നെക്സോൺ ഇവിയുടെ ഇലക്‌ട്രിക് മോട്ടോർ ഒന്നു മാറി, വില കണ്ട് ഉടമ ഞെട്ടി! ഭയപ്പെടേണ്ടന്ന് ടാറ്റയും
ഇന്ത്യയിൽ ഇലക്ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസും അവരുടെ നെക്സോൺ ഇവിയും. ആദ്യ ഇവി ഹിറ്റായതോടെ ടിഗോർ, ടിയാഗോ എന്നിവയെയും വൈദ്യുതീകരിച്ച് ടാറ്റ ഇലക്ട്രിക് വാഹന വിപണി കീഴടക്കിയിരിക്കുകയാണ്.

ഇവികളുടെ യുവ വിപണിയാണ് ഇന്ത്യ എങ്കിലും, ടാറ്റയുടെ ഇലക്ട്രിക് ഉൽപന്നങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. 2022 സെപ്റ്റംബർ മാസത്തെ ഇലക്ട്രിക് കാർ വിപൽപ്പനയിൽ 82.80 ശതമാനം വിഹിതവുമായി ടാറ്റ കുതിക്കുകയാണ്.

പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകൾക്ക് വില കൂടുതലാണെന്ന സത്യം അവിടെ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ധന ചെലവ് ലാഭിക്കാം എന്നതാണ് ഇവയുടെ പ്രധാന ആകർഷണം. ഒരു ഇലക്ട്രിക് കാറിലെ ഏറ്റവും ചെലവേറിയ രണ്ട് ഭാഗങ്ങളായ ബാറ്ററിയുടെയും ഇലക്ട്രിക് മോട്ടോറിന്റെയും വിലയാണ് ഇവികൾ സ്വന്തമാക്കാനുള്ള വില ഉയർന്നു തന്നെ നിൽക്കാൻ കാരണം.

കുറച്ചു നാളുകൾക്ക് മുമ്പ് ഒരു നെക്സോൺ ഇവി ഉപയോക്താവ് വാഹനത്തിന്റെ ബാറ്ററി മാറിയ ചെലവ് കണക്കുകൾ ഇന്റർനെറ്റിലൂടെ പങ്കുവെച്ചിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്ററി പായ്ക്കിന് ഏകദേശം 7 ലക്ഷം രൂപയാണെന്നാണാണ് പോസ്റ്റിൽ കാണാനായത്. ദേ ഇപ്പോൾ മറ്റൊരു നെക്സോൺ ഇവി ഉടമ തന്റെ ഇവിയുടെ മോട്ടോർ മാറ്റി സ്ഥാപിച്ചതിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ടാറ്റ നെക്സോൺ ഇലക്ട്രിക് എസ്‌യുവിയുടെ മോട്ടോറിന്റെ വില 4,47,489 രൂപയാണെന്നാണ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ കാണാനാവുന്നത്. ഇത് "ട്രാക്ഷൻ മോട്ടോർ അസംബ്ലി" എന്നതിന്റെ മാക്‌സിമം റീട്ടെയിൽ പ്രൈസാണ് (MRP). ഇവ വളരെ ചെലവേറിയ പാർട്‌സുകളാണെന്നതിൽ സംശയമില്ല.

എന്നാൽ അവ വാറന്റിക്ക് കീഴിലാണെന്നത് ഉടമയെ സംബന്ധിച്ച് വളരെ ആശ്വാസമാവുന്ന കാര്യമാണ്. വാഹനത്തിന്റെ ബാറ്ററിക്ക് 1.60 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 8 വർഷത്തെ വാറണ്ടിയാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ഈ കാലയളവിൽ ബാറ്ററി തകരാറിലായാൽ പുതിയ ബാറ്ററി സൗജന്യമായി ലഭിക്കും.

കർണാടകയിൽ നിന്നുള്ള നെക്‌സോൺ ഇവി ഉടമ രണ്ട് വർഷം കൊണ്ട് 68,000 കിലോമീറ്ററാണ് നെക്സോൺ ഇവിയിൽ പിന്നിട്ടിരിക്കുന്നത്. എന്നാൽ റേഞ്ച് ഗണ്യമായി കുറയുകയും ബാറ്ററിയുടെ ചാർജ് നില 15 ശതമാനത്തിൽ താഴെയാകുമ്പോൾ കാർ നിന്നുപോവുകയും ചെയ്യുന്നുവെന്ന കംപ്ലിയിന്റ് കമ്പനിയെ അറിയിക്കുകയായിരുന്നു.

വാറണ്ടി കാലയളവിലായിരുന്നതിനാൽ ടാറ്റ മോട്ടോർസ് പഴയ ബാറ്ററിക്ക് പകരം പുതിയ ബാറ്ററി സൌജന്യമായി ഉപഭോക്താവിന് മാറ്റി നൽകി എന്നതാണ് ഇവിടെ ശ്രദ്ധേയമാവുന്ന കാര്യം. അതായത് ഇപ്പോൾ ഒരു നെക്സോൺ ഇലക്ട്രിക് എസ്‌യുവി വാങ്ങിയാൽ എട്ടു വർഷത്തേക്ക് അധിക ചെലവുകളെ ഓർത്ത് ഉത്ഖണ്ഡ വേണ്ടെന്ന് സാരം.

ടാറ്റ നെക്‌സോൺ ഇവിയുടെ ബാറ്ററിയുടെയും ഇലക്ട്രിക് മോട്ടോറിന്റെയും സംയുക്ത വില ഏകദേശം 11.50 ലക്ഷം രൂപയാണ്. ഒരു പുതിയ നെക്സോൺ ഇവിയുടെ വില പരിഗണിക്കുമ്പോൾ ഇത് വളരെ കൂടുതലാണ്. ആയതിനാൽ ഈ അടുത്ത കാലത്തെങ്ങും ഇലക്ട്രിക് കാറുകളുടെ വിലയിൽ ഗണ്യമായ മാറ്റം ഒന്നും ഉണ്ടാവാൻ സാധ്യതയില്ല.

എങ്കിലും കാലക്രമേണ പ്രാദേശികവൽക്കരണം വർധിക്കുമെന്നും വൻതോതിലുള്ള നിർമാണം മൂലം ഇവി ഘടകത്തിന്റെ വില കുറയുമെന്നും നമുക്ക് പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാൽ ഇവി ഘടകഭാഗങ്ങളുടെ വിലയിൽ ഇടിവ് സംഭവിക്കുകയും സാധാരണ ജനങ്ങൾക്ക് എത്തിപ്പിടിക്കാനാവുന്ന വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാവുകയും ചെയ്യും. ഇലക്ട്രിക് കാറുകളുടെ ഉത്പാദനം വർധിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് വൻ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications