ലോംഗ് റേഞ്ച് വേരിയന്റ് Nexon EV Max എന്നറിയപ്പെടും, കൂട്ടിന് കൂടുതൽ ഫീച്ചറുകളും! ടീസർ വീഡിയോ പുറത്ത്
നെക്സോൺ ഇവിയിലൂടെ ഇലക്‌ട്രിക് വാഹന ലോകം വെട്ടിപ്പിടിച്ച ടാറ്റ മോട്ടോർസ് കോംപാക്‌ട് ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുത്തു കഴിഞ്ഞിരിക്കുകയാണ്.

കൂടുതൽ കരുത്തിലും വിപുലീകൃത റേഞ്ചിലും നെക്‌സോൺ ഇവിയുടെ പുതുക്കിയ മോഡൽ എത്തുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്ന ടീസർ വീഡിയോയും ടാറ്റ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. പുതിയ നെക്സോൺ ഇവി മാക്‌സ് എന്നറിയപ്പെടുന്ന മോഡൽ 2022 മെയ് 11-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
നെക്‌സോൺ ഇവി, ടിഗോർ ഇവി എന്നീ രണ്ട് മോഡലുകളുള്ള ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരാണ് ടാറ്റ മോട്ടോർസ്. പുത്തൻ ലോംഗ് റേഞ്ച് മോഡൽ വിപണിയിൽ എത്തുന്നതിനു മുന്നോടിയായുള്ള ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.

പുതിയ ടാറ്റ നെക്‌സോൺ മാക്‌സ് ഇലക്ട്രിക് കൂടുതൽ കരുത്തുറ്റ ബാറ്ററി പായ്ക്കിനൊപ്പം നിലവിലുള്ള മോഡലിനൊപ്പം തന്നെയാകും വിൽക്കുക. സാധാരണ മോഡലിനേക്കാൾ ചെറിയ കോസ്മെറ്റിക്, ഫീച്ചർ മെച്ചപ്പെടുത്തലുകൾ ഇതിന് ലഭിക്കുമെന്നാണ് ടാറ്റ സൂചന നൽകിയിരിക്കുന്നത്. ഡിസൈനിൽ എന്തെങ്കിലും കാര്യമായ പരിഷ്ക്കാരങ്ങൾ നടത്താനും സാധ്യയില്ലെന്നാണ് സ്പൈ ചിത്രങ്ങളും സൂചന നൽകിയിരിക്കുന്നത്.

വരാനിരിക്കുന്ന നെക്‌സോൺ മാക്‌സ് ഇവിയിൽ ഒരു വലിയ 40kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കായിരിക്കും ഇടംപിടിക്കുക. ഇത് ഒറ്റ ചാർജിൽ പരമാവധി 400 കിലോമീറ്റർ റേഞ്ചായിരിക്കും വാഗ്ദാനം ചെയ്യുക. നിലവിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവിയുടെ സവിശേഷത 30.2kWh ബാറ്ററി പായ്ക്കാണ്. അത് ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്.

വലിയ ബാറ്ററി പായ്ക്ക് പിന്നിലെ ബൂട്ട് സ്പേസിന്റെ ഒരു ഭാഗം കവരുമെന്നതാണ് നിരാശയുളവാക്കുന്ന കാര്യം. റേഞ്ച് മാത്രമല്ല പൂർണമായും ഇലക്ട്രിക് നെക്‌സോണിന്റെ പെർഫോമൻസിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. പുതിയ ബാറ്ററി പായ്ക്ക് പരമാവധി 136 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും.

ടാറ്റ നെക്സോൺ ഇവിയുടെ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ ഒരുക്കിയിരിക്കുന്ന വേരിയന്റ് പരമാവധി 129 bhp പവറിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. നെക്സോൺ ഇവി മാക്‌സിന്റെ വലിയ ബാറ്ററി പായ്ക്ക് അർഥമാക്കുന്നത് വാഹനത്തിന് ഏകദേശം 100 കിലോഗ്രാം അധിക ഭാരമുണ്ടാകുമെന്നാണ്.

പുതിയ നെക്‌സോൺ മാക്‌സ് ഇലക്ട്രിക് കൂടുതൽ സൗകര്യത്തിനായി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കണം.ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ എടുക്കുന്ന സ്റ്റാൻഡേർഡ് പതിപ്പിലെ 3.3kW എസി ചാർജറിന് വിപരീതമായി കൂടുതൽ ശക്തമായ 6.6kW എസി ചാർജറുമായി നെക്സോൺ ഇവി മാക്‌സ് വരുമെന്നാണ് സൂചന.

അതോടൊപ്പം3.3kW എസി ചാർജറും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ലോംഗ് റേഞ്ച് മോഡലിലെ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നതിന് ടാറ്റ കൂടുതൽ ശക്തമായ ചാർജർ വാഗ്ദാനം ചെയ്യുന്നു.

പിൻ വീലുകളിൽ ഡിസ്ക് ബ്രേക്കുകൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട ബ്രേക്കിംഗ് കഴിവും വാഹനത്തിലേക്ക് ടാറ്റ മോട്ടോർസ് കൊണ്ടുവരും. പുതിയ അലോയ് വീൽ ഡിസൈനുകൾ കൂടാതെ നെക്സോൺ ഇവിയുടെ സ്റ്റൈലിംഗിൽ ദൃശ്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ടാറ്റ മോട്ടോർസ് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഇലക്ട്രിക് സൺറൂഫ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സുഖസൌകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരും.

കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ചില ഫീച്ചറുകൾ നെക്സോൺ ഇവി മാക്സിലേക്ക് കൂട്ടിച്ചേർക്കാനും ടാറ്റ മോട്ടോർസ് തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിൽ ഹോൾഡ് ഫീച്ചറിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകളും ടീസറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ക്രമീകരിക്കാവുന്ന റീജൻ ലെവലുകളും ഉണ്ട്.

നിലവിൽ 14.54 ലക്ഷം മുതൽ 17.15 ലക്ഷം വരെയാണ് ടാറ്റ നെക്സോൺ ഇവിയുടെ ഇന്ത്യയിലെ എക്‌സ്ഷോറൂം വില. നെക്സോൺ ഇവി മാക്‌സിന് മറ്റ് അനുബന്ധ വേരിയന്റുകളേക്കാൾ 2-3 ലക്ഷം രൂപ വില കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ വിലകൾ ഏകദേശം 17 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാം.

വരാനിരിക്കുന്ന ടാറ്റ നെക്സോൺ ഇവി മാക്‌സിന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല. പകരം എംജി ZS ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയ്ക്ക് താങ്ങാനാവുന്ന ഒരു ബദലായി ഇത് പ്രവർത്തിക്കും.


Click it and Unblock the Notifications








