Nexon, Tiago വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി Tata Motors
ജൂൺ മാസത്തെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് മുന്നിൽ രണ്ടാം സ്ഥാനം നഷ്‌ടപ്പെട്ടെങ്കിലും പോയ മാസം ടാറ്റ മോട്ടോർസ് ഗംഭീര വിൽപ്പനയോടെയാണ് അവസാനിപ്പിച്ചത്. പുതിയ വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ കടന്നുവരവാണ് കഴിഞ്ഞ മാസം ഹ്യുണ്ടായിയും ടാറ്റയും തമ്മിൽ ഗണ്യമായ വിടവ് സൃഷ്ടിക്കാൻ കാരണമായത്.

ഈ വർഷാവസാനം പുതിയ ട്യൂസോണും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനും ഹ്യുണ്ടായിക്ക് പദ്ധതിയുണ്ട്. മറുവശത്ത് ടാറ്റ ഈ വർഷം പുറത്തിറക്കാൻ പുതിയ കാറുകളൊന്നും ടാറ്റ നിരയിലില്ലെന്നാണ് സൂചന. എങ്കിലും ഇലക്‌ട്രിക് ആൾട്രോസ്, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുള്ള ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ വിപണിയിലേക്ക് എത്തുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ഇതിനിടയിൽ നെക്‌സോണിന്റെയും ടിയാഗോയുടെയും വേരിയന്റ് ലൈനപ്പിനെ ടാറ്റ വീണ്ടും പുനഃക്രമീകരിച്ചിരിക്കുകയാണിപ്പോൾ. നെക്‌സോൺ എസ്‌യുവി പോലുള്ള ജനപ്രിയ വാഹനങ്ങളിൽ ടാറ്റ മോട്ടോർസ് XZ വേരിയന്റുകൾ നിർത്തലാക്കുകയാണ്. ടിയാഗോ ഹാച്ച്ബാക്കിന്റെ XZ, XZA വേരിയന്റുകളും കമ്പനി നിർത്തലാക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.

XZ വേരിയന്റുകൾ മിഡ് XT, ടോപ്പ് എൻഡ് XZ പ്ലസ് വേരിയന്റുകൾക്കിടയിൽ മാന്യമായ ബാലൻസ് വാഗ്ദാനം ചെയ്യുന്നതിനാൽ ഒറ്റനോട്ടത്തിൽ ടാറ്റയുടെ പുതിയ തീരുമാനം യുക്തിരഹിതമായി തോന്നിയേക്കാം. എന്നാൽ ടാറ്റ മോട്ടോർസ് ഒരു കോർപ്പറേറ്റ് കമ്പനിയായതിനാൽ റോ ഡാറ്റയും അനലിറ്റിക്‌സും കാർ വാങ്ങൽ ട്രെൻഡ് റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയാണ് മോഡലുകളുടെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. വിൽപ്പന കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന XM (S) വേരിയന്റ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ട്.

XZ പതിപ്പിന് കൂടുതൽ യുക്തിസഹവും മൂല്യവർധിതവുമായ സവിശേഷതകൾ ലഭിക്കുന്നുണ്ടെങ്കിലും അവ സൺറൂഫ് പോലെ ട്രെൻഡിയല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. സൺറൂഫുകൾക്ക് നമ്മുടെ രാജ്യത്ത് കാര്യമായ പ്രായോഗികത ഇല്ലെങ്കിലും മറ്റ് ഫീച്ചറുകളെക്കാൾ ഫാൻസി ഇതിനുണ്ടെന്നതാണ് ഈ തീരുമാനമെടുക്കാൻ ടാറ്റയെ നിർബന്ധതരാക്കിയത്.

നെക്സോൺ കോംപാക്‌ട് എസ്‌യുവിയുടെ XM (S) വേരിയന്റിന് XZ പതിപ്പിനേക്കാൾ 50,000 കുറവാണെന്നതും ശ്രദ്ധേയമാണ്. ഇക്കാരണങ്ങളാൽ ഈ വകഭേദത്തിന് കൂടുതൽ ഡിമാന്റും സൃഷ്‌ടിക്കാനായേക്കും. XZ പ്ലസ് വേരിയന്റിലേക്ക് നോക്കുമ്പോൾ XZ-നേക്കാൾ നിരവധി സവിശേഷതകൾ ഇതിന് ലഭിക്കുന്നു. അതും 58,000 രൂപയുടെ അധിക വിലയ്ക്ക്.

കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, രണ്ട് 12V പവർ ഔട്ട്‌ലെറ്റുകൾ, ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കൽ, പിൻ യാത്രക്കാർക്ക് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, റിയർ ആംറെസ്റ്റ്, ഫ്രണ്ട് ഡ്രൈവർ ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ് സീറ്റുകൾ, ഡ്രൈവർ വിൻഡോ വൺ-ടച്ച് ഫംഗ്‌ഷൻ, പിൻ ഡീഫോഗറും വൈപ്പറും, പിൻഭാഗത്തെ ഫോഗ് ലൈറ്റുകൾ, കൂടാതെ 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയും നെക്സോണിന്റെ പുതിയ XZ പ്ലസ് വേരിയന്റിന്റെ മേൻമകളാണ്.

ഈ ലോജിക്കൽ അപ്‌ഗ്രേഡുകളെല്ലാം വെറും 58,000 രൂപയുടെ അധിക വിലയ്ക്കാണ് ടാറ്റ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നതെന്നു വേണം പറയാൻ. കൂടുതൽ ട്രെൻഡി ഫീച്ചറുകൾ ആഗ്രഹിക്കുന്ന ആളുകൾ XM (S)-ലും ലോജിക്കൽ അപ്‌ഗ്രേഡുകൾ ആഗ്രഹിക്കുന്ന ആളുകൾ XZ പ്ലസും തെരഞ്ഞെടുക്കുന്നതായി തോന്നുന്നു. അതേസമയം XZ ഉപഭോക്താക്കളെ ആകർഷിക്കാത്ത ഒരു ഇടത്തരം വേരിയന്റായും മാറി.

ഇനി ടിയാഗോയുടെ പുതിയ വേരിയന്റ് നിരയിലേക്ക് നോക്കിയാൽ ഹാച്ച്ബാക്ക് XZ, XZA നിർത്തലാക്കി. XT, XZ പ്ലസ് എന്നീ വേരിയന്റുകൾക്കിടയിലാണ് XZ ഇടംപിടിച്ചിരുന്നത്. ആയതിനാൽ 43,000 രൂപ അധികം മുടക്കിയാൽ ടിയാഗോയുടെ XZ പ്ലസ് സ്വന്തമാക്കാം.

ഈ അധിക വിലയ്ക്ക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേഴ്സ് ക്യാമറ, ഡ്യുവൽ-ടോൺ ബ്ലാക്ക് & ബീജ് അപ്ഹോൾസ്റ്ററി, എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, XZ പതിപ്പിലെ 14 ഇഞ്ച് സ്റ്റീൽ വീലുകൾക്ക് പകരം 15 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കുന്നുണ്ട്.

എന്നിരുന്നാലും ടിയാഗോ XZ പതിപ്പിൽ അത് അത്ര ലളിതമല്ല. കാരണം XE CNG, XM CNG, XTA (ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) പോലുള്ള മൂല്യവർധിത വേരിയന്റുകൾ XZ-ന്റെ വില നിർണയവുമായി പൊരുത്തപ്പെടുന്നു എന്നതിനാലാണിത്. XE CNG, XM CNG എന്നിവയും വളരെ കുറഞ്ഞ പ്രവർത്തനച്ചെലവുകൾ വാഗ്ദാനം ചെയ്യുന്നു. XZA പതിപ്പിലും ഇതുതന്നെ പോകുന്നു.

XT സിഎൻജി, XZ പ്ലസ് എന്നിവ പോലെ കൂടുതൽ മൂല്യമുള്ള മറ്റ് ടിയാഗോ വേരിയന്റുകൾ XZA വേരിയന്റിനേക്കാൾ വിലകുറഞ്ഞതാണ്. മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾ കാരണം ടിയാഗോയുടെ XZ, XZA വേരിയന്റുകളുടെയും നെക്സോണിന്റെ XZ വേരിയന്റുകളുടെയും അത്രയും ബുക്കിംഗുകൾ ടാറ്റയ്ക്ക് ലഭിച്ചില്ല.

അതിനാൽ യഥാർഥത്തിൽ ഡിമാൻഡുള്ള വേരിയന്റുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് ഇടം നൽകുന്ന ഈ വേരിയന്റുകളെ കമ്പനി നിർത്തലാക്കുന്നത്. ഓറ, i10 ഗ്രാൻഡ് നിയോസ് എന്നിവയുടെ ഡീസൽ വേരിയന്റുകൾ നിർത്തലാക്കിയിരുന്നു.

ഡിമാൻഡ് ഉള്ള മോഡലുകൾക്കും വേരിയന്റുകൾക്കും കൂടുതൽ ഉത്പാദനം നടത്തുന്നതിനും കൂടുതൽ ലാഭം നേടുന്നതിനുമായി സാൻട്രോയെ പൂർണമായും പിൻവലിച്ചപ്പോൾ ഹ്യുണ്ടായി സമാനമായ നടപടി സ്വീകരിക്കുന്നതും കണ്ടു.


Click it and Unblock the Notifications








