പുത്തൻ Baleno നാളെയെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ, പുതിയ ചിത്രങ്ങൾ കാണാം
പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്നു കുതിക്കുന്ന മാരുതി സുസുക്കി ബലേനോ പുതിയ രൂപത്തിലും ഭാവത്തിലും നാളെ വിൽപ്പനയ്ക്ക് എത്തും. ന്യൂ ഏയ്‌ജ് ബലേനോ എന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇതിനെ വിളിക്കുന്നതു തന്നെ.

ഫെയ്‌സ്‌ലിഫ്റ്റ് ആണെന്നാണ് ധാരണയെങ്കിലും തലമുറമാറ്റമായാണ് ബലേനോയുടെ പുതിയ അവതാരത്തെ മാരുതി കരുതപ്പെടുന്നതു തന്നെ. ഔദ്യോഗിക അരങ്ങേറ്റത്തിന് ഒരു ദിവസം മുമ്പ് വെബിൽ പങ്കിട്ട ഒരു ഔദ്യോഗിക ടെലിവിഷൻ പര്യ വീഡിയോ വാഹനത്തിന്റെ പൂർണ രൂപവും സവിശേഷതകളും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

നിലവിൽ കാറിനായുള്ള ഔദ്യോഗിക ബുക്കിംഗ് 11,000 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്. 2022 മോഡൽ ബലേനോ സ്വന്തമാക്കാൻ താത്‌പര്യമുള്ള ഉപഭോക്താക്കൾക്ക് നെക്‌സ ഷോറൂമുകൾ വഴിയോ അല്ലെങ്കിൽ നെക്‌സയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മുഖംമിനുക്കിയെത്തുന്ന പ്രീമിയം ഹാച്ച് പ്രീ-ബുക്ക് ചെയ്യാം.

പുതിയ ചിത്രങ്ങളിൽ കാണുന്നത് പോലെ പരിഷ്ക്കരിച്ച ഗ്രിൽ, പുനർനിർമിച്ച ഹുഡ്, സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, ക്രോം ഇൻസെർട്ടുകളുള്ള ഒരു പുതിയ ഫ്രണ്ട് ബമ്പർ, വീതിയേറിയ ഒരു പുതിയ ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന കനത്ത രീതിയിൽ നവീകരിച്ച ബാഹ്യ രൂപകൽപ്പനയാണ് 2022 മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷത.

എയർ ഡാം, പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ടു പീസ് എൽഇഡി ടെയിൽ ലൈറ്റുകൾ, ബൂട്ട്ലിഡിൽ ഒരു ക്രോം സ്ട്രിപ്പ്, ഉയർന്ന സ്റ്റോപ്പ് ലാമ്പ് ഉള്ള ഒരു സംയോജിത സ്‌പോയിലർ, റിയർ വൈപ്പറും വാഷറും, ഒരു പരമ്പരാഗത ആന്റിന, പുതിയത് റിഫ്ലക്ടറുകളുള്ള പിൻ ബമ്പറും ഒരു നമ്പർ പ്ലേറ്റ് റിസെസും വരെ പുതുക്കാൻ കമ്പനി തയാറായി.

മാത്രമല്ല ഇവയോടൊപ്പം പുതുക്കിയ കളർ ഓപ്ഷൻ കൂടി ബലേനോയിലേക്ക് എത്തുന്നതോടെ തികച്ചും പുതുരൂപമാണ് വാഹനം ആവാഹിച്ചിരിക്കുന്നതെന്ന് മനസിലാക്കാം. സ്‌പ്ലെൻഡിഡ് സിൽവർ, നെക്‌സ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, ഒപ്യുലന്റ് റെഡ്, ലക്‌സ് ബീജ് എക്‌സ്‌റ്റീരിയർ ഷെയ്‌ഡുകളിൽ പുതിയ ബലേനോ ലഭ്യമാകും.

പുനർനാമകരണം ചെയ്ത പാലറ്റുകളിൽ ഭൂരിഭാഗം കളർ ഓപ്ഷനുകളും മാറ്റമില്ലാതെ തുടരുമ്പോൾ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ലക്‌സ് ബീജ് നിറം. ഇതുകൂടാതെ പഴയ പോലെ തന്നെ സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ (O), ആൽഫ, ആൽഫ (O) എന്നീ വകഭേദങ്ങളിൽ പുതിയ ബലേനോ തെരഞ്ഞെടുക്കാനും സാധിക്കും.

പുതിയ മാരുതി സുസുക്കി ബലേനോയുടെ ഇന്റീരിയറും കാര്യമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഒരു ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), സെന്റർ കൺസോളിൽ പുനർരൂപകൽപ്പന ചെയ്‌ത എസി വെന്റുകളുള്ള ഒരു പുതിയ ഡാഷ്‌ബോർഡ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ഒമ്പത് ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഒരു Arkayms മ്യൂസിക് സിസ്റ്റം, ആറ് എയർബാഗുകൾ, പിൻ എസി വെന്റുകൾ എന്നീ സവിശേഷതകളും 2022 മോഡലിന്റെ ഭാഗമാവും. ഒരു കണക്‌റ്റഡ് കാർ സംവിധാവും ബലേനോയുടെ ഭാഗമാണ്. സുസുക്കി കണക്റ്റ് ആപ്പിലൂടെ 'ഇന്റലിജന്റ് ഫീച്ചറുകളുടെ നീണ്ടനിര' വാഗ്ദാനം ചെയ്യുന്ന വിപുലമായ ടെലിമാറ്റിക്‌സ് സൊല്യൂഷനുമായാണ് ആപ്പ് വരിക.

ആമസോൺ അലക്‌സാ വോയ്‌സ് കമാൻഡുകൾക്കൊപ്പം 40-ലധികം കണക്റ്റിവിറ്റി ഫീച്ചറുകളും വരാനിരിക്കുന്ന പുതിയ ബലേനായിൽ ഉണ്ടാവുമെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ ഫ്യുവൽ ഗേജ് റീഡിംഗ്, ഡിസ്റ്റൻസ് ടു എംടി, ഓഡോമീറ്റർ, മറ്റ് സുപ്രധാന സ്ഥിതിവിവര കണക്കുകൾ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ സുസുക്കി കണക്റ്റ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തീർന്നില്ല ഈ കണക്‌റ്റഡ് സംവിധാനത്തിലൂടെ ബലേനോയുടെ മൊത്തത്തിലുള്ള ഹെൽത്ത്, റിമോട്ടിലൂടെ ഹസാർഡ് ലൈറ്റുകൾ ഓണാക്കൽ, കാർ ലോക്ക് അല്ലെങ്കിൽ അൺലോക്ക് എന്നിവ സംബന്ധിച്ച വിവരങ്ങളും ആപ്പ് നൽകും. ഈ സംവിധാനങ്ങൾ പിന്നീട് മറ്റ് മാരുതി സുസുക്കി കാറുകളിലേക്കും ചേക്കേറും. 360 വ്യൂ ക്യാമറ സജ്ജീകരണവും ബലേനോയുടെ മോടികൂട്ടാനുണ്ടാവും.

ആറ് എയർബാഗുകൾക്ക് പുറമെ ഹിൽ ഹോൾഡ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, എബിഎസ്, ഇഎസ്പി, ഇബിഡി എന്നിവയും പുതിയ മാരുതി ബലേനോ ഫെയ്‌ലിഫ്റ്റിന്റെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുത്തും. പുതിയ മാരുതി സുസുക്കി ബലേനോയ്ക്ക് തുടിപ്പേകുന്നത് 89 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും.

ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഒരു എഎംടി ഓട്ടോമാറ്റിക് യൂണിറ്റിലേക്കായിരിക്കും കമ്പനി ജോടിയാക്കുക. മികച്ചതായിരുന്ന സിവിടി ഓട്ടോമാറ്റിക്കിനെ ഒഴിവാക്കിയത് ചിലപ്പോൾ തിരിച്ചടിയായേക്കാം. മൈലേജിന്റെ കാര്യത്തിൽ പുതിയ വിവരങ്ങൾ അനുസരിച്ച് 2022 മാരുതി ബലേനോ മാനുവലിന് 22.35 കിലോമീറ്റർ മൈലേജാകും ഉണ്ടാവുക. അതേസമയം കാറിന്റെ എഎംടി വേരിയന്റിന് 22.94 കിലോമീറ്ററാണ് ലഭിക്കുക.


Click it and Unblock the Notifications








