ഭീരകനാണിവൻ കൊടുംഭീകരൻ!! Tata Harrier ഫെയ്‌സ്‌ലിഫ്റ്റിനെ കാത്തിരിക്കാൻ ഇക്കാര്യങ്ങൾ പോരേ?
മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ എതിരാളികളെല്ലാം പുതിയ രൂപവും ഭാവവും ആവാഹിച്ചപ്പോൾ കാഴ്ച്ചക്കാരായി നിൽക്കുകയാണ് ടാറ്റ മോട്ടോർസ്. തങ്ങളുടെ തുറുപ്പുചീട്ടായ ഹാരിയറിനെ മാറ്റങ്ങളോടെ പുറത്തിറക്കി കളംനിറയാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതി. ഇതിന്റെ ഭാഗമായി ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പണിപ്പുരയിലാണ് ടാറ്റ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ വരാനിരിക്കുന്ന മോഡലിനെ ഉറ്റുനോക്കുന്നതും.
നിലവിലെ സാഹചര്യം നോക്കുകയാണെങ്കിൽ, എംജി ഹെക്ടർ, ജീപ്പ് കോമ്പസ് തുടങ്ങിയ വമ്പൻ എതിരാളികൾ ഹാരിയറിനെ വ്യത്യസ്ത വശങ്ങളിൽ നിന്നും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. അതിനാൽ ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം കൊണ്ടുവന്ന് പഴയ പ്രതാപം വീണ്ടെടുക്കാൻ കമ്പനി ഒരുങ്ങി കഴിഞ്ഞു. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള, ധാരാളം അപ്‌ഡേറ്റുകളുമായി വരുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ കാത്തിരിക്കാനുള്ള പ്രധാന അഞ്ചു കാരണങ്ങൾ ഒന്നു പരിചയപ്പെട്ടാലോ?

1. പെട്രോൾ എഞ്ചിൻ
ടാറ്റ ഹാരിയറിന്റെ ഒരു പ്രധാന പോരായ്മയായി ഏവരും നോക്കി കണ്ടിരുന്നത് പെട്രോൾ എഞ്ചിന്റെ അഭാവമായിരുന്നു. എസ്‌യുവി വിഭാഗത്തിൽ ഡീസൽ എഞ്ചിൻ വേരിയന്റുകൾക്കാണ് ഡിമാന്റ് കൂടുതലുള്ളതെങ്കിലും ഒരു കൂട്ടം ആളുകളെങ്കിലും പെട്രോൾ വാഹനങ്ങളിലേക്ക് ചേക്കേറുന്നവരാണ്. ഇത്തരക്കാരിൽ ഭൂരിഭാഗം ഉപഭോക്താക്കളും മറ്റ് ബ്രാൻഡുകളെയാണ് ആശ്രയിക്കുന്നത്. ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിൽ ടാറ്റ മോട്ടോർസിന് നിറവേറ്റാൻ കഴിയുന്ന ഒരു വലിയ സമ്മാനമാകും പെട്രോൾ എഞ്ചിന്റെ അവതരണം. മുഖംമിനുക്കിയെത്തുന്ന എസ്‌യുവിയിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കാനുള്ള സാധ്യതയുണ്ട്.
അധിക സിലിണ്ടറുള്ള ടാറ്റയുടെ 1.2 ലിറ്റർ ടർബോ പെട്രോളിന്റെ നവീകരിച്ച പതിപ്പായിരിക്കാം ഇതെന്നാണ് നിഗമനം. എന്നിരുന്നാലും ഹാരിയർ ഡീസൽ ഫെയ്‌സ്‌ലിഫ്റ്റിൽ ആരോഗ്യകരമായ വിൽപ്പനയിൽ മുന്നേറാൻ കഴിയുമെന്നതിനാൽ ടാറ്റ ഈ എഞ്ചിന് മുൻഗണന നൽകുന്നില്ലെന്നും പ്രസ്താവിക്കുന്നുണ്ട്. ടാറ്റ പെട്രോൾ ഹാരിയർ കൊണ്ടുവരണോ എന്ന തീരുമാനം ഉപഭോക്തൃ ഫീഡ്ബാക്കുകളെ അടിസ്ഥാനമാക്കിയാണ് കമ്പനി കൈക്കൊള്ളുന്നതെങ്കിൽ തീർച്ചയായും മുഖംമിനുക്കി എത്തുന്ന ഹാരിയറിൽ ബ്രാൻഡ് ഇത് നൽകാൻ തന്നെ തുനിഞ്ഞേക്കും.
2. ഓഫ്-റോഡിംഗിനായി ട്യൂൺ ചെയ്ത സസ്പെൻഷൻ
സന്തുലിതമായ റൈഡ് ക്വാളിറ്റിയാണ് ടാറ്റ ഹാരിയറിന് ഇതിനോടകം തന്നെയുള്ളത്. കുണ്ടും കുഴികളും നന്നായി കൈകാര്യം ചെയ്യുന്ന ചങ്കി ടയറുകളും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. മാത്രമല്ല, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ സസ്‌പെൻഷൻ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനും ടാറ്റ ഇപ്പോൾ പദ്ധതിയിടുന്നുണ്ട്. ടാറ്റ ഈ സസ്പെൻഷന് കൂടുതൽ ഓഫ്-റോഡ് കഴിവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ ഒരു AWD അല്ലെങ്കിൽ 4×4 സജ്ജീകരണം നൽകുന്നതിനുപകരം മോശം റോഡുകളിൽ കാർ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ബ്രാൻഡിന് ഡാംപറുകൾ ട്യൂൺ ചെയ്യാനാകും.
3. കൂടുതൽ ഫീച്ചറുകൾ
ഫീച്ചറുകളുടെ കാര്യത്തിൽ ഹാരിയറിന്റെ നിലവിലെ സ്ഥാനം വളരെ മുന്നിലാണെന്ന് സമ്മതിക്കാതെ തരമില്ല. എന്നിരുന്നാലും വർധിച്ചു വരുന്ന വിപണി താത്പര്യങ്ങൾ കണക്കിലെടുത്ത് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കൂടുതൽ സവിശേഷതകൾ ടാറ്റ മോട്ടോർസ് ചേർക്കാൻ സാധ്യതയുണ്ട്. പുതിയ മോഡലിലേക്ക് വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, മൂഡ് ലൈറ്റിംഗ്, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങി കൂടുതൽ സവിശേഷതകൾ കമ്പനി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ട്യൂസോൺ, വരാനിരിക്കുന്ന എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയ ലോഡഡ് എതിരാളികളേക്കാൾ മികച്ച പാക്കേജ് നൽകാൻ ഇത് കാറിനെ സഹായിക്കും.
4. പുത്തൻ ഡിസൈൻ
നിലവിൽ ലാൻഡ് റോവറുകളെ അനുസ്‌മരിപ്പിക്കുന്ന കിടുക്കാച്ചി രൂപമാണ് ഹാരിയറിനുള്ളത്. എന്നാൽ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റം ഹാരിയറിന്റെ പുറംഭാഗത്തെ നവീകരിക്കാൻ സാധ്യതയുണ്ട്. കാറിന് ഗംഭീരമായ ഒരു എസ്‌യുവി നിലപാട് ലഭിക്കുന്നതിനാൽ ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റ് ഇതിന് കൂടുതൽ പ്രാധാന്യം നൽകും. എങ്കിലും നിലവിലുള്ള ഘടനയെല്ലാം അതേപടി നിലനിർത്താനാവും ടാറ്റയുടെ പ്രധാന ശ്രമം. പുതിയ ഹാരിയറിന് പുതുക്കിയ ഗ്രിൽ, പുത്തൻ ഫ്രണ്ട് ഫാസിയ, പുതിയ അലോയ് വീൽ ഡിസൈൻ, മറ്റ് ഘടകങ്ങൾ എന്നിവയിൽ ചെറിയ മാറ്റങ്ങൾ ലഭിക്കാനാണ് സാധ്യത കൂടുതൽ.
5. ADAS
കാറിന്റെ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇന്ന് ഈ സെഗ്മെന്റിലെ ഒരു പുതിയ സംസാര വിഷയമായി മാറിയിരിക്കുന്നു. ADAS സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി പുതിയ കാർ ലോഞ്ചുകൾ പ്രേരിപ്പിച്ചതിനാൽ പുതിയ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിനും ഇത് ഒഴിവാക്കാനായേക്കില്ല. സമീപകാല പരീക്ഷണ ചിത്രങ്ങളും ഈ സുരക്ഷാ സവിശേഷതയുടെ ഉയർന്ന സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. നിലവിൽ സേഫ്റ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയാറല്ലാത്ത ടാറ്റ മോട്ടോർസ് പുതിയ ഹാരിയർ എസ്‌യുവിക്കും ഈ നൂതന സേഫ്റ്റി ഫീച്ചർ സമ്മാനിച്ചേക്കും.


Click it and Unblock the Notifications