാനമായി വിപണിയിൽ വിൽപ്പനയ്ക്ക് എത്താനാണ് തയാറെടുക്കുന്നത്. മൈക്രോ എസ്‌യുവിയുടെ ടോപ്പ് എൻഡ് 'ക്രിയേറ്റീവ്' വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പഞ്ചിന്റെ കാസിരംഗ എഡിഷൻ പൂർത്തിയാക്കിയിരിക്കുന്നത്

കോസ്മെറ്റിക്, ഫീച്ചർ മാറ്റങ്ങൾ ഒഴികെ എഞ്ചിൻ, മെക്കാനിക്കൽ ഘടകങ്ങളിലൊന്നും കാസിരംഗ എഡിഷനുകൾക്ക് മാറ്റം ഉണ്ടാവില്ല. അതേ എഞ്ചിൻ ഓപ്ഷനുകൾ മുന്നോട്ടു കൊണ്ടുപോവുമ്പോൾ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റായിരിക്കും പഞ്ചിന് തുടിപ്പേകുന്നത്. ഇത് ടാറ്റ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കണ്ടതിന് സമാനമാണ്.

5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്.


Click it and Unblock the Notifications








