പുതിയ Baleno ഫെയ്‌സ്‌ലിഫ്റ്റിന് വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഒരുക്കി Maruti; ടീസർ കാണാം
പുതിയ ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2022 ഫെബ്രുവരി 23-ന് വിപണിയിൽ എത്തുന്ന കാറിന്റെ പ്രധാന സവിശേഷതകളെല്ലാം ഘട്ടംഘട്ടമായി പരിചയപ്പെടുത്തികൊണ്ടിരിക്കുകയാണ് കമ്പനി.

കൂടാതെ മാരുതി സുസുക്കിയുടെ ഓൺലൈൻ പോർട്ടൽ വഴിയും നെക്‌സ ഡീലർഷിപ്പുകൾ വഴിയും 11,000 രൂപ ടോക്കൺ തുകയിൽ മുഖംമിനുക്കിയെത്തുന്ന ബലേനോയ്ക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു കഴിഞ്ഞു. ബ്രാൻഡിന്റെ ഗുജറാത്ത് പാന്റിൽ വാഹനത്തിനായുള്ള ഉത്പാദനവും അടുത്തിടെ ആരംഭിച്ചിരുന്നു.

2015-ലാണ് മാരുതി സുസുക്കി ബലേനോ ആദ്യമായി പുറത്തിറക്കിയത്. വർഷങ്ങളായി കമ്പനിയുടെ പട്ടികയിൽ ഓരോ മാസവും മികച്ച വിൽപ്പന നേടുന്ന ആദ്യ മൂന്നു കാറുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം ഉപഭോക്താക്കളെ കണ്ടെത്താനും ബലേനോയ്ക്ക് സാധിച്ചിട്ടുണ്ടെന്നതും വലിയൊരു നേട്ടമാണ്.

മുമ്പത്തെ മോഡലിനെ പോലെ തന്നെ പുതിയ ഹാച്ച്ബാക്കും മാരുതിയുടെ എക്സ്ക്ലൂസീവ് നെക്സ ഷോറൂമുകൾ വഴി തന്നെയാകും വിൽക്കുക. പുതിയ ബലേനോ 5 സീറ്റർ ഹാച്ച്ബാക്ക് രൂപത്തും ഭാവത്തിലും ഏറെ മാറ്റങ്ങളുമായാണ് എത്തുകയെന്നാണ് മാരുതി സുസുക്കി ഉറപ്പിച്ചു പറയുന്നത്. വലിപ്പത്തിന്റെ കാര്യത്തിലും മുൻഗാമിയേക്കാൾ സമ്പന്നനായിരിക്കും ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്.

കൂടാതെ ഫ്ലാറ്റർ ഹുഡുള്ള അതിന്റെ മുൻ എതിരാളിയേക്കാൾ വിശാലമായി കാണപ്പെടുകയും ചെയ്യും. ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ലാമ്പുകൾ എന്നിവയ്ക്ക് ചുറ്റും എൽ ആകൃതിയിലുള്ള റാപ് സഹിതം പുനർരൂപകൽപ്പന ചെയ്ത മുൻഭാഗമായിരിക്കും കാഴ്ച്ചയിൽ ഇത്തവണ കൂടുതൽ പുതുമ സമ്മാനിക്കുക.

ഫ്രണ്ട്, റിയർ ഫെൻഡറുകൾ എന്നിവയും മാറ്റിയിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖമുള്ള പുതിയതും വലുതുമായ ഗ്രില്ലും ബലേനോ ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. പുതിയ ടെയിൽഗേറ്റ് ഡിസൈൻ, എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, വലിയ ബമ്പർ എന്നിവ പിൻഭാഗത്തെ പരിഷ്‌ക്കരണങ്ങളിൽ ഉൾപ്പെടുന്നു. പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡ്യുർ ഗ്രേ, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, ലക്‌സ് ബീജ് എന്നീ വ്യത്യസ്‌തമാർന്ന നിറങ്ങളിൽ പ്രീമിയം ഹാച്ചിനെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ക്യാബിൻ സൗകര്യങ്ങളിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള വലിയ 9.0 ഇഞ്ച് ഫ്രീ സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ഉൾപ്പെടും. മുമ്പത്തേതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ നൽകുന്ന സ്മാർട്ട്പ്ലേ പ്രോ പ്ലസ് ആണ് ഇത് നൽകുന്നത്. ഇതിന്റെ ടീസർ വീഡിയോയാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇത് മുമ്പത്തെ 7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് കൂടുതൽ സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം വി ആകൃതിയിലുള്ള എയർ കണ്ടീഷനിംഗ് വെന്റുകൾ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും കാറിന് ലഭിക്കും.

2022 ബലേനോയിലെ പ്രധാന മാറ്റങ്ങളിലൊന്ന് സ്പീഡോമീറ്റർ, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ നൽകുന്ന പുതിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ ആയിരിക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകളും ഇന്റീരിയറിൽ കാണാം.
സുരക്ഷാ സവിശേഷതകളിൽ പ്രത്യേകിച്ച് ടോപ്പ് എൻഡ് വേരിയന്റുകളിൽ ഡ്രൈവർ, പാസഞ്ചർ എയർബാഗ്, മുന്നിലും പിന്നിലും യാത്രക്കാർക്കുള്ള കർട്ടൻ എയർബാഗുകൾ എന്നിവ ഉൾപ്പെടുന്ന 6 എയർബാഗുകൾ വരെ കാണും. മറ്റ് സുരക്ഷാ ഉപകരണങ്ങളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റിയും എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി മാരുതി നൽകും.

പുതിയ ബലേനോയുടെ എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിരിക്കില്ല. നിലവിലെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ VVT യൂണിറ്റ് അല്ലെങ്കിൽ 12V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഡ്യുവൽജെറ്റ് എന്നിവയ്‌ക്കൊപ്പം തന്നെയാകും മിനുങ്ങിയെത്തുന്ന ബലേനോ വാഗ്ദാനം ചെയ്യുക. എഞ്ചിൻ പരമാവധി 82 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും എഎംടിയുമാകും ഉൾപ്പെടുക. മാനുവൽ യൂണിറ്റ് സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വേരിയന്റുകളിൽ ലഭ്യമാകും. ഡെൽറ്റ, സീറ്റ, ആൽഫ എന്നിവയിൽ എഎംടിയായിക്കും ഉണ്ടാവുക. നേരത്തെയുണ്ടായിരുന്ന സിവിടി ഓപ്ഷൻ ഇത്തവണ ബലേനോയിൽ ലഭ്യമാകില്ല.

ഈ ഫീച്ചറുകളും സുരക്ഷാ അപ്‌ഡേറ്റുകളും കണക്കിലെടുത്ത് 2022 മാരുതി സുസുക്കി ബലേനോയുടെ വിലയിൽ അൽപം വർധനവ് കാണും. പ്രീമിയം ഹാച്ച്ബാക്കിന് നിലവിൽ 6.03 ലക്ഷം മുതൽ 9.41 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

ഇന്ത്യയിൽ ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ് എന്നിവയ്ക്ക് എതിരാളിയായി ഇത് തുടരും. ഈ വില ശ്രേണിയിൽ സബ്-കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഇത് നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയെയും നേരിടാൻ ബലേനോ പ്രാപ്‌തമായിരിക്കും.


Click it and Unblock the Notifications








