ഇനിയാണ് യഥാർഥ കളികൾ; ADAS, ഹൈഡ്രജൻ ടെക് തുടങ്ങിയ വമ്പൻ സെറ്റപ്പുമായി Tata കാറുകൾ
വരാനിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിൽ സജീവ സാന്നിധ്യമാവാൻ തയാറെടുക്കുകയാണ് ജനപ്രിയരായ ടാറ്റ മോട്ടോർസ്. സമീപഭാവിയിൽ തങ്ങളുടെ കാറുകളിൽ എത്തിയേക്കാവുന്ന നിരവധി ഭാവി സാങ്കേതികവിദ്യകൾ പരിപാടിയിൽ പ്രദർശിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈഡ്രജൻ സാങ്കേതികവിദ്യ, അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ടീസറുകൾ വാഹന നിർമാതാവ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് വിഭാഗത്തിൽ തലതൊട്ടപ്പനായി നിൽക്കുന്നതും ടാറ്റയാണ്. നെക്‌സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി തുടങ്ങിയ ബാക്ക്-ടു-ബാക്ക് ഓഫറുകൾ ഉപയോഗിച്ച് ഇലക്ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിന്റെ വലിയ വിപണി വിഹിതം കമ്പനി പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ ഭാവിയിലെ വാഹനങ്ങൾക്ക് ഊർജം പകരാൻ കഴിയുന്ന ഹൈഡ്രജൻ പവർ ഉപയോഗിച്ച് ബദൽ ഊർജ്ജത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും ടാറ്റ മോട്ടോർസ് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു എന്നതാണ് സന്തോഷകരമായ കാര്യം.

വലിയ വാഹനങ്ങളായ ട്രക്കുകൾക്കും ബസുകൾക്കും കൂടുതൽ ദൂരത്തേക്ക് കൂടുതൽ പ്രായോഗികമായി കണക്കാക്കുന്ന ഹൈഡ്രജൻ ഫ്യുവൽ, ബ്രാൻഡിന്റെ വാണിജ്യ വാഹന വ്യവസായത്തിന് പോലും കരുത്താവും. ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സാങ്കേതികവിദ്യയുടെ പ്രോട്ടോടൈപ്പുകൾ വാഹന നിർമാതാവ് അവതരിപ്പിക്കുന്നത് നമുക്ക് കാണാൻ കഴിയും. അടുത്തതായി ടാറ്റ തങ്ങളുടെ കാറുകളിൽ കൂടുതൽ സജീവവും നിഷ്ക്രിയവുമായ സുരക്ഷാ ഫീച്ചറുകൾ ഉപയോഗിച്ച് സുരക്ഷയോടുള്ള പ്രതിബദ്ധതയെയും ഉയർത്തിക്കാട്ടും. നിലവിൽ രാജ്യത്ത് ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്നവരിൽ ഒരാളാണ് ടാറ്റ.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങളിൽ ടാറ്റ മോട്ടോർസിന്റെ പുതിയ മോഡലുകൾ മികച്ച രീതിയിൽ റേറ്റുചെയ്തിട്ടുണ്ടെങ്കിലും സുരക്ഷാ ഫീച്ചറുകളുടെ അടുത്ത ഘട്ടത്തിലേക്ക് ചേക്കേറാനായി കാറുകളിൽ ADAS ചേർക്കുന്നതും വരും വർഷം നാം സാക്ഷ്യംവഹിച്ചേക്കാം. ടാറ്റയുടെ മുൻനിര മോഡലുകളായ സഫാരി, ഹാരിയർ എന്നിവ ADAS ലഭിക്കുന്ന ആദ്യ മോഡലുകളാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 15 ലക്ഷം രൂപ വിലയുള്ള കാറുകളുടെ സെഗ്മെന്റിൽ ഇതിനകം തന്നെ ഈ സേഫ്റ്റി ഫീച്ചർ ലഭ്യമാണ്.

മഹീന്ദ്ര XUV700, ഹോണ്ട സിറ്റി ഹൈബ്രിഡ്, എംജി ആസ്റ്റർ, BYD അറ്റോ 3 ഇവി എന്നിവയാണ് ഈ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിരിക്കുന്ന കാറുകൾ. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റും ADAS ടെക്കിനൊപ്പം അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ മുൻനിര വാഹനങ്ങളിൽ മാത്രമായിരിക്കും ADAS ഓഫർ ചെയ്യുകയെന്നാണ് സൂചന. പ്രത്യേകിച്ചും അടുത്ത വർഷം പുറത്തിറങ്ങാനൊരുങ്ങുന്ന പുത്തൻ ഹാരിയർ, സഫാരി എന്നിവയ്ക്കൊപ്പം.
അവസാനമായി ടാറ്റ മോട്ടോർസിന് അവരുടെ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ബ്രാൻഡിന്റെ കണക്റ്റഡ് കാർ പ്ലാറ്റ്‌ഫോമായ iRA യുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞേക്കും. നിലവിൽ iRA കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന വാഹനങ്ങൾക്ക് ഏകദേശം 27 സവിശേഷതകളാണ് ലഭിക്കുന്നത്. എന്നാൽ ഈ പ്ലാറ്റ്‌ഫോമിൽ കൂടുതൽ ഫീച്ചറുകൾ കൂട്ടിച്ചേർക്കാനും തുടർന്ന് പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി OTA അപ്‌ഡേറ്റുകൾ വഴി ഇത് പുറത്തിറക്കാനുമായിരിക്കും കമ്പനിയുടെ ശ്രമം.
ഹ്യുണ്ടായിക്കും കിയയ്ക്കും അവരുടെ കണക്റ്റഡ് കാർ സാങ്കേതികവിദ്യയിലൂടെ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളുടെ എണ്ണത്തിൽ ഗണ്യമായ മുൻതൂക്കം ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ ടാറ്റയ്ക്ക് തങ്ങളുടെ എതിരാളികളോട് അടുക്കാൻ ഈ അവസരം ഉപയോഗിക്കാം. അതോടൊപ്പം ടാറ്റ മോട്ടോർസ് 2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു സുസ്ഥിര മൊബിലിറ്റി ബ്രാൻഡാവാനാണ് ശ്രമിക്കുന്നത്. ഇത് കമ്പനിയുടെ 'നെറ്റ് സീറോ' കാർബൺ എമിഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കമ്പനിയുടെ ലക്ഷ്യത്തിന് അനുസൃതമായിരിക്കും എന്നാണ് വിലയിരുത്തൽ.
ജനുവരി 11-ന് കൊടിയേറുന്ന ഓട്ടോ എക്‌സ്‌പോയോട് അടുത്ത് കമ്പനിയുടെ പദ്ധതികളെ കുറിച്ച് കൂടുതൽ അറിയാനായേക്കും. ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാര്‍ എന്ന നിലയിലാണ് ടാറ്റ മോട്ടോര്‍സ് ടിയാഗോ ഇവി അവതരിപ്പിച്ചത്. ഇക്കാരണത്താൽ വലിയ ഹിറ്റായ വാഹനത്തിനുള്ള ഡെലിവറി വരുന്ന ജനുവരിയോടെ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ടാറ്റ ടിയാഗോ ഇവി ബുക്കിംഗ് കണക്കില്‍ നിന്ന് ടാറ്റ മോട്ടോര്‍സ് മനസ്സിലാക്കിയ മറ്റൊരു രസകരമായ വസ്തുത എന്തെന്നാല്‍ 50 ശതമാനത്തിലധികം ഉപഭോക്താക്കളും 40 വയസ്സിന് താഴെയുള്ളവരും 25 ശതമാനം പേര്‍ ആദ്യമായി കാര്‍ വാങ്ങുന്നവരുമായിരുന്നു എന്നതാണ്.


Click it and Unblock the Notifications