മുതലാളീ... കടന്നകൈയായി പോയല്ലോ! ഇന്നോവ ഹൈക്രോസിൽ മാനുവൽ ഗിയർബോക്‌സ് ഉണ്ടാവില്ല

പുതിയ ഇന്നോവയിലൂടെ വീണ്ടും രാജ്യംവെട്ടിപ്പിടിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. അടുത്തിടെ ഇന്തോനേഷ്യയിൽ അരങ്ങേറ്റം കുറിച്ച പുതുതലമുറ മോഡലായ ഹൈക്രോസിനെ കമ്പനി ഇന്ന് ഇന്ത്യയിലും അവതരിപ്പിക്കും. അവതരണത്തിന് മുന്നോടിയായി വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിൽ പലരേയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഏറ്റവും പുതിയത്.

വരാനിരിക്കുന്ന എംപിവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകൾ വേരിയന്റ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുറത്തുവരുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന് മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷൻ ലഭിക്കില്ലെന്നും എല്ലാ വേരിയന്റുകളിലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ എന്നതുമാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ഇന്ത്യയിൽ ഇന്നും ഓട്ടോമാറ്റിക് പതിപ്പുകളേക്കാൾ ഡിമാന്റുള്ളത് മാനുവൽ ഓപ്ഷൻ മോഡലുകൾക്ക് തന്നെയാണ്. ഈ വസ്‌തുത കണക്കിലെടുക്കുമ്പോൾ ടൊയോട്ടയുടെ നീക്കം അമ്പരപ്പിക്കുന്നതാണ്.

എന്നാൽ കാലത്തിനൊത്ത് മാറാൻ ഇന്നോവ ഹൈക്രോസിനെയും ടൊയോട്ട പ്രാപ്‌തമാക്കുന്നതിനുള്ള നീക്കമാണ് എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ നൽകുക എന്നത്. ഇന്നോവ ഹൈക്രോസ് അഞ്ച് വേരിയന്റുകളിൽ വരും. ആദ്യ മൂന്ന് പതിപ്പുകൾക്ക് സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം താഴത്തെ രണ്ട് വേരിയന്റുകൾക്ക് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭിക്കും. എൻട്രി ലെവൽ പെട്രോൾ വേരിയന്റ് ഫ്ലീറ്റ് ഓപ്പറേറ്റർമാരെ മാത്രം ലക്ഷ്യം വയ്ക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.

ഹൈക്രോസിലെ ഹൈബ്രിഡ് എഞ്ചിൻ അഞ്ചാം തലമുറയിലുള്ള സ്ട്രോംഗ് ഹൈബ്രിഡ് ടെക്കുമായി (M20A-FXS) ഘടിപ്പിച്ച 2.0 ലിറ്റർ യൂണിറ്റാണ്. ഈ എഞ്ചിൻ, മിക്ക ടൊയോട്ട ഹൈബ്രിഡ് യൂണിറ്റുകളും പോലെ കൂടുതൽ കാര്യക്ഷമതയ്ക്കായി ഒരു അറ്റ്കിൻസൺ അല്ലെങ്കിൽ മില്ലർ സൈക്കിൾ ഉപയോഗിക്കുന്നു. ഇത് 152 bhp കരുത്തിൽ 187 Nm torque നൽകുകയും 186 bhp പവർ ഔട്ട്‌പുട്ടിനായി ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ, ഇന്നോവ ഹൈക്രോസ് അതേ 1,987 സിസി എഞ്ചിന്റെ (M20A-FKS) നോൺ ഹൈബ്രിഡ് പതിപ്പിലും വരും. അത് 174 bhp പവറിൽ പരമാവധി 197 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. കൂടാതെ സിവിടി ഗിയർബോക്‌സുമായി മാത്രം ജോടിയാക്കുകയും ചെയ്യുന്നു. ഇതിനർഥം ഇന്നോവ ഹൈക്രോസിലെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും മാനുവൽ ട്രാൻസ്മിഷനോടൊപ്പം വരില്ല എന്നാണ്. സീറ്റിംഗ് കോൺഫിഗറേഷനുകളുടെ കാര്യത്തിൽ, ഇന്നോവ ഹൈക്രോസിൽ 7 ഉം 8 ഉം സീറ്റ് ലേഔട്ടുകൾ ആയിരിക്കും ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുക.

പുത്തൻ ഇന്നോവ ഹൈക്രോസിൽ 7 സീറ്റ് കോൺഫിഗറേഷനിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും രണ്ടാം നിരയ്ക്ക് ഒട്ടോമൻ ഫംഗ്‌ഷനും മൂന്നാം നിരയ്ക്ക് ഒരു ബെഞ്ച് സീറ്റും ഉണ്ടാകും. അതേസമയം 8 സീറ്റുകളുള്ള ലേഔട്ടിൽ രണ്ടാമത്തെയും മൂന്നാമത്തെയും വരികൾക്ക് ബെഞ്ച് സീറ്റുകൾ ഉണ്ടായിരിക്കും. ടൊയോട്ട എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ നൽകും. അതായത് മൂന്നാം നിരയിൽ മൂന്ന് പ്രത്യേക സീറ്റ് ബെൽറ്റുകളും ഉണ്ടായിരിക്കുമെന്ന് ചുരുക്കം.

നിരവധി പ്രീമിയം വിഷ്വൽ ഘടകങ്ങൾ വഹിക്കുന്ന ക്രിസ്റ്റയെക്കാൾ ഒരു വലിയ പരിണാമമായിരിക്കും വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ്. ക്രിസ്റ്റ എന്ന പരമ്പരാഗത എം‌പി‌വിയേക്കാൾ ഇത് ഇപ്പോൾ കൂടുതൽ എസ്‌യുവി സ്റ്റൈലിംഗാണ് വഹിക്കുന്നത്. സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയതും വലുതുമായ അലോയ്‌കൾ, നേർത്ത ബോഡി ക്ലാഡിംഗ്, ഹഞ്ച്ബാക്ക്-ടൈപ്പ് റിയർ പ്രൊഫൈൽ എന്നിവ പുതിയ ഇന്നോവയ്ക്ക് ആധുനികവും കൂടുതൽ പ്രീമിയം സാന്നിധ്യവും നൽകുന്നു എന്ന് പറയാതിരിക്കാനാവില്ല.

വാഹനത്തിന് 4,735 mm നീളവും 1,830 mm വീതിയും 1,795 mm ഉയരവുമുള്ള ഹൈക്രോസിന് ക്രിസ്റ്റയേക്കാൾ 20 mm നീളവും വീതിയും അധികം ഉണ്ട്. അതേസമയം ഉയരം മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ വീൽബേസിന് ഇപ്പോൾ 2,850 mm നീളമുണ്ട്. പഴയ മോഡലിനേക്കാൾ 100 മില്ലീമീറ്റർ അധിക വലിപ്പം ഹൈക്രോസ് നൽകുമെന്ന് ഇത് പറഞ്ഞുവെക്കുന്നു. വിപുലീകരിച്ച വീൽബേസ് കൂടുതൽ വിശാലമായ ക്യാബിനിലേക്കാവും വിവർത്തനം ചെയ്യുക.

ക്രിസ്റ്റയുടെ ലാഡർ ഫ്രെയിം ഷാസിക്ക് പകരമായി മോണോകോക്ക് ഷാസിയാണ് ഹൈക്രോസ് ഉപയോഗിക്കുന്നത്. റിയർ വീൽ ഡ്രൈവ് ഓഫറായ മുൻഗാമിയിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് എംപിവി കൂടിയായിരിക്കും. ഈ രണ്ടു കാര്യങ്ങളും ഇന്നോവ എന്ന് അതികായകനെ വേറിട്ടു നിർത്തും. സുരക്ഷയുടെ കാര്യത്തിലും മൈലേജിന്റെ കാര്യത്തിലും പുതിയ മാനങ്ങൾ സൃഷ്‌ടിച്ചുകൊണ്ടാവും പുത്തൻ ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ ചുവടുറപ്പിക്കുക. ഒരു ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റമായ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ടും വാഹനത്തിനൊപ്പമുണ്ടാവും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
The new toyota innova hycross will not come with a manual transmission
Story first published: Friday, November 25, 2022, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X