പേരിതാണ് Citroen ëC3! ഇലക്ട്രിക് അവതാരം ഒരുങ്ങിയെന്ന് ഫ്രഞ്ച് കമ്പനി, വരവ് ജനുവരിയിൽ
C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ഉടൻ തന്നെ നമ്മുടെ വിപണിയിലെത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. C3യെ അടിസ്ഥാനമാക്കി എത്തുന്ന ഇലക്ട്രിക് കാർ eC3 എന്ന പേരിലായിരിക്കും ഇന്ത്യയിൽ അറിയപ്പെടുക. പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക് അതിവേഗം വളരുന്ന ഇന്ത്യയിലെ ഇവി വിപണിയിലെ ബ്രാൻഡിന്റെ ആദ്യ ശ്രമമായിരിക്കും.
ഇതുവരെ കാര്യമായി ഉപഭോക്താക്കളെ ആകർഷിക്കാനാവാതിരുന്ന മോഡൽ വൈദ്യുതീകരിക്കപ്പെടുമ്പോൾ വിപണിയിൽ നിന്നുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം. പുതിയ സിട്രൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യൻ നിരത്തുകളിൽ ഇതിനോടകം പരീക്ഷണം നടത്തിക്കഴിഞ്ഞു. വരാനിരിക്കുന്ന ഈ ബജറ്റ് കാർ ബ്രാൻഡിന്റെ e-CMP എന്നറിയപ്പെടുന്ന ഇലക്ട്രിക് കോമൺ മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാവും മെനഞ്ഞെടുക്കുക. ഇത് ഇലക്ട്രിക് ഫിയറ്റ് പാണ്ടയ്ക്കും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്. ഇരു കമ്പനികളും സ്റ്റെല്ലാൻ്റിസിന്റെ കീഴിലുള്ളതായതിനാലാണ് പ്ലാറ്റ്ഫോം പങ്കിടൽ നടപ്പാകുന്നത്.

സിട്രണിന്റെ ഉടമസ്ഥരായ സ്റ്റെല്ലാന്റിസിന്റെ സിഇഒ കാർലോസ് ടാവെരസ് നേരത്തെ C3 ഇവി ഇന്ത്യയിലേക്ക് എത്തുമെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. പുതിയ ഇവി അടുത്ത വർഷം ആദ്യം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ടാവെരസ് പറഞ്ഞത്. സാധാരണക്കാർക്ക് താങ്ങാനാവുന്നതും നിലവാരമുള്ളതുമായ ഇവികൾ വികസിപ്പിക്കാൻ സ്റ്റെല്ലാന്റിസ് കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. eC3 ഇലക്ട്രിക് വാഹനം ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുമെന്ന് സിട്രോൺ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് മോഡലിന് മത്സരാധിഷ്‍ഠിതമായ വില നിർണയിക്കാൻ കമ്പനിയെ സഹായിക്കും.
എന്തായാലും eC3 ഇലക്ട്രിക് വലത് ഫെൻഡറിൽ ചാർജിംഗ് പോർട്ട് അവതരിപ്പിക്കുമെന്ന് മുൻ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. ക്ലോസ്‌ഡ് ഫ്രണ്ട് ഗ്രില്ലിന്റെയും പുതുക്കിയ ബമ്പറിന്റെയും രൂപത്തിൽ ഇവിക്ക് അതിന്റെ പെട്രോൾ വകഭേദത്തിൽ നിന്നും ചെറിയ മാറ്റങ്ങൾ ലഭിക്കും. എങ്കിലും മൊത്തത്തിൽ ഇത് നിലവിലുള്ള മോഡലിന് സമാനമായി തന്നെയായിരിക്കും കാണപ്പെടുക. eCMP പ്ലാറ്റ്‌ഫോം നിലവിൽ പ്യൂഷോ e-208 ഇവിക്കും അടിവരയിടുന്നുണ്ട്. യൂറോപ്പിൽ ഈ വാഹനത്തിൽ 50kWh ബാറ്ററി പായ്ക്കാണ് ഇടംപിടിച്ചിരിക്കുന്നതും.
ഈ ഇലക്ട്രിക് മോട്ടോർ 136 bhp പവറിൽ പരമാവധി 260 Nm torque വരെ വാഗ്ദാനം ചെയ്യാനും ശേഷിയുള്ളതാണ്. കൂടാതെ യൂറോപ്പിൽ 362 കിലോമീറ്റർ വരെ യഥാർഥ റേഞ്ചും ഇലക്‌ട്രിക് വാഹനം നൽകുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പുതിയ ഇന്ത്യൻ മോഡലിന് ഒരു ചെറിയ ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അത് ഒരു ഇലക്ട്രിക് മോട്ടോറിന് പവർ നൽകുന്ന 30.2 kWh യൂണിറ്റായിരിക്കാം.
ഈ മോട്ടോർ eC3 ഇലക്‌ട്രിക് ഹാച്ച്ബാക്കിൽ 84 bhp കരുത്തിൽ 143 Nm torque ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അടുത്തിടെ പുറത്തിറക്കിയ ടാറ്റ ടിയാഗോ ഇവിക്ക് എതിരെയാണ് പുതിയ സിട്രൺ eC3 ഇവി സ്ഥാനം പിടിക്കുക. 10 ലക്ഷത്തിൽ താഴെയുള്ള ഇലക്‌ട്രിക് കാറുകൾ അപൂർവമാണ് ഇന്ത്യൻ വാഹന വിപണിയില്‍. അതുകൊണ്ടു തന്നെ ഇലക്ട്രിക്ക് കാറുകളുടെ വാങ്ങലുകളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇവികളുടെ വില. ആയതിനാൽ വില ടിയാഗോയേക്കാൾ കുറവാകാനാണ് സാധ്യത. എന്നാൽ റേഞ്ചിന്റെ കാര്യത്തിൽ ടാറ്റ കാർ തന്നെയാവും കേമൻ.
eC3 ഇലക്‌ട്രിക് ഹാച്ച് ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ മോഡലിനെ അപേക്ഷിച്ച് പുതിയ സിട്രൺ C3 ഇലക്ട്രിക് കൂടുതൽ അടിസ്ഥാന ഫീച്ചറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഓട്ടോമാറ്റിക് എസി, റിയർ വൈപ്പർ, വാഷർ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎം, റിയർ ഡിഫോഗർ, ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഇവി മോഡൽ എന്തായാലും 2023 ജനുവരിയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന.
തുടർന്ന് സിട്രൺ eC3 ലോഞ്ച് അടുത്ത വർഷം രണ്ടാംപാദത്തിൽ നടന്നേക്കാം. മിക്കവാറും ഏപ്രിലിലാവും വാഹനത്തെ വിപണനത്തിന് എത്തിക്കുക. ഏകദേശം 13 ലക്ഷം രൂപയായിരിക്കും ഇതിന്റെ ടേപ്പ് വേരിയന്റിന്റെ വിലയെന്നാണ് വിവരം. ഇടത്തരക്കാർക്ക് താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെ നിർമ്മിക്കാം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് സ്റ്റെല്ലാൻ്റിസ് വ്യക്തമാക്കിയിരുന്നു. ഈ വെല്ലുവിളി കമ്പനി എങ്ങനെ മറികടക്കുമെന്ന് കാണാം. ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രാദേശിക ഉൽപ്പാദനം eC3-യുടെ വില കഴിയുന്നത്ര കുറയ്ക്കാൻ സിട്രോണിനെ സഹായിക്കും.


Click it and Unblock the Notifications








