കൂടുതൽ സ്പോർട്ടിയർ ലുക്കിൽ Kushaq, എസ്‌യുവിയുടെ മോണ്ടി കാർലോ എഡിഷൻ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Skoda
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ചക്രവർത്തിയായി അറിയപ്പെടുന്ന സ്കോഡ കുഷാഖ് എസ്‌യുവിക്ക് കൂടുതൽ സ്പോർട്ടിയറായ ഒരു വേരിയന്റ് കൂടി വിപണിയിലേക്ക് എത്തുകയാണ്.

പെർഫോമൻസ് അധിഷ്ഠിതമല്ല, പകരം കോസ്മെറ്റിക് പരിഷ്ക്കാരങ്ങളിലൂടെ കൂടുതൽ പ്രീമിയം ഓഫറായി മാറുന്ന മോണ്ടി കാർലോ എഡിഷനാണ് കുഷാഖിലേക്ക് സ്കോഡ പരിചയപ്പെടുത്താൻ തയാറെടുക്കുന്നത്. സ്റ്റാൻഡേർഡ് മോഡലുകളെക്കാൾ അൽപം സ്പോർട്ടിയർ മാറ്റങ്ങളോടെയാകും മോണ്ടി കാർലോ വിൽപ്പനയ്ക്ക് എത്തുക.

സ്കോഡ കുഷാഖ് മോണ്ടി കാർലോ എഡിഷനെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് 2022 മെയ് ഒമ്പതിന് വിപണിയിൽ അവതരിപ്പിക്കുമെന്ന സ്ഥിരീകരണവും വന്നിട്ടുണ്ടിപ്പോൾ. പുതിയ മോണ്ടി കാർലോ വേരിയന്റ് എസ്‌യുവിയുടെ നിലവിലെ ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിന് മുകളിലായി ഇടംപിടിക്കുമെന്നാണ് അനുമാനം.

അതിനാൽ തന്നെ വിലയിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. 2022 സ്കോഡ കുഷാഖ് മോണ്ടി കാർലോയ്ക്ക് 1.0 ടിഎസ്ഐ, 1.5 ടിഎസ്ഐ എഞ്ചിൻ ഓപ്ഷനുകൾ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടപ്പം തന്നെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും മിഡ്-സൈസ് എസ്‌യുവിയുടെ പുതിയ പ്രീമിയം വേരിയന്റിനുണ്ടാവും. ഇതിന് 18 ലക്ഷം മുതൽ 19.50 ലക്ഷം രൂപ വരെയാകും കമ്പനി എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക.

മുമ്പത്തെ റാപ്പിഡ് മോണ്ടി കാർലോ പതിപ്പ് പോലെ തന്നെ സവിശേഷമായ സ്പോർട്ടി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാകും വിപണിയിൽ എത്തുക. അതായത് സ്‌പോർട്ടി ബ്ലാക്ക് സ്റ്റൈലിംഗ് ഘടകങ്ങളുള്ള സിഗ്നേച്ചർ റെഡ് കളർ ഓപ്ഷനിൽ സ്കോഡ കുഷാഖ് മോണ്ടി കാർലോയും അണിഞ്ഞൊരുങ്ങും.

അതോടൊപ്പം തന്നെ കറുത്ത നിറത്തിലുള്ള ഗ്രിൽ, സ്മോക്ക്ഡ് ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ബ്ലാക്ക്ഡ് ഔട്ട് സ്‌കിഡ് പ്ലേറ്റുകൾ, വിംഗ് മിററുകൾ, റൂഫ് റെയിലുകൾ, റിയർ ബമ്പർ എന്നിവ ഇതിൽ ഉൾപ്പെടും. പുതിയ കുഷാഖ് മോണ്ടി കാർലോ എഡിഷന് മറ്റ് കളർ ഓപ്ഷനുകളും ലഭിക്കുമെന്നതാണ് സ്വീകാര്യമായ മറ്റൊരു വസ്‌തുത.

എസ്‌യുവിയുടെ പുറംഭാഗത്ത് 'മോണ്ടി കാർലോ' ബാഡ്‌ജിംഗും കാണാനാവും. കൂടാതെ പുതിയ സെറ്റ് ബ്ലാക്ക് അലോയ് വീലുകളും മിഡ്-സൈസ് എസ്‌യുവിയുടെ ആകർഷണം വർധിപ്പിക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മുൻ തലമുറ ഒക്ടാവിയ RS 245-ന് സമാനമായ അലോയ് വീൽ രൂപകൽപ്പനയുള്ള 205/55 R17 ടയറുകളും കുഷാഖ് പരിചയപ്പെടുത്തും.

പുതിയ മോഡൽ സവിശേഷമായ എക്സ്റ്റീരിയർ ഇന്റീരിയർ ബിറ്റുകളോടെ അണിനിരക്കുമെന്നാണ് ഈ സൂചനകളെല്ലാം പറഞ്ഞുവെക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ക്യാബിനും മോണ്ടി കാർലോ നവീകരണങ്ങൾ ലഭിക്കുമെന്നാണ് അനുമാനം. ഡിസൈനും ലേഔട്ടും അതേപടി നിലനിൽക്കുമെങ്കിലും റെഡ് ആക്‌സന്റുകളും പുതിയ അപ്‌ഹോൾസ്റ്ററിയും ഉള്ള സ്‌പോർട്ടി ബ്ലാക്ക് ഇന്റീരിയർ എസ്‌യുവിക്ക് സ്കോഡ സമ്മാനിക്കും.

കുഷാഖ് സ്‌റ്റൈൽ വേരിയന്റിൽ നിന്നുള്ള മിക്കവാറും എല്ലാ സവിശേഷതകളും മോണ്ടി കാർലോ വേരിയന്റിൽ കാണാനാവും. എങ്കിലും പുതുതായി അവതരിപ്പിച്ച സ്ലാവിയയിലും ഫോക്‌സ്‌വാഗൺ ടൈഗൂണിവലും നാം ഇതിനകം കണ്ട പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടെ ചില അധിക സവിശേഷതകളും മോണ്ടി കാർലോ എഡിഷന് ലഭിക്കുമെന്നാണ് കമ്പനി പറഞ്ഞുവെച്ചിരിക്കുന്നത്.

1.0 ലിറ്റർ 3-സിലിണ്ടർ ടിഎസ്ഐ, 1.5 ലിറ്റർ 4-സിലിണ്ടർ ടിഎസ്ഐ എന്നീ രണ്ട് പെട്രോൾ എഞ്ചിനുകളിൽ സ്‌കോഡ കുഷാഖ് മോണ്ടി കാർലോ എഡിഷൻ തെരഞ്ഞെടുക്കാം. ആദ്യത്തേത് 113 bhp കരുത്തിൽ 175 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ശേഷി കൂടിയ എഞ്ചിൻ 148 bhp പവറിൽ 250 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 1.0 ലിറ്റർ ടിഎസ്ഐയിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും ഓപ്ഷണൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉൾപ്പെടുന്നു. അതേസമയം 1.5-ലിറ്റർ ടിഎസ്ഐ 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

എസ്‌യുവിയുടെ മറ്റ് പ്രധാന സവിശേഷതകളിൽ പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, ഫോളോ മി ഹോം ഫീച്ചറുള്ള ഹെഡ്‌ലാമ്പുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് സ്പീക്കർ, ഇതുകൂടാതെ സബ്‌വൂഫറോടുകൂടിയ മ്യൂസിക് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയെല്ലാം സ്കോഡ അണിനിരത്തും.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി എസ്-ക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നീ വമ്പൻമാരുമായി ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവിയിൽ മല്ലടിക്കുന്ന സ്കോഡ കുഷാഖിന് 10.99 ലക്ഷം രൂപ മുതൽ 18.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 2020 വർഷം ജൂണിലാണ് എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. സ്കോഡ ഓട്ടോ-ഫോക്‌സ്‌വാഗൺ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ നിന്നെത്തിയ ആദ്യത്തെ മോഡലായിരുന്നു ഇത്.


Click it and Unblock the Notifications








