ബജറ്റ് കാർ നിരയിലെ മെഗാസ്റ്റാർ! Tiago-യുടെ 4 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി Tata
ടാറ്റയുടെ മാറ്റത്തിന് ചുക്കാൻ പിടിച്ച മോഡലായിരുന്നു ടിയാഗോ എന്ന മിടുക്കൻ. നിലവിൽ ടാറ്റ കാറുകളുടെ നിരയിൽ ഏറ്റവും പഴക്കം ചെന്ന വാഹനവും ഇതുതന്നെയാണ്. എന്നാൽ കാലപ്പഴക്കത്തിന്റെ ഒരു പോരായ്‌മകളും ഇല്ലാതെ വിപണിയിൽ കുതിക്കുകയാണ് ടിയാഗോ.

ടിയാഗോ പുറത്തിറക്കുന്ന സമയത്ത് ബോൾട്ട്, സെസ്റ്റ്, ആര്യ, ഇൻഡിക്ക, നാനോ, സഫാരി സ്റ്റോം, സുമോ തുടങ്ങിയ കാറുകളാണ് ടാറ്റ വിറ്റിരുന്നത്. ഈ കാറുകളെല്ലാം ഇപ്പോൾ നിർത്തലാക്കിയവയാണ്. അവിടുന്ന് ടാറ്റ മോട്ടോർസിന്റെ പാസഞ്ചർ സെഗ്‌മെന്റിന്റെ പരിവർത്തനത്തിന് തുടക്കമിട്ട ആദ്യത്തെ കാറായി ടിയാഗോയെ കണക്കാക്കാം.

ഒരു കൈറ്റ് പ്രോജക്ട് എന്ന നിലയിലാണ് ടിയാഗോയുടെ യാത്ര ആരംഭിച്ചത്. പിന്നീട് ZICA ആയി ലോഞ്ച് ചെയ്യാനും ഈ ഹാച്ച്ബാക്ക് ഒരുങ്ങി. ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസിയുടെ പരസ്യ വീഡിയോയുമായി കാർ പ്രത്യക്ഷപ്പെട്ടങ്കിലും അവതരണത്തിനു തൊട്ടുമുമ്പായി സിക്ക വൈറസ് പൊട്ടിപ്പുറപ്പെട്ടു. ഉച്ചാരണം സമാനമായതിനാൽ ടാറ്റ കാറിന്റെ പേര് മാറ്റാൻ തീരുമാനിക്കുകയായിരുന്നു

അങ്ങനെ ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ടിയാഗോ എന്ന പേര് ടാറ്റ മോട്ടോർസ് കണ്ടെത്തിയത്. തുടർന്ന് 2016-ൽ കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിനെ ഇളക്കി മറിച്ചുകൊണ്ട് ടിയാഗോയുടെ രംഗപ്രവേശനവും നടന്നു. ആറ് വർഷങ്ങൾക്കിപ്പുറം കാറിന്റെ 4 ലക്ഷം യൂണിറ്റ് നിർമാണവും കമ്പനി പൂർത്തിയാക്കിയിരിക്കിരിക്കുകയാണ്.

പുതിയ നാഴികക്കല്ല് പിന്നിട്ട ഈ പ്രത്യേക മോഡൽ കമ്പനിയുടെ സാനന്ദ് പ്ലാന്റിൽ നിന്നുമാണ് പുറത്തിറക്കിയിരിക്കുന്നത്. ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ പ്രൊഡക്റ്റ് ലൈൻ വൈസ് പ്രസിഡന്റ് മോഹൻ സവർക്കറും വൈസ് പ്രസിഡന്റ് രാജേഷും ഖത്രിയും ചേർന്നാണ് മോഡലിന്റെ പുതിയ ആഘോഷങ്ങൾക്ക് സാന്നിധ്യംവഹിച്ചത്.

ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ടാറ്റ കാറായതിനാൽ #Tiago4ever കാമ്പെയ്‌നും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ടിയാഗോയുടെ പ്രതിമാസ വിൽപ്പന ശരാശരി 4,000 യൂണിറ്റിൽ എത്തിയിരുന്നു. ടിയാഗോ ടാറ്റയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ എന്ന ബഹുമതി ഇതിനില്ലെങ്കിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ്റ കാർ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു ടിയാഗോയ്ക്ക്.

അക്കാലത്ത് ടിയാഗോയുടെ വിൽപ്പന പതിവായി പ്രതിമാസം 8,000 മുതൽ 9,000 വരെയായിരുന്നു. അങ്ങനെ ടാറ്റ കാറുകളുടെ ഇന്നത്തെ സൌഭാഗ്യത്തിന് എല്ലാം കാരണമായവനാണ് ടിയാഗോ. നിലവിൽ നെക്സോൺ, പഞ്ച്, ആൾട്രോസ് എന്നീ മോഡലുകളാണ് കമ്പനി നിരയിൽ നിന്നും ഏറ്റവും കൂടുതൽ നിരത്തിലെത്തുന്ന വാഹനങ്ങൾ.

ടാറ്റ ടിയാഗോ കമ്പനിയുടെ ഇംപാക്ട് ഡിസൈൻ തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് നിർമിച്ചെടുത്തിരിക്കുന്നത്. സ്‌പോർട്ടി ഡിസൈൻ, മികച്ച ഡ്രൈവബിലിറ്റി, ക്ലാസ് സുരക്ഷയിൽ മികച്ചത് എന്നിവയാൽ വാഹനം സമ്പന്നമാണ്. കമ്പനി വർഷങ്ങളായി പുതിയ സാങ്കേതികവിദ്യകൾ മോഡലിലേക്ക് ചേർക്കാനും മറന്നില്ല. അതുവഴി രാജ്യത്തെ വാങ്ങുന്നവരിൽ ഒരു യുവ വിഭാഗത്തിൽ ഇത് പുതുമ നിലനിർത്താനും ഹാച്ച്ബാക്കിന് സാധിച്ചിട്ടുണ്ട്.

XE, XT (O), XT, XZ, XZ+, NRG എന്നീ വേരിയന്റുകളിലാണ് ടിയാഗോയുടെ പെട്രോൾ വകഭേദം നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അതേസമയം XE, XM, XT, XZ+ എന്നിങ്ങനെ നാല് വേരിയന്റുകളിൽ സിഎൻജി ഓപ്ഷനിലും വാഹനം ലഭ്യമാണ്. അരിസോണ ബ്ലൂ, ഫ്ലേം റെഡ്, വിക്ടറി യെല്ലോ, പെർലെസെന്റ് വൈറ്റ്, പ്യുവർ സിൽവർ, ഡേടോണ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ടിയാഗോ തെരഞ്ഞെടുക്കാനാവുന്നത്.

അതേസമയം ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷ റേറ്റിംഗും ടിയാഗോ നേടിയതിനാൽ ഈ സെഗ്‌മെന്റിലെ സുരക്ഷിതമായ കാറുകളിലൊന്നായി ഇത് മാറുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങളിൽ ഡ്യുവൽ എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, കോർണറിംഗ് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് അസിസ്റ്റ്, എബിഎസ്, ഇബിഡി എന്നിവയാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്.

ടാറ്റ ടിയാഗോയ്ക്ക് 5.19 മുതൽ 7.64 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കമ്പനിയുടെ ടേൺറൗണ്ട് 2.0 തന്ത്രത്തിലെ ഒരു പ്രധാന ഉൽപ്പന്നമാണിത്. അതേസമയം ടാറ്റ ടിയാഗോ അതിന്റെ പുതിയ ഫോർ എവർ ശ്രേണിയിൽ അവിഭാജ്യ പങ്ക് വഹിക്കുന്നത് തുടരുമെന്നും ഇന്ത്യൻ വാഹന വ്യവസായത്തിലെ വിപണി പ്രകടനം വർധിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിൽ മാരുതി സുസുക്കി വാഗൺആർ, ഹ്യുണ്ടായി സാൻട്രോ, മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, മാരുതി സെലേറിയോ എന്നിവയുമായാണ് ടാറ്റ ടിയാഗോ മത്സരിക്കുന്നത്. 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ, iCNG എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ടിയാഗോ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

പെട്രോൾ എഞ്ചിൻ 83 bhp പവറിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടാറ്റ ടിയാഗോയിൽ ലഭ്യമാവുന്നത്. കാറിലെ iCNG പതിപ്പ് 73 bhp കരുത്തിൽ 95 Nm torque വരെ വികസിപ്പിക്കും. ഒരു കിലോഗ്രാമിന് 26.49 കി.മീ ഇന്ധനക്ഷമതയാണ് ടാറ്റ അവകാശപ്പെടുന്നത്.


Click it and Unblock the Notifications








