ഹിറ്റടിച്ച് Tiago EV; ആദ്യദിനം തേടിയെത്തിയത് 10,000 ബുക്കിംഗുകളെന്ന് Tata Motors
അടുത്തിടെ ഇന്ത്യയിൽ എത്തിയ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറായ ടിയാഗോ ഇവിയും ഹിറ്റ്. ആദ്യദിനം തന്നെ വാഹനത്തെ തേടിയെത്തിയത് 10,000 ബുക്കിംഗുകളെന്ന് ടാറ്റ പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ നേട്ടം ആഘോഷിക്കുന്നതിനായി, അടുത്ത 10,000 ഉപഭോക്താക്കൾക്കും പ്രാരംഭ വില നിലനിർത്താനും കമ്പനി തീരുമാനിച്ചതായി അറിയിച്ചു.

അതിനാൽ അടുത്ത 10,000 ഉപഭോക്താക്കൾക്കും ടിയാഗോ ഇവി 8.49 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ തന്നെ സ്വന്തമാക്കാം. നേരത്തെ ഇത് ആദ്യത്തെ പതിനായിരം പേർക്ക് മാത്രമായിരുന്നു കമ്പനി നൽകിയിരുന്നത്. എന്നാൽ മികച്ച ബുക്കിംഗ് തേടിയെത്തുന്നതിനാൽ അടുത്ത പതിനായിരം പേർക്കും ഇതേ വിലയിൽ ഇവി സ്വന്തമാക്കാനാവും.

21,000 രൂപ നിക്ഷേപിച്ച് ആളുകൾക്ക് അവരുടെ ടാറ്റ ടിയാഗോ ഇവി ഇപ്പോൾ ബുക്ക് ചെയ്യാം. ഇന്നലെയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിനായുള്ള പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചത്. മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ടാറ്റ മോട്ടോർസിന്റെ ഓൺലൈൻ പോർട്ടൽ വഴിയോ ഡീലർഷിപ്പ് സന്ദർശിച്ചോ ടിയാഗോ ഇവിക്കുള്ള റിസർവേഷൻ നടത്താം.

ഓൺലൈൻ പോർട്ടൽ വഴി ബുക്കിംഗ് നടത്താൻ ശ്രമിച്ച പലരും വെബ്‌സൈറ്റ് തകരാറിലായതിനാൽ വാഹനം ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി ഉന്നിയിച്ചിരുന്നു. ഇലക്ട്രിക് ഹാച്ച്ബാക്ക് 2022 ഒക്ടോബറിൽ പ്രധാന നഗരങ്ങളിലുടനീളമുള്ള പ്രമുഖ മാളുകളിൽ പ്രദർശിപ്പിക്കും. തുടർന്ന് ഉപഭോക്താക്കൾക്കുള്ള ടെസ്റ്റ് ഡ്രൈവുകൾ ഈ ഡിസംബർ അവസാനം മുതൽ ആരംഭിക്കും.

ടിയാഗോ ഇവിയുടെ ഡെലിവറി 2023 ജനുവരി മുതലാണ് ടാറ്റ മോട്ടോർസ് ആരംഭിക്കാനിരിക്കുന്നത്. സമയം, തീയതി എന്നിവയ്‌ക്കൊപ്പം വേരിയന്റും തെരഞ്ഞെടുത്ത നിറം എന്നിവ വാഹനത്തിന്റെ ഡെലിവറി തീയതി നിർണയിക്കും. കൂടാതെ ടാറ്റ 24 kWh ബാറ്ററി പാക്ക് വേരിയന്റുകളുടെ നിർമാണത്തിനാണ് ഇപ്പോൾ മുൻഗണന നൽകിയിരിക്കുന്നതും.

ഇലക്ട്രിക് കാറിലെ ബാറ്ററി പായ്ക്കിനെക്കുറിച്ച് പറയുമ്പോൾ ടാറ്റ മോട്ടോർസ് ടിയാഗോ ഇവിക്കൊപ്പം രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. അതിൽ 19.2 kWh പായ്ക്കും 24 kWh പായ്ക്കുമാണ് ലഭിച്ചിരിക്കുന്നത്. ചെറിയ ബാറ്ററി പായ്ക്കിന് 250 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടെന്ന് അവകാശപ്പെടുമ്പോൾ വലിയ ബാറ്ററിക്ക് ഇത് 315 കിലോമീറ്റർ റേഞ്ച് സിംഗിൾ ചാർജിൽ നൽകാൻ കഴിയുമെന്നാണ് വിവരം.

19.2 kWh ബാറ്ററിയുടെ ഇലക്ട്രിക് മോട്ടോർ 45 kW പവഖിൽ 110 Nm torque ഉത്പാദിപ്പിക്കുമ്പോൾ 24 kWh ബാറ്ററി പായ്ക്കിന്റെ ഇലക്ട്രിക് മോട്ടോർ 55 kW കരുത്തിൽ 114 Nm Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. നാല് ലെവലുകളുള്ള സ്മാർട്ട് റീജനറേറ്റീവ് ബ്രേക്കിംഗും ടാറ്റ ടിയാഗോ ഇവി ഹാച്ച്ബാക്കിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.

കാറിലെ ബാറ്ററി പായ്ക്കുകൾ ലിക്വിഡ്-കൂൾഡ് ആണ്. ടാറ്റ മോട്ടോർസ് ബാറ്ററി പായ്ക്കിനും മോട്ടോറിനും എട്ടു വർഷത്തെ അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് വാഹനത്തിന് മൂന്നു വർഷത്തെ അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ വാറണ്ടിയും ലഭിക്കും.

ഇലക്ട്രിക് ഹാച്ചിനൊപ്പം ടാറ്റ നാല് വ്യത്യസ്ത ചാർജിംഗ് ഓപ്ഷനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. കൂടാതെ സെഗ്‌മെന്റ്-ഫസ്റ്റ് ടെലിമാറ്റിക്‌സ് സവിശേഷത, 45 വരെ കണക്റ്റഡ് കാർ സവിശേഷതകൾ, ലെതറെറ്റ് സീറ്റുകൾ, കോൺട്രാസ്റ്റ് റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രൊജക്ടർ ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾക്കൊള്ളുന്നു.

ടീൽ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റീൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ പുതിയ ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.


Click it and Unblock the Notifications








