സിഎൻജിയും ഇലക്‌ട്രിക്കും കരുത്തായി, ടിഗോറിന്റെ വിൽപ്പനയിൽ വൻവർധനവുമായി Tata
എസ്‌യുവി മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടാറ്റ മോട്ടോർസിന്റെ നിരയിലുള്ള രണ്ട് വ്യത്യസ്ത മോഡലുകളാണ് ഹാച്ച്ബാക്ക് പതിപ്പായ ടിയാഗോയും കോംപാക്‌ട് സെഡാനായ ടിഗോറും. ഈ രണ്ട് വാഹനങ്ങളും നിലവിൽ കമ്പനിക്കായി ഗംഭീര വിൽപ്പനയാണ് നേടിയെടുക്കുന്നതും.

എന്നാൽ അടുത്തിടെ വരെ ടിഗോറിന് കാര്യമായ നേട്ടങ്ങളൊന്നും തന്നെ അവകാശപ്പെടാനില്ലാതെ ഇഴയുകയായിരുന്നെങ്കിലും സബ്-4 മീറ്റർ സെഡാന്റെ ഇലക്ട്രിക് പതിപ്പും സിഎൻജി വേരിയന്റും കൂടി എത്തിയതോടെ കഥയാകെ മാറിയിരിക്കുകയാണ്.

കഴിഞ്ഞ മാസം ടിഗോറിന്റെ മൊത്തം 4,091 യൂണിറ്റുകളാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ വിറ്റഴിച്ചത്. വാർഷിക അടിസ്ഥാനത്തിൽ 110.98 ശതമാനം വിൽപ്പന വളർച്ചയാണ് മോഡലിനായി കമ്പനി നേടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സെഡാന്റെ 1,939 യൂണിറ്റുകൾ മാത്രമായിരുന്നു ബ്രാൻഡ് നിരത്തിലെത്തിച്ചിരുന്നത്.

ടിഗോറിന്റെ വിൽപ്പന വർധിക്കാനുള്ള ഏറ്റവും വലിയ കാരണം സിഎൻജി, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ വാഹനത്തിലേക്ക് അവതരിപ്പിച്ചതാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ടാറ്റ മോട്ടോർസ് ടിഗോർ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. തുടർമന്ന് ഈ വർഷം ജനുവരിയിൽ ടിഗോർ ഐ-സിഎൻജി നമ്മുടെ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തി.

ഈ ശുദ്ധ-ഇന്ധന ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നത് സെഡാനെ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷിക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. ഇവയുടെ കുറഞ്ഞ പ്രവർത്തന ചെലവു തന്നെയാണ് ഉപഭോക്താക്കളെ ഇതര ഓപ്ഷനുകളിലേക്ക് എത്തിച്ചിരിക്കുന്നത്. നിലവിൽ പെട്രോൾ,ഡീസൽ വില ദിനംപ്രതി ഉയരുന്നതിനാൽ ടിഗോറിന്റെ വിൽപ്പന ഇനിയും ഉയർന്നേക്കാം.

2022 ജനുവരിയിൽ ടിഗോറിന്റെ പ്രതിമാസ വിൽപ്പന കണക്ക് 2,952 ആയിരുന്നു. ത് 2022 ഫെബ്രുവരിയിൽ 38.58 ശതമാനമാണ് ഉയർന്നിരിക്കുന്നത്. ടിഗോറിന്റെ മികച്ചതായി ടാറ്റ എടുത്തു കാണിക്കുന്ന സുരക്ഷാ ഘടകവും ശ്രേണിയിൽ മറ്റൊരു സെഡാനും അവകാശപ്പെടാനില്ലാത്തതാണ്. ടാറ്റ ടിഗോർ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ്. മുതിർന്ന യാത്രക്കാരുടെ സുരക്ഷക്കായി ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ടാറ്റ ടിഗോർ നേടിയെടുത്തിരിക്കുന്നത്.

സ്റ്റാൻഡേർഡ് ടാറ്റ ടിഗോറിന് കരുത്തേകുന്നത് 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനാണ്. ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ കോംപാക്ട് സെഡാൻ സ്വന്തമാക്കാനാവും.

IP67 റേറ്റിംഗുള്ള 26 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കിൽ നിന്നും പവർ എടുക്കുന്ന ഒരൊറ്റ 55kW ഇലക്ട്രിക് മോട്ടോറാണ് ടാറ്റ ടിഗോർ ഇവിയുടെ ഹൃദയം. ഇതിന് പരമാവധി 74.7 bhp കരുത്തിൽ 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ ബാറ്ററി പായ്ക്കിൽ എട്ട് വർഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നെക്സോൺ ഇവിക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോൺ ഇലക്‌ട്രിക് സാങ്കേതികവിദ്യയിലേക്ക് ചേക്കേറിയ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് ടിഗോർ ഇവി. പോരാത്തതിന് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറും ഈ സെഡാൻ തന്നെയാണെന്നതും ശ്രദ്ധേയമാണ്. പൂർണ ചാർജിൽ 306 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് വാഹനം നൽകുന്നതെന്നും ടാറ്റ അവകാശപ്പെടുന്നു.

വെറും 5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്ക് കഴിയും. ഇംപാക്ട് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് കേസിംഗും ഇതിന് ലഭിക്കുന്നുണ്ട്. സിപ്‌ട്രോൺ സാങ്കേതികവിദ്യ പുനരുൽപ്പാദന ബ്രേക്കിംഗ് സംവിധാനവും അനുവദിക്കുന്നുവെന്നതും ഏറെ സ്വീകാര്യമാണ്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ടിഗോർ ഇവി ചാർജ് ചെയ്യാനാകും.

അതേസമയം ഹോം ചാർജർ ഉപയോഗിച്ച് സെഡാൻ ചാർജ് ചെയ്യാൻ ഏകദേശം 8.5 മണിക്കൂർ എടുക്കും. ടാറ്റ ടിഗോർ ഐ-സിഎൻജിക്ക് സ്റ്റാൻഡേർഡ് പെട്രോൾ പതിപ്പിന് സമാനമായ 1.2 ലിറ്റർ എഞ്ചിനാണ് ലഭിക്കുന്നത്.

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ഇതിലേക്ക് ചേർക്കുന്നു. പെട്രോൾ പതിപ്പിനേക്കാൾ കരുത്തു കുറഞ്ഞ ഈ യൂണിറ്റിന് 73.4 bhp പവറിൽ പരമാവധി 95 Nm torque ആണ് ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രമേ ടിഗോർ സിഎൻജി സ്വന്തമാക്കാനാവൂ.

ടാറ്റ ടിഗോറിന്റെ പെട്രോൾ മോഡലിന്റെ ഇപ്പോഴത്തെ വില 5.82 ലക്ഷം രൂപ മുതൽ 8.14 ലക്ഷം രൂപ വരെയാണ്. അതേസമയം സെഡാന്റെ ഐ-സിഎൻജി പതിപ്പിന്റെ എക്സ്ഷോറൂം വില 7.72 ലക്ഷം രൂപ മുതൽ 8.44 ലക്ഷം രൂപ വരെയായും ടാറ്റ മോട്ടോർസ് നിശ്ചയിച്ചിരിക്കുന്നു. ടിഗോർ ഇവിയെ സംബന്ധിച്ചിടത്തോളം അതിന്റെ വില 12.24 ലക്ഷം രൂപ മുതൽ 13.39 ലക്ഷം വരെയുമാണ്.


Click it and Unblock the Notifications