സെലേറിയോയെ തേടി ആളുകൾ എത്തിതുടങ്ങി, വിൽപ്പനയിൽ 60 ശതമാനം വളർച്ചയെന്ന് Maruri Suzuki
ചെറു കാർ ശ്രേണിയിൽ മൈലേജ് വിപ്ലവം നടപ്പിലാക്കിയ മോഡലാണ് മാരുതി സുസുക്കിയുടെ സ്വന്തം സെലേറിയോ. പുതുതായി ഒരു കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ വില എത്രയെന്ന് ചോദിക്കുന്നതിനു മുമ്പ് മൈലേജ് എത്രകിട്ടുമെന്ന് ചോദിക്കുന്നവരാകും കൂടുതല്‍.

ഇതിനുള്ള ഉത്തരമാണ് സെലേറിയോ. കഴിഞ്ഞ വർഷം നവംബറിലാണ് മാരുതി സുസുക്കി പുതിയ തലമുറ സെലേറിയോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മികച്ച ഉപകരണങ്ങൾ, കൂടുതൽ കാര്യക്ഷമമായ എഞ്ചൻ, പൂർണമായും പരിഷ്ക്കരിച്ച പുതിയ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ എന്നിവ ഉൾപ്പെടെ പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.

മാത്രമല്ല ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ എന്ന ലേബലിലാണ് പുത്തൻ സെലേറിയോയെ മാരുതി സുസുക്കി വിപണിയിൽ എത്തിച്ചത്. ഇതിൽ കൂടുതൽ ഹിറ്റാവാൻ വേറെന്തു വേണം! വിൽപ്പന കണക്കുകളിലൂടെ കാണുന്നത് പോലെ വാങ്ങുന്നവർ പുതിയ മോഡലിനെ കൂടുതൽ ഇഷ്ടപ്പെടുന്നതായി തോന്നുന്നു.

കഴിഞ്ഞ മാസം സെലേറിയോ ഹാച്ച്ബാക്കിന്റെ മൊത്തം 9,896 യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ അതായത് 2021 ഫെബ്രുവരിയിൽ വിപണിയിൽ വിറ്റ 6,214 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷിക അടിസ്ഥാനത്തിൽ കാറിന്റെ വിൽപ്പന 59.25 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

2022 ജനുവരിയിൽ കമ്പനി സെലേറിയോ ഹാച്ചാബാക്കിന്റെ 8,279 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് 2022 ഫെബ്രുവരിയിൽ 19.53 ശതമാനത്തിന്റെ പ്രതിമാസ വളർച്ചിയിലേക്കും നയിച്ചു. ഇന്ത്യൻ വിപണിയിൽ മാരുതി സെലേറിയോയ്ക്ക് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻലൈൻ-3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 66 bhp കരുത്തിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതുകൂടാതെ ഒരു സിഎൻജി എഞ്ചിൻ ഓപ്ഷനും കാറിൽ ലഭ്യമാണ്. നിലവിൽ VXi വേരിയന്റിൽ മാത്രമാണ് സിഎൻജി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഈ യൂണിറ്റ് പെട്രോൾ എഞ്ചിന് സമാനമാണ്. എന്നാൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിനൊപ്പം, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ലഭിക്കൂ. പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിൻ കരുത്ത് 56.7 bhp പവറും 82.1 Nm torque ഉം ആയി കുറയും.

പുത്തൻ സെലേറിയോയുടെ പെട്രോൾ എഎംടി പതിപ്പിന് 26.68 കിലോമീറ്റർ മൈലേജും പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 26.0 കിലോമീറ്റർ മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. അതേസമയം ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പിന് ഒരു കിലോയ്ക്ക് 35.60 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകാൻ കഴിയും. ഈ ഉയർന്ന ഇന്ധനക്ഷമത കണക്കുകൾ ധാരാളം വാങ്ങുന്നവരെ കാറിലേക്ക് ആകൃഷ്‌ടരാക്കുന്നുണ്ട്.

LXI, VXI, ZXI, ZXI+ എന്നീ നാല് വകഭേദങ്ങളില്‍ പുതിയ സെലേറിയോ സ്വന്തമാക്കാം. മാരുതി സുസുക്കി ഹാച്ച്ബാക്കിന്റെ പെട്രോൾ മോഡലുകൾക്ക് 5.15 ലക്ഷം മുതൽ 6.58 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മറ്റ് മാരുതി ഹാച്ച്ബാക്കുകളുമായി പങ്കിടുന്ന മോഡുലാര്‍ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമാണ് പുതിയ മാരുതി സുസുക്കി സെലേറിയോയും നിർമിച്ചിരിക്കുന്നത്.

3,695 മില്ലീമീറർ നീളവും 1,655 മില്ലീമീറർ വീതിയും 1,555 മില്ലീമീറർ ഉയരവും 2,435 മില്ലീമീറർ വീല്‍ബേസുമാണ് പുതുതലമുറയിലേക്ക് ചേക്കേറിയപ്പോൾ സെലേറിയോയ്ക്ക് ലഭിച്ചിരിക്കുന്ന വലിപ്പം. നീളവും ഉയരവും പഴയ മോഡലിന് സമാനമാണെങ്കിലും പുതിയ മോഡലിന് 55 മില്ലീമീറർ വീതിയും വീല്‍ബേസ് 10 മില്ലീമീറർ നീളവും അധികമായി ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലെ അതിന്റെ ഏറ്റവും അടുത്ത എതിരാളികളിൽ ഹ്യുണ്ടായി സാൻട്രോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ, കൂടാതെ മാരുതി വാഗൺ-ആർ എന്നിവയാണ് ഉൾപ്പെടുന്നത്. ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്ലിസ്റ്റണിംഗ് ഗ്രേ, സോളിഡ് ഫയര്‍ റെഡ്, സ്പീഡി ബ്ലൂ, കഫീന്‍ ബ്രൗണ്‍ എന്നിങ്ങനെ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് മാരുതി സെലേറിയോയെ വാഗ്ദാനം ചെയ്യുന്നത്.

അകത്തളത്തിലേക്ക് നോക്കിയാൽ പൂർണമായും കറുപ്പിൽ ഒരുക്കിയിരിക്കുന്ന ഇന്റീരിയറിൽ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സംവിധാനത്തോടുകൂടിയ പുതിയ 7 ഇഞ്ച് ടച്ച്സ്‌ക്രീൻ, ഇതിന് ഇരുവശത്തുമായി ലംബമായി അടുക്കിയ എസി വെന്റുകൾ, ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ORVM, സ്മാര്‍ട്ട്‌പ്ലേ ഡോക്ക്, നാല് സ്പീക്കറുകള്‍, റിമോട്ട് കീലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, റിയര്‍ വൈപ്പര്‍/വാഷര്‍, ഡീഫോഗര്‍, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയവയെല്ലാം സെലേറിയോയിൽ ലഭ്യമാണ്.


Click it and Unblock the Notifications








