കുതിക്കാനൊരുങ്ങി Tata, നെക്സോണിനെ അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവി എത്തുക അടുത്ത വർഷം
ടാറ്റയുടെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിലൊന്നാണ് നെക്സോൺ എന്ന സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം. മികച്ച സുരക്ഷകൊണ്ടും കിടിലൻ എഞ്ചിൻ ഓപ്ഷനാലും കൊണ്ട് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് നെക്സോൺ.

ഈ ജനപ്രീതി കണക്കിലെടുത്ത് നെക്സോണിനെ അടിസ്ഥാനമാക്കി ഒരു കൂപ്പെ മോഡലിൽ പ്രവർത്തിച്ചുവരികയാണ് ടാറ്റ മോട്ടോർസ്. നിലവിൽ എസ്‌യുവി കൂപ്പെ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഇലക്ട്രിക്, ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) ഓപ്ഷനുകളോടെ വരുമെന്നുമെന്ന സൂചനയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

എസ്‌യുവി കൂപ്പെ ഈ വർഷം അരങ്ങേറ്റം കുറിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ചിപ്പ് ക്ഷാവും കൊവിഡ് പ്രതിസന്ധികളും കാരണം പദ്ധതി വൈകുകയായിരുന്നു. അതിനാൽ അടുത്ത വർഷത്തേക്കായിരിക്കും നെക്സോണിനെ അടിസ്ഥാനമാക്കിയുള്ള ഈ വാഹനം നിരത്തുകളിൽ എത്തൂവെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പുതിയ നെക്‌സോൺ കൂപ്പെ സാധാരണ ടാറ്റ നെക്‌സോണിന്റെ അതേ X1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും നിർമിക്കുക. എന്നിരുന്നാലും ഇതിന് വലിപ്പം കൂടുതലായിരിക്കും എന്നതാണ് ശ്രദ്ധേയം. ഏകദേശം 4.3 മീറ്റർ നീളമാകും ഈ പുതിയ മോഡലിനുണ്ടാവുക. ഹ്യുണ്ടായി ക്രെറ്റയ്‌ക്ക് എതിരായി 2018-ൽ നെക്‌സോൺ കൂപ്പെ ഒരു മിഡ്-സൈസ് എസ്‌യുവിയായി വിഭാവനം ചെയ്‌തിരുന്നു.

എന്നാൽ സാമ്പത്തിക കാരണങ്ങളാൽ ആ പദ്ധതികൾ കമ്പനി ഉപേക്ഷിക്കുകയായിരുന്നു. വീലിന്റെ ജ്യാമിതിയിൽ മാറ്റം വരുത്തുന്നതിലൂടെ ഏകദേശം 50 മില്ലീമീറ്റർ നീളമുള്ള വീൽബേസ് ഉണ്ടായിരിക്കുമെങ്കിലും നെക്സോൺ കൂപ്പെയുടെ ദൈർഘ്യം വർധിക്കുന്നത് കൂടുതലും പിന്നിലെ ഓവർഹാംഗിൽ നിന്നായിരിക്കും.

വാഹനത്തിന്റെ രൂപകൽപ്പനയുടെ കാര്യത്തിൽ നെക്‌സോൺ കൂപ്പെയെ വ്യത്യസ്തമാക്കാൻ സഹായിക്കുന്നതിന് സ്റ്റാൻഡേർഡ് നെക്‌സോണിനേക്കാൾ നിരവധി മാറ്റങ്ങൾ ബ്രാൻഡ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. മുൻവശത്ത് എ-പില്ലർ, വിൻഡ്‌സ്‌ക്രീൻ, മുൻ ഡോറുകൾ എന്നിവ ഏറെക്കുറെ മാറ്റമില്ലാതെ തുടരുമെങ്കിലും നെക്‌സോൺ കൂപ്പെ വളരെയധികം പുനർരൂപകൽപ്പന ചെയ്ത മുൻവശവുമായി വന്നേക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകിയിരിക്കുന്ന സൂചന.

മാത്രമല്ല പ്രധാന മാറ്റം പ്രൊഫൈലിലുമായിരിക്കും പ്രകടമാവുക. അവിടെ എസ്‌യുവി കൂപ്പെയിൽ നീളമുള്ള പിൻ ഡോറുകളും ടാപ്പറിംഗ് റൂഫ്‌ലൈനും പുതിയ ഫാസ്റ്റ്ബാക്ക് സ്റ്റൈൽ ബൂട്ടുമായി ലയിപ്പിക്കും. പിൻഭാഗത്തെ ഓവർഹാംഗിന്റെ വലിപ്പം കൂട്ടുന്നതോടെ മെച്ചപ്പെട്ട പിൻസീറ്റ് ലെഗ്റൂമും ഗണ്യമായി ഉയർത്തിയ ബൂട്ട് സ്പേസും വാഹനത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെക്സോൺ കൂപ്പെ ആദ്യം ഒരു ഇലക്‌ട്രിക് മോഡൽ ആയി അവതരിപ്പിക്കിനാണ് ടാറ്റ മോട്ടോർസിന് താത്പര്യം. അതിന് ശേഷം ഒരു പെട്രോൾ, ഡീസൽ പതിപ്പും വാഹനത്തിന് കമ്പനി സമ്മാനിക്കും. അടുത്ത മാസം ലോഞ്ച് ചെയ്യാൻ പോകുന്ന നെക്സോൺ ഇവി ലോംഗ് റേഞ്ചിന്റെ അതേ സജ്ജീകരണം നെക്സോൺ കൂപ്പെ ഇവി ഉപയോഗിക്കുമെന്നാണ് അനുമാനിക്കുന്നത്.

എന്നാൽ ഇവി പവർട്രെയിനിനെ കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഒരു വലിയ 40kWh ബാറ്ററി പായ്ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.

കൂടാതെ സാധാരണ നെക്സോൺ ഇവിയുടെ 129 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നിലവിലെ മോട്ടോറിനേക്കാൾ കൂടുതൽ ശക്തിയും ടോർഖും വികസിപ്പിക്കുന്ന ഒരു യൂണിറ്റ് ഉപയോഗിച്ച് വലിയ നെക്സോൺ കൂപ്പെയുടെ ഇലക്ട്രിക് മോട്ടോറിനെ ടാറ്റ മോട്ടോർസ് നവീകരിക്കാനും സാധ്യതയുണ്ട്.

ഈ വലിയ പെട്രോൾ എഞ്ചിൻ നിർമിക്കാനുള്ള ടാറ്റയുടെ പദ്ധതി പുനരുജ്ജീവിപ്പിച്ചതിനാൽ നെക്സോൺ കൂപ്പെയുടെ ICE പതിപ്പിന് തുടിപ്പേകാൻ എത്തുക പുതിയ 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ആയിരിക്കും. കമ്പനി സാധാരണ നെക്സോണിന്റെ 1.2 ടർബോ-പെട്രോൾ ഉപയോഗിക്കില്ല.

കാരണം ഒന്നാമതായി നെക്സോൺ കൂപ്പെയുടെ നീളം 4 മീറ്ററിൽ കൂടുതലായതിനാൽ അതിന് നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ല. രണ്ടാമതായി ഇത് വലിപ്പമുള്ള വാഹനമായതിനാൽ അതിനെ വഹിക്കാനുള്ള കരുത്ത് ഈ എഞ്ചിൻ നൽകില്ല എന്നതാണ്. നിലവിൽ നെക്‌സോണിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ നെക്‌സോൺ കൂപ്പെയിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും ഇത് രണ്ടാംഘട്ട ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്ന (2023-ൽ പ്രാബല്യത്തിൽ വരും) പരിഷ്ക്കരിച്ച യൂണിറ്റായിരിക്കും. പ്രതിവർഷം 2.4 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള ഫോർഡിന്റെ സാനന്ദ് അധിഷ്ഠിത നിർമാണ പ്ലാന്റ് ഏറ്റെടുക്കാൻ ടാറ്റ മോട്ടോർസ് ഒരുങ്ങുകയാണ്.

2020 സാമ്പത്തിക വർഷത്തിലെ 1,31,197 യൂണിറ്റുകളിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 3.5 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാനാണ് ഇപ്പോൾ കമ്പനി തയാറെടുക്കുന്നത്. അതിന്റെ ഭാഗമായാണ് സാനന്ദ് അധിഷ്ഠിത നിർമാണ പ്ലാന്റ് ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ടാറ്റ മോട്ടോർസ് രൂപംകൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications