ജനുവരിയിൽ കളംനിറഞ്ഞ മൂന്ന് കോംപാക്‌ട് എസ്‌യുവികൾ ഇവയൊക്കെ
രാജ്യത്ത് പുതിയ കാർ വാങ്ങുന്നവരിൽ ഭൂരിഭാഗവും കോംപാക്‌ട് എസ്‌യുവികൾക്കു പിന്നാലെയാണ്. വിലയിലെ താങ്ങാനാവുന്ന ഘടകവും അതോടൊപ്പം ഹാച്ച്ബാക്കുകളേക്കാൾ കൂടുതൽ പ്രായോഗികതയുമാണ് ഇവയെ കൂടുതൽ ജനപ്രിയമാക്കുന്നത്.

ഇതുമൂലം ഇന്ത്യയിലെ മൊത്തത്തിലുള്ള കാർ വിൽപ്പനയിൽ കോംപാക്‌ട് എസ്‌യുവികൾ ശക്തമായ സംഭാവന നൽകുന്ന സെഗ്മെന്റായി ഇതിനോടകം തന്നെ മാറികഴിഞ്ഞിരിക്കുകയാണ്. അതിനാൽ ഈ ആവശ്യം നിറവേറ്റുന്നതിനായി പല വാഹന നിർമാതാക്കളും ഇപ്പോൾ അവരുടെ ഉൽപ്പന്ന നിരയിൽ ഒരു കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ അവതരിപ്പിക്കാനുള്ള തിടുക്കത്തിലുമാണ്.

2022 എന്ന പുതിയ വർഷത്തിലെ ആദ്യ മാസത്തിൽ അതായത് ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്ന് കോംപാക്‌ട് എസ്‌യുവി മോഡുകൾ ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ടാറ്റ നെക്സോൺ
ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എസ്‌യുവി എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ ഓടിവരുന്ന പേരാകും ഇപ്പോൾ ടാറ്റ നെക്സോൺ. ടാറ്റ മോട്ടോർസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ എന്നതിന് പുറമേ കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലർ കൂടിയാണ് നെക്സോൺ.

നെക്സോൺ 2022 ജനുവരിയിലെ വിൽപ്പനയിൽ 68 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 8,225 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച്. പോയമാസം വാഹനത്തിന്റെ 13,816 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

നെക്സോണിന്റെ ഇലക്‌ട്രിക് പതിപ്പും രാജ്യത്ത് നിരവധി ഉപഭോക്താക്കളെയാണ് കണ്ടെത്തിയത്. അങ്ങനെ ഇന്ത്യൻ വിപണിയിൽ അതിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്‌തു. ഇവിയ്ക്ക് പുറമെ നിലവിൽ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനിലും എസ്‌യുവി ഉപഭോക്കാക്കൾക്ക് തെരഞ്ഞെടുക്കാം.

അതിൽ ആദ്യത്തേത് 1.2 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍ 3 പെട്രോള്‍ എഞ്ചിനാണ്. ഇത് പരമാവധി 120 bhp കരുത്തിൽ 170 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ടാമത്തെ 1.5 ലിറ്റർ ഡീസല്‍ ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍ 4 എഞ്ചിന്‍ 110 bhp പവറിൽ 260 Nm torque വരെയും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ടാറ്റ നെക്സോണിന്റെ ഗിയർബോക്‌സ് ഓപ്ഷനിൽ 6 സ്പീഡ് മാനുവല്‍ അല്ലെങ്കിൽ 6 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. നിലവില്‍, ടാറ്റ നെക്സോണിന്റെ പെട്രോള്‍ പതിപ്പിന് 7.39 ലക്ഷം രൂപ മുതല്‍ 12.04 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ പതിപ്പിന് 9.69 ലക്ഷം രൂപ മുതല്‍ 13.34 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഹ്യുണ്ടായി വെന്യു
രാജ്യത്തെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി വിറ്റാര ബ്രെസയുടെ എതിരാളിയായി അവതരിച്ച താരമാണ് ഹ്യുണ്ടായി വെന്യു. 2021 ജനുവരിയിലെ 11,779 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ജനുവരിയിൽ 11,377 യൂണിറ്റ് വിൽപ്പനയുമായി ഈ സെഗ്‌മെന്റിലെ രണ്ടാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായി ഹ്യുണ്ടായി വെന്യു മാറി.

അതായത് പോയ മാസം എസ്‌യുവിയുടെ വിൽപ്പനയിൽ കൊറിയൻ കമ്പനിക്ക് മൂന്ന് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിൽപ്പനയിൽ നേരിയ ഇടിവുണ്ടായെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എട്ടാമത്തെ മോഡലാണ് വെന്യു.

സെമികണ്ടക്‌ടർ ചിപ്പുകളുടെ വിതരണത്തിലെ കുറവാണ് ഹ്യുണ്ടായി വെന്യുവിന് ഉണ്ടായിരിക്കുന്ന ഈ ചെറിയ ഇടിവിന് കാരണം. ആരും കൊതിക്കുന്ന രുപഭംഗിയും മികച്ച എഞ്ചിൻ സവിശേഷതകളുമാണ് ഈ വാഹനത്തിന്റെ പ്രധാന ആകർഷണം. മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി വെന്യു വിപണിയിൽ എത്തുന്നത്. അതിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിവയാണ് ഉൾപ്പെടുന്നത്.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഐഎംടി, ഡിസിടി എന്നിവയെല്ലാം ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. എസ്‌യുവിക്ക് ഹ്യുണ്ടായി വെന്യുവിന്റെ വില പെട്രോൾ വേരിയന്റുകൾക്ക് 6.99 ലക്ഷം മുതൽ 11.85 ലക്ഷം രൂപ വരെ വില വരുമ്പോൾ ഡീസൽ മോഡലുകൾക്ക് 9.52 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ടാറ്റ പഞ്ച്
ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ പഞ്ച് സബ്-കോംപാക്‌ട് മൈക്രോ എസ്‌യുവി ബെസ്റ്റ് സെല്ലിംഗ് പട്ടികയിലേക്ക് അതിവേഗം ഉയരുകയാണ് ചെയ്‌തത്. 2022 ജനുവരിയിൽ പഞ്ച് 10,027 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കൂടാതെ, കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയിലും പഞ്ച് ഇടം നേടിയിട്ടുണ്ട്.

2021 ഒക്ടോബറിലാണ് വാഹനം പുറത്തിറക്കിയത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ നേട്ടം ഏറെ ശ്രദ്ധേയമാണ്.5.65 ലക്ഷം രൂപ മുതൽ 9.29 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചിന്റെ നിലവിലെ എക്സ്ഷോറൂം വില.

പ്യുവർ, അഡ്വഞ്ചർ, അക്‌കംപ്ലിഷ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. എഞ്ചിൻ ഓപ്ഷനിൽ പരമാവധി 86 bhp കരുത്തിൽ 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനാണ് പഞ്ചിൽ ലഭ്യമാവുന്നത്.


Click it and Unblock the Notifications








