കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പുത്തൻ Jeep Meridian പ്രീമിയം എസ്‌യുവി നാളെ ഇന്ത്യയിലെത്തും
ഏറെ നാളായി കാത്തിരുന്ന ജീപ്പ് മെറിഡിയൻ പ്രീമിയം എസ്‌യുവി നാളെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നാളെ അവതരിപ്പിക്കുമെങ്കിലും പുതിയ മോഡൽ 2022 മെയ് മാസത്തിലായിരിക്കും കമ്പനി വിൽപ്പനയ്ക്ക് സജ്ജമാക്കുക.

അവതരണത്തിന് മുന്നോടിയായി ജീപ്പ് ഡീലർമാർ 50,000 രൂപ ടോക്കൺ തുകയ്ക്ക് എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 2022 മെയ് അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് ഡീലർ വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ മെറിഡിയൻ എസ്‌യുവി 5 സീറ്റർ കോമ്പസിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന പ്രീമിയം 7 സീറ്റർ മോഡലാണ്.

കോമ്പസ് എസ്‌യുവിയുടെ നീളമുള്ള വീൽബേസ് പതിപ്പ് 6, 7 സീറ്റർ കോൺഫിഗറേഷനിലായിരിക്കും വിൽപ്പനയ്ക്ക് എത്തുക. കാര്യങ്ങൾ പുതുമയുള്ളതാക്കി നിലനിർത്താൻ ജീപ്പ് കാര്യമായ മാറ്റങ്ങൾ മെറിഡിയനിൽ വരുത്തിയിട്ടുണ്ട്. ജീപ്പ് കമാൻഡർ എന്ന് വിളിക്കപ്പെടുന്ന തെക്കേ അമേരിക്കൻ വിപണികളിൽ ഇത് ഇതിനകം വിൽപ്പനയ്‌ക്ക് എത്തിയിട്ടുമുണ്ട്.

ജീപ്പ് മെറിഡിയൻ എസ്‌യുവി നിർമിക്കുന്നത് എഫ്‌സിഎയുടെ രഞ്ജൻഗാവ് ഫെസിലിറ്റിയിലാണ്. ഇത് റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്ഷൻ ഹബ്ബായും പ്രവർത്തിക്കുമെന്നാണ് അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള എല്ലാ റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണിയിലേക്കും മെറിഡിയൻ കയറ്റുമതി ചെയ്യുകയും ചെയ്യും.

പുതിയ 7 സീറ്റർ എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, ഇസൂസു MU-X, സ്‌കോഡ കൊഡിയാക്, വരാനിരിക്കുന്ന ഹ്യുണ്ടായി ട്യൂസോൺ എന്നിവയുമായാകും ജീപ്പ് മെറിഡിയൻ ഇന്ത്യൻ വിപണിയിൽ മാറ്റുരയ്ക്കുക. പുതിയ ജീപ്പ് മെറിഡിയന് ഏകദേശം 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നതും.

കോമ്പസിനും റെനഗേഡിനും അടിവരയിടുന്ന സ്മോൾ വൈഡ് 4×4 പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമിച്ചിരിക്കുന്നത്. എന്നിരുന്നാലും ജീപ്പ് എഞ്ചിനീയർമാർ നീളമുള്ള വീൽബേസ് ഉൾക്കൊള്ളുന്നതിനായി പ്ലാറ്റ്ഫോം ചെറുതായൊന്ന് പരിഷ്ക്കരിക്കേണ്ടിയും വന്നിട്ടുണ്ട്. മാത്രമല്ല പ്ലാറ്റ്‌ഫോമിനെ കൂടുതൽ ശക്തമാക്കാൻ ജീപ്പ് ഉയർന്ന കരുത്തുള്ള സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നതും.

വിദേശ വിപണിയിലുള്ള കമാൻഡറിന് സമാനമായ വലിപ്പത്തിലാണ് ഇന്ത്യയിലെത്തുന്ന ജീപ്പ് മെറിഡിയനെയും ഒരുക്കിയിരിക്കുന്നത്. അളവനുസരിച്ച് ഇതിന് 4,769 മില്ലീമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,682 മില്ലീമീറ്റർ ഉയരവും കൂടാതെ 2,794 മില്ലീമീറ്റർ വീൽബേസുമുണ്ട്. നീളം കൂടിയ ബോഡിയെ ഉൾക്കൊള്ളാൻ വീൽബേസ് 158 മില്ലീമീറ്ററോളമാണ് അമേരിക്കൻ ബ്രാൻഡ് വർധിപ്പിച്ചിരിക്കുന്നത്.

കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ജീപ്പ് മെറിഡിയന് ഏകദേശം 364 മില്ലീമീറ്റർ നീളവും 41 മില്ലീമീറ്റർ വീതിയും 42 മില്ലീമീറ്റർ ഉയരവുമാണ് അധികമായുള്ളത്. ജീപ്പ് മെറിഡിയൻ മൂന്നു വരി എസ്‌യുവിക്ക് കരുത്ത് പകരുന്നത് കോമ്പസിന് തുടിപ്പേകുന്ന അതേ 2.0 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എഞ്ചിനായിരിക്കും.

കോമ്പസിനൊപ്പം ഈ എഞ്ചിൻ 173 bhp പവറിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാനാണ് പ്രാപ്‌തമാക്കിയിരിക്കുന്നത്. അതേസമയം പുതിയ മെറിഡിയനിലേക്ക് എത്തുമ്പോൾ ഈ മൾട്ടിജെറ്റ് II ഡീസൽ യൂണിറ്റ് പരമാവധി 200 bhp കരുത്ത് വരെ നൽകാൻ റീ-ട്യൂൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 9 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടാം.

ജീപ്പ് മെറിഡിയൻ മാനുവൽ പതിപ്പിന് 4×2 ഡ്രൈവ്ട്രെയിൻ സിസ്റ്റം ലഭിക്കുമെങ്കിലും എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റ് 4×2, 4×4 സജ്ജീകരണങ്ങളോടെയാണ് വരുന്നത് എന്നകാര്യം ഏറെ സ്വീകാര്യമാവും. ജീപ്പ് മെറിഡിയന് പിന്നീട് ഒരു പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്. ബ്രസീലിലെ കമാൻഡറിന് കരുത്ത് പകരുന്ന 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ഈ എഞ്ചിൻ 187 bhp പവറും 270 Nm torque ഉം ഉത്പാദിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മൂന്ന് നിരകളുള്ള ജീപ്പ് മെറിഡിയന്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ജീപ്പ് കമാന്‍ഡര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ദക്ഷിണ അമേരിക്കന്‍ വിപണികളിലാണ് ആദ്യം വില്‍പ്പന ആരംഭിച്ചത്. ഇന്ത്യയിൽ കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ കഴിയാത്തതിനാലാണ് എസ്‌യുവിക്ക് പുതിയൊരു പേര് നൽകാൻ ജീപ്പ് നിർബന്ധിതരായത്.

ഡിസൈനിലേക്ക് നോക്കിയാൽ കമ്പനിയുടെ തന്നെ ഗ്രാൻഡ് ചെറോക്കിയുമായി ഏറെ രൂപ സാദൃശ്യമാണ് മെറിഡിയനുള്ളത്. സിഗ്നേച്ചർ സെവൻ സ്ലാറ്റ് ഗ്രില്ല്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ ഫ്രണ്ട് ബമ്പർ, എൽഇഡി ഫോഗ് ലാമ്പുകൾ, ബോഡി ക്ലാഡിംഗുകൾ, ഇന്റഗ്രേറ്റഡ് റൂഫ് റെയിലുകൾ എന്നിവയെല്ലാം പുറംമോടിയിലെ മേൻമകളാണ്.

ഫീച്ചറുകളുടെ കാര്യത്തില്‍ ജീപ്പിന്റെ പുത്തൻ 7 സീറ്റർ എസ്‌യുവിയിൽ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവയെല്ലാം കമ്പനി അണിനിരത്തിയേക്കും.


Click it and Unblock the Notifications








