സുരക്ഷ തന്നെ മുഖ്യം! പുത്തൻ Scorpio എസ്‌യുവിയുടെ മൂന്നാംവരിയിലും ഫ്രണ്ട് ഫെയ്‌സിംഗ് സീറ്റുകൾ
XUV700 എസ്‌യുവി വിപണിയിൽ എത്തിയതോടെ ഏവരും കാത്തിരിക്കുന്ന മഹീന്ദ്രയിൽ നിന്നുള്ള മോഡലാണ് പുതുതലമുറ സ്കോർപിയോ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കുറച്ച് വർഷങ്ങളായി അടുത്ത തലമുറ സ്കോർപിയോയിൽ പ്രവർത്തിച്ചുവരികയാണ്.

വരാനിരിക്കുന്ന എസ്‌യുവി ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷണയോട്ടം പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. പുതുതലമുറ മഹീന്ദ്ര സ്കോർപിയോ നിലവിലെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയം ആയിരിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. സൗകര്യത്തിലും സുരക്ഷാ വകുപ്പുകളിലും വലിയ മെച്ചപ്പെടുത്തലുകളായിരിക്കും വാഹനത്തിന് ലഭിക്കുക.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഇന്ത്യൻ വാഹന നിർമാതാക്കൾ സമീപ വർഷങ്ങളിൽ തങ്ങളുടെ കാറുകളുടെ സുരക്ഷയിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗ്ലോബൽ എൻക്യാപ് പ്രകാരം നിർമാതാക്കളുടെ നിരയിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ് മഹീന്ദ്ര XUV700 മിഡ്-സൈസ് എസ്‌യുവിയും XUV300 കോംപാക്‌ട് എസ്‌യുവിയും.

രണ്ട് എസ്‌യുവികൾക്കും 5-സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗും 4-സ്റ്റാർ ചൈൽഡ് സേഫ്റ്റി റേറ്റിംഗും ഉണ്ട്. പ്രായപൂർത്തിയായവർക്കും കുട്ടികൾക്കുമുള്ള 4-സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഥാർ തികച്ചും സുരക്ഷിതമായ മഹീന്ദ്രയുടെ മറ്റൊരു മോഡലാണ്. പുതുതലമുറ സ്കോർപിയോ മുകളിൽ സൂചിപ്പിച്ച മോഡലുകളുടെ പാത തന്നെ പിന്തുടരുമെന്ന് ഉറപ്പാണ്.

റിപ്പോർട്ടുകൾ പ്രകാരം പുതിയ സ്കോർപിയോയ്‌ക്കൊപ്പം 4-സ്റ്റാർ അഡൽറ്റ് ഒക്യുപന്റ് സേഫ്റ്റി റേറ്റിംഗാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. അതോടൊപ്പം മികച്ച 5 സ്റ്റാർ റേറ്റിംഗ് തന്നെ സ്വന്തമാക്കാനാവും ഉദ്ദേശം. പക്ഷേ അത് ചെലവ് വർധിപ്പിക്കും എന്നതിൽ സംശയമൊന്നും വേണ്ട. ഇന്ത്യ പോലുള്ള വില സെൻസിറ്റീവ് വിപണിയിൽ താങ്ങാനാവുന്ന വില വളരെ പ്രധാനമാണ്.

അതിനാൽ ഈ ഘട്ടം മഹീന്ദ്ര എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. വരാനിരിക്കുന്ന പുതിയ തലമുറ സ്കോർപിയോ 7 സീറ്റർ വാഹനമായി തുടരും. എന്നാൽ അവസാന നിരയിൽ മുന്നിലേക്ക് തിരിഞ്ഞ സീറ്റുകളുണ്ടാകും (ഫ്രണ്ട് ഫെയ്‌സിംഗ് സീറ്റുകൾ). ഇത് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ എസ്‌യുവി മികച്ച പ്രകടനം നടത്താൻ അത് സഹായിക്കും.

ഇതിനു വിപരീതമായി മൂന്നാം നിരയിൽ വശങ്ങളിലേക്ക് അഭിമുഖീകരിക്കുന്ന ജമ്പ് സീറ്റുകളുമായാണ് നിലവിലെ തലമുറ മോഡൽ വരുന്നത്. ഇത് ടെയിൽഗേറ്റ് വഴിയുള്ള പ്രവേശനവും പുറത്തുകടക്കലും അനുവദിക്കുന്നു. പുത്തൻ പതിപ്പിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ ഇലക്ട്രിക് സൺറൂഫ് ഘടിപ്പിക്കുമെന്നും ചില പരീക്ഷണ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.

എബിഎസ്, ഇബിഡി, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ, ഒന്നിലധികം എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾക്കൊപ്പം ഷിഫ്റ്റ്-ഓൺ-ഫ്ലൈ ട്രാൻസ്ഫർ കെയ്‌സുള്ള 4×4 സംവിധാനം, വലിയ ലംബമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യും.

ഇതെല്ലാം 2016-ൽ നടന്ന ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ സമ്പൂജ്യനായി മടങ്ങിയ നിലവിലെ സ്കോർപിയോയെ ആകെ മാറ്റുന്ന ഒരു ഘടകമായിരിക്കും. രാജ്യത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത പാസഞ്ചർ വാഹനമായാണ് കണക്കാക്കപ്പെട്ടതും പഴിചാരിയതുമെല്ലാം പുതുതലമുറയോടെ ഇല്ലാതാവും.

മാത്രമല്ല, വരാനിരിക്കുന്ന സ്‌കോർപിയോ അതിന്റെ മുൻഗാമിയേക്കാൾ 100 മുതൽ 150 കിലോഗ്രാം വരെ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. പുതിയ XUV700 എസ്‌യുവി പോലെ വരാനിരിക്കുന്ന സ്കോർപിയോയുടെ സ്റ്റിയറിംഗ് നിലവിലെ മോഡലിനേക്കാൾ വളരെ ഭാരം കുറഞ്ഞതായിരിക്കുമെന്നതും മേൻമയാകും.

വരാനിരിക്കുന്ന പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണഅ പ്രതീക്ഷിക്കുന്നത്. അതിൽ 2.0-ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 2.2 ലിറ്റർ ടർബോ ഡീസൽ യൂണിറ്റുമാകും കമ്പനി ഉപയോഗിക്കുക. രണ്ടിലും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

പുതുതലമുറ മഹീന്ദ്ര സ്കോർപിയോ ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ തലമുറ സ്കോർപിയോ പുതിയ തലമുറ പതിപ്പിനൊപ്പം വിൽപ്പനയിൽ തുടരുമെന്നതും ശുഭസൂചനയാണ്. രണ്ടാമത്തേതിന് താങ്ങാനാവുന്ന ബദലായി വിപണിയിൽ തുടരാനാവുന്നത് മഹീന്ദ്രയ്ക്ക് വിൽപ്പന കൂട്ടാൻ സഹായിക്കുന്ന ഒരു ഘടകമാവും.പുതുതലമുറ മഹീന്ദ്ര സ്കോർപിയോ ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ തലമുറ സ്കോർപിയോ പുതിയ തലമുറ പതിപ്പിനൊപ്പം വിൽപ്പനയിൽ തുടരുമെന്നതും ശുഭസൂചനയാണ്. രണ്ടാമത്തേതിന് താങ്ങാനാവുന്ന ബദലായി വിപണിയിൽ തുടരാനാവുന്നത് മഹീന്ദ്രയ്ക്ക് വിൽപ്പന കൂട്ടാൻ സഹായിക്കുന്ന ഒരു ഘടകമാവും.

നിലവിൽ മഹീന്ദ്ര സ്കോർപിയ്ക്ക് 11.99 ലക്ഷം മുതൽ 16.52 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇതിലും കാര്യമായ മാറ്റങ്ങൾ പരിചയപ്പെടുത്താനും ബ്രാൻഡ് മുതിർന്നേക്കും. ഥാർ എസ്‌യുവി കഴിഞ്ഞാൽ മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമാണ് സ്കോർപിയോ.

2002-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സ്കോർപിയോ അക്കാലമത്രയും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചുകൊണ്ടിരുന്ന മഹീന്ദ്രയെ അക്ഷരാര്‍ഥത്തില്‍ ഒരു ആഗോള ബ്രാൻഡാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications








