ലാഗില്ലാതെ ചീറിപായാം, Altroz ഡിസിടി ഓട്ടോമാറ്റിക് അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Tata Motors
എതിരാളികളെല്ലാം പുതിയ മാറ്റങ്ങളും പരിഷ്ക്കാരങ്ങളുമായി വിപണിയിൽ കളംനിറയുമ്പോൾ ഏവരും തന്നെ മറക്കുമോയെന്ന സങ്കടത്തിലായിരുന്നു ടാറ്റ ആൾട്രോസ്. എന്നാൽ അതിനുള്ള പോംവഴിയുമായി കമ്പനി തന്നെ മുന്നോട്ടുവന്നിരിക്കുകയാണ്.

ശ്രേണിയിൽ ഇതുവരെ ഓട്ടോമാറ്റിക് ഗിയർബോക്‌സില്ലാതെ വിലസിയിരുന്ന ആൾട്രോസിലേക്ക് പുതിയ ഡിസിടി ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ടീസർ ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും വാഹനത്തിന്റെ വരവ് അറിയിച്ച ബ്രാൻഡ് ദേ ഇപ്പോൾ പുത്തൻ മോഡലിന്റെ അരങ്ങേറ്റ തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

ടാറ്റ മോട്ടോർസിൽ നിന്നും ഏറെ കാത്തിരിക്കുന്ന പുതിയ ആൾട്രോസ് ഡിസിടി ഓട്ടോമാറ്റിക് 2022 മാർച്ച് 21-ന് രാജ്യത്ത് അവതരിപ്പിക്കും. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ടോക്കൺ തുകയായ 21,000 രൂപ അടച്ച് ഓട്ടോമാറ്റിക് ആൾട്രോസ് വേരിയന്റ് ഓൺലൈനിലോ അംഗീകൃത ടാറ്റ ഡീലർഷിപ്പിലോ മുൻകൂട്ടി ബുക്ക് ചെയ്യാം.

ആൾട്രോസ് അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രീമിയം ഹാച്ച്ബാക്കിൽ ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ നൽകാൻ കമ്പനി തയാറായത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനും പ്രീമിയം ലുക്കുമെല്ലാം കൊണ്ട് ജനപ്രീതി അതിവേഗം നേടിയെടുക്കാനും ആൾട്രോസിനായിരുന്നെങ്കിലും ഓട്ടോമാറ്റിക്കിന്റെ അഭാവം നിഴലിക്കുന്നുണ്ടായിരുന്നു. ഹ്യുണ്ടായി i20-ക്ക് ശേഷം ഈ സെഗ്മെന്റില്‍ ഡിസിടി പരിചയപ്പെടുത്തുന്ന രണ്ടാമത്തെ കാറാകുമിത്.

ആൾട്രോസിലെ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനെ ഡിസിഎ എന്ന് വിളിക്കുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. ഡിസിഎ എന്നാൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നാണ് അർഥമാക്കുന്നത്. ആൾട്രോസിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമായാകും ജോടിയാക്കുക. അങ്ങനെയെങ്കിൽ മാത്രമേ വിലയുടെ കാര്യത്തിലും മൈലേജിന്റെ കാര്യത്തിലും എന്തേലുമൊക്കെ നൽകാൻ ടാറ്റയ്ക്ക് കഴിയൂ.

ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമായി ലഭിക്കുന്നത് തുടരും. എന്നാൽ അധികം വൈകാതെ തന്നെ ടർബോ വേരിയന്റിനൊപ്പം ഡിസിടി നൽകുമെന്നാണ് അനുമാനം. എന്നിരുന്നാലും ഈ വേരിയന്റിലേക്ക് എത്തുമ്പോൾ വില അധികമായി നിശ്ചയിക്കേണ്ടി വരും. അതിനാൽ ഇന്ത്യയിൽ ഇത് അത്ര സ്വീകാര്യമായ നടപടിയാകുമോ എന്നു കണ്ടറിയണം.

ആൾട്രോസ് ഡിസിടി ഓട്ടോമാറ്റിക് XT, XZ, XZ+ എന്നീ മൂന്നു വേരിയന്റുകളിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്. അതോടൊപ്പം പുതിയ ഓപ്പറ ബ്ലൂ പെയിന്റ് ഉൾപ്പെടെ 5 നിറങ്ങളിൽ ഹാച്ച്ബാക്ക് ലഭിക്കും. ആർക്കേഡ് ഗ്രേ, ഡൗൺടൗൺ റെഡ്, ഹാർബർ ബ്ലൂ, അവന്യൂ വൈറ്റ് എന്നിവയാണ് മറ്റ് കളർ ഓപ്ഷനുകൾ.

പുതിയ നിറങ്ങൾക്കു പുറമെ ഡിസൈനിലും സവിശേഷതകളിലും ഒരു മാറ്റവും കൂടാതെയാകും പുത്തൻ ഡിസിടി വാഹനം വിപണിയിലെത്തുക. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടരും.

ഡിസിടി ഗിയർബോക്‌സുകൾ പെട്ടെന്നുള്ള ഷിഫ്റ്റുകൾക്ക് പേരുകേട്ടതിനാൽ ഇത് തീർച്ചയായും വാഹനത്തിന്റെ ഡ്രൈവിംഗ് കാര്യക്ഷമത വർധിപ്പിക്കും. എന്നാൽ ഡിസിടി സജ്ജീകരിച്ച വേരിയന്റിന് അതിന്റെ മാനുവൽ പതിപ്പിനേക്കാൾ 20 കിലോഗ്രാം അധിക ഭാരവുമുണ്ടാകും. ആൾട്രോസിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് പരമാവധി 85 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതാണ്.

അതേസമയം ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 89 bhp പവറിൽ 200 Nm torque വികസിപ്പിക്കുമ്പോൾ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പരമാവധി 109 bhp കരുത്തിൽ 140 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. നിലവിൽ മൂന്ന് ഓപ്ഷനുകളും സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് വിപണിയിൽ എത്തുന്നത്.

ആൾട്രോസ് ഡിസിടി ഓട്ടോമാറ്റിക്കിന്റെ ഡാർക്ക് എഡിഷനുകളും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യും. മാത്രമല്ല ഉയർന്ന വേരിയന്റുകളിൽ കമ്പനി വലുതും ആധുനികവുമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ചേർക്കും. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലാണ് നിലവിലെ വാഹനം വരുന്നത്.

ആൾട്രോസ് ഓട്ടോമാറ്റിക്കിന് സാധാരണ മാനുവൽ പതിപ്പിനേക്കാൾ ഒരു ലക്ഷം രൂപ അധികം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാച്ച്ബാക്ക് നിലവിൽ 5.99 ലക്ഷം മുതൽ 9.69 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വില ശ്രേണിയിലാണ് ലഭ്യമാവുന്നത്. അതേസമയം ഐടർബോ പതിപ്പിന് 8.10 ലക്ഷം മുതൽ 9.4 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരിക.

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി i20 ഡിസിടി, ഹോണ്ട ജാസ് സിവിടി, മാരുതി സുസുക്കി ബലേനോ എഎംടി, ടൊയോട്ട ഗ്ലാൻസ എഎംടി എന്നീ ഓട്ടോമാറ്റിക് പതിപ്പുകളുമായാകും പുതുപുത്തൻ ടാറ്റ ആൾട്രോസ് ഡിസിടി മാറ്റുരയ്ക്കുക.


Click it and Unblock the Notifications








