Altroz ഡിസിടി വേരിയന്റുകൾക്കൊപ്പം സിഗ്നേച്ചർ ഹൈ സ്ട്രീറ്റ് ഗോൾഡ് നിറം ലഭ്യമാകില്ലെന്ന് Tata Motors
ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് വേരിയന്റുകൂടി നിരയിലേക്ക് എത്തിയതോടെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടാറ്റ ആൾട്രോസിന്റെ സാന്നിധ്യം ശക്തമാവുകയാണ്. ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗും അതിനൊപ്പം ഡിസിടി ഗിയർബോക്‌സും വാഹനത്തെ തീർത്തും വ്യത്യസ്‌തമാക്കുകയാണ്.

എന്നാൽ പുതുതായി ലോഞ്ച് ചെയ്ത ഡിസിടി വേരിയന്റുകളോടൊപ്പം ആൾട്രോസിന്റെ സിഗ്നേച്ചർ ഹൈ സ്ട്രീറ്റ് ഗോൾഡ് ഷേഡ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ടാറ്റയിപ്പോൾ. പകരം, ഈ ഓട്ടോമാറ്റിക് ഗിയർബോക്‌സ് സജ്ജീകരിച്ച വകഭേദങ്ങൾ ഒരു പുതിയ ഓപ്പറ ബ്ലൂ നിറത്തിൽ വാഗ്‌ദാനം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.

'ഹാർബർ ബ്ലൂ' എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ബ്ലൂ ഷേഡിലും ടാറ്റ ആൾട്രോസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൈ സ്ട്രീറ്റ് ഗോൾഡ് കൂടാതെ ഈ രണ്ട് ഷേഡുകൾക്കൊപ്പം ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ്, കോസ്മോ ഡാർക്ക് എഡിഷൻ എന്നിവയാണ് പ്രീമിയം ഹാച്ച്ബാക്കിൽ തെരഞ്ഞെടുക്കാനാവുന്ന നിറങ്ങൾ.

എന്നാൽ ആൾട്രോസിന്റെ ഫീച്ചർ സവിശേഷതകളിലൊന്നും തന്നെ കമ്പനി ഒരു മാറ്റവും വരുത്തിയിട്ടില്ല. ടാറ്റ ആൾട്രോസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്. അതിൽ ആദ്യത്തേത് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ്. ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

ഇനി പുതുതായി എത്തിയ ആൾട്രോസിന്റെ ഡിസിടി പതിപ്പിലേക്ക് നോക്കിയാൽ സാധാരണ മോഡലിനെ അപേക്ഷിച്ച് ഡ്യുവൽ ക്ലച്ച് പതിപ്പിന് കുറച്ച് മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. പുറത്ത് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് പ്രതിനിധീകരിക്കുന്ന ഒരു DCA ബാഡ്ജ് കാണാം എന്നതാണ് അതിൽ ആദ്യത്തേത്. അകത്തളത്തിൽ ഡോറുകളിൽ ഫാബ്രിക് ആം സപ്പോർട്ട്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ മുതലായവയിലും പുതിയ നവീകരണങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.

സെഗ്മെന്റിൽ ഏറ്റവും സുരക്ഷിതമായ കാറാണ് ടാറ്റ ആൾട്രോസ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് കാർ നേടിയിരിക്കുന്നത്. ന്യൂ ബലേനോ അതിന്റെ സുരക്ഷാ ഘടകത്തിൽ ഉയർന്നതാണെന്ന് മാരുതി അവകാശപ്പെടുമ്പോൾ ക്രാഷ് ടെസ്റ്റ് ഫലങ്ങൾക്കായി കമ്പനി ഇതുവരെ മോഡലിനെ വിധേയമാക്കിയിട്ടില്ല. ആൾട്രോസിന് ഇരട്ട എയർബാഗുകളും എബിഎസും ഇബിഡിയും സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ക്രിയേറ്റർ കംഫർട്ട് ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഐആർഎ കണക്റ്റഡ് കാർ ഫീച്ചറുകൾ, ഹർമൻ പവർഡ് സൗണ്ട് സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയുമായി പൊരുത്തപ്പെടുന്ന വലിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ആൾട്രോസിനുണ്ട്.

കാറിന്റെ രണ്ടാമത്തെ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 110 bhp കരുത്തിൽ 140 Nm torque വരെയാണ് നൽകുന്നത്. പ്രീമിയം ഹാച്ചിന്റെ 1.5 ലിറ്റർ ഡീസൽ 90 bhp പവറിൽ 200 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ എല്ലാ എഞ്ചിൻ ഓപ്ഷനുകളിലും സ്റ്റാൻഡേർഡ് ആണ്.

അടുത്തിടെ അവതരിപ്പിച്ച 6 സ്പീഡ് ഡിസിഎ എന്നുവിളിക്കുന്ന ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനൊപ്പം മാത്രമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് പിന്നീട് ടർബോ യൂണിറ്റിലേക്കും ചേക്കേറുമെങ്കിലും ഡീസലിലേക്ക് ഒരു ഓട്ടോമാറ്റിക് ഗിയർബോക‌്‌സും കമ്പനി നൽകില്ല.

നിലവിൽ 5.99 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ടാറ്റ ആൾട്രോസ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഫോക്‌സ്‌വാഗൺ പോളോ, മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായി i20 എന്നീ കൊലകൊമ്പൻമാരുമായാണ് മാറ്റുരയ്ക്കുന്നത്.

ആൾട്രോസിന്റെ എഞ്ചിൻ ഓപ്ഷനിലേക്ക് വരാനിരിക്കുന്ന മറ്റൊരു പരിഷ്ക്കരണം ഒരു സിഎൻജി മോഡലിന്റെ അവതരണമായിരിക്കും. അടുത്തിടെ ടിയാഗോ, ടിഗോർ എന്നിവയുമായി രാജ്യത്തെ സിഎൻജി സെഗ്മെന്റിലേക്ക് പ്രവേശിച്ച ടാറ്റ മോട്ടോർസ് പ്രീമിയം ഹാച്ചിലേക്കും ഇതു വ്യാപിപ്പിക്കും. പിന്നീട് ഈ വർഷം തന്നെ ആൾട്രോസ് ഇവി കൂടി നിരത്തിലെത്തിക്കുന്നതോടെ ശ്രദ്ധേയമായ ഒരു നേട്ടമായിരിക്കും കമ്പനി കൈവരിക്കുക.

അതായത് പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ, സിഎൻജി, ഇലക്‌ട്രിക് എന്നീ എല്ലാ എഞ്ചിൻ തരത്തിലും ലഭ്യമാവുന്ന ലോകത്തിലെ ആദ്യത്തെ കാറായിരിക്കും ടാറ്റ ആൾട്രോസ് എന്നതു തന്നെയാണ്. ഇതോടെ വിൽപ്പനയിൽ ഗംഭീരമായ വളർച്ചയാകും ബ്രാൻഡ് നേടിയെടുക്കുക.


Click it and Unblock the Notifications