Nexon എസ്‌യുവിയുടെ പുതിയ റോയൽ ബ്ലൂ കളർ ഓപ്ഷനും നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ച് Tata
ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവി മോഡലാണ് ടാറ്റ നെക്സോൺ. അടുത്തിടെ മൂന്നു ലക്ഷം യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ല് പിന്നിട്ട ഈ കോംപാക്‌ട് സ്പോട്‌സ് യൂട്ടിലിറ്റി വാഹനത്തെ അടിക്കടി പരിഷ്ക്കരിക്കുന്നത് കമ്പനിയുടെ ഒരു ഹോബിയാണ്.

പുതിയ വേരിയന്റുകൾ കൂട്ടിച്ചേർക്കുന്നതും കളർ ഓപ്ഷനുകൾ സമ്മാനിക്കുന്നതുമാണ് ഇതിൽ കൂടുതലും. പുതിയ ഉത്പാദന നാഴികക്കല്ല് പിന്നിട്ടതിനു ശേഷം അടുത്തിടെ നെക്‌സോൺ ലൈനപ്പിലേക്ക് ഒരു പുതിയ റോയൽ ബ്ലൂ കളർ ഓപ്ഷനും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരുന്നു.
ഈ പുതിയ നിറത്തിനു പുറമെ കമ്പനി നെക്‌സോൺ ശ്രേണിയിലേക്ക് നാല് പുതിയ വേരിയന്റുകളും ചേർത്തിട്ടുമുണ്ട്. ഈ പുതിയ വേരിയന്റുകൾ അധിക ഫീച്ചറുകളോടെയാണ് വരുന്നത് കൂടാതെ മുൻ ശ്രേണിയിലെ ടോപ്പ് XZ+(O) വേരിയന്റിന് മുകളിലാണ് ഇവയെല്ലാം സ്ഥാനം പിടിച്ചിരിക്കുന്നതും.

XZ+ (P), XZA+ (P), XZ+ (HS), XZA+ (HS) എന്നിങ്ങനെ നെക്‌സോണിന്റെ രണ്ട് മാനുവൽ, രണ്ട് ഓട്ടോമാറ്റിക് പതിപ്പുകൾ എന്നിങ്ങനെ നാല് പുതിയ വേരിയന്റുകളിൽ ഉൾപ്പെടുന്നു. ഈ പുതിയ വേരിയന്റുകൾ ഡാർക്ക് എഡിഷൻ ലൈനപ്പിലും വാഗ്ദാനം ചെയ്യുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്.

നെക്സോണിന്റെ പുതിയ റോയൽ ബ്ലൂ കളർ ഓപ്ഷന്റെ ഡെലിവറി കമ്പനിയിപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ടോപ്പ്-സ്പെക്ക് XZA+ (P) വേരിയന്റിനെ അടുത്തറിയാൻ ഒരു വോക്ക്എറൌണ്ട് വീഡിയോയും കാണാം. ശരിക്കും പറഞ്ഞാൽ റോയൽ ബ്ലൂ കളർ ഓപ്ഷൻ അടുത്തിടെ ആൾട്രിസിൽ പരിചയപ്പെടുത്തിയ ഓപ്പെൽ ബ്ലൂ കളർ സ്കീമിനോട് വളരെ സാമ്യമുള്ളതാണെന്നതും ശ്രദ്ധേയമാണ്.

നെക്സോൺ XZA+ (HS), XZ+ (HS) വേരിയന്റുകൾ ഒരു ഇൻ-ബിൽറ്റ് എയർ പ്യൂരിഫയർ ഒരു അധിക ഫീച്ചറായും അവതരിപ്പിച്ചിട്ടുണ്ട് ടാറ്റ. വീഡിയോയിൽ കാണുന്ന ടോപ്പ് എൻഡ് XZ+ (P), XZA+ (P) വേരിയന്റുകളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ഓട്ടോ-ഡിമ്മിംഗ് IRVM സവിശേഷതയുണ്ടെന്നതും ശ്രദ്ധേയമാണ്.

കൂടാതെ ഈ രണ്ട് ടോപ്പ് എൻഡ് വേരിയന്റുകളും ബെനെക്കെ കലിക്കോ ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററിയോടെയാണ് വരുന്നത്. ഈ പുതിയ ഫീച്ചറുകളെല്ലാം നെക്‌സോൺ കാസിരംഗ എഡിഷനിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ XZ+(O) പതിപ്പുകളിൽ നിന്നുള്ള എല്ലാ ഫീച്ചറുകളും ഈ പുതിയ വേരിയന്റുകളിലേക്കും കമ്പനി വ്യാപിപ്പിച്ചിട്ടുണ്ട്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രിക് സൺറൂഫ്, റിയർ എസി വെന്റുകൾ, ക്രൂയിസ് കൺട്രോൾ, ഐആർഎ കണക്റ്റഡ് കാർ ടെക് എന്നിവ ഇതിൽ ഉൾപ്പെടുന്നുമുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, EBD ഉള്ള എബിഎസ്, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി നെക്‌സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അധിക ഫീച്ചറുകളും ഒരു പുതിയ എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനും ഒഴികെ, നെക്സോണിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ടാറ്റ മോട്ടോർസ് നടപ്പിലാക്കിയിട്ടില്ല.

പുതിയ വേരിയന്റുകൾക്ക് 10.87 ലക്ഷം രൂപ മുതൽ 12.23 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. കൂടാതെ ടാറ്റ നെക്‌സോണിന്റെ സ്റ്റാൻഡേർഡ് ശ്രേണിയുടെ ഭാഗമാണിവ. സ്പെഷ്യൽ ഡാർക്ക് എഡിഷൻ, കാസിരംഗ എഡിഷൻ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമാണ്. പുതിയ നാല് വേരിയന്റുകളും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞടുക്കാനാവും.

118 bhp പവറിൽ 170 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ റെവോട്രോൺ ടർബോ പെട്രോൾ എഞ്ചിനാണ് നെക്‌സോണിന്റെ ഗ്യാസോലിൻ യൂണിറ്റ്. 109 bhp കരുത്തിൽ 260 Nm torque വികസിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഓഫറിലുണ്ട്. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിരിക്കുന്നത്.

നെക്സോണിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 7.39 ലക്ഷം മുതൽ 13.73 ലക്ഷം രൂപ വരെയാണ്. പുതിയ റോയൽ ബ്ലൂ കളർ ഓപ്ഷനു പുറമെ അറ്റ്‌ലസ് ബ്ലാക്ക്, ഫോലിയേജ് ഗ്രീൻ, കാൽഗറി വൈറ്റ്, ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നീ അഞ്ച് നിറങ്ങളിലും നെക്സോൺ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാൻ സാധിക്കും.

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മഹീന്ദ്ര XUV300, ഹോണ്ട WR-V എന്നിവയ്‌ക്കെതിരെയാണ് ജനപ്രിയമായ ടാറ്റ നെക്‌സോൺ മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








