പപ്പടമെന്ന വിളിയെല്ലാം കാറ്റിൽ പറത്തും! 6 എയർബാഗുകളുമായി ഉടൻ വരുന്ന Maruti Suzuki കാറുകൾ
സുരക്ഷയുടെ കാര്യവും പറഞ്ഞ് വിമർശകർ കളിയാക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായെങ്കിലും ഇതുവരെ അതിന് വകവെക്കാതെ മുന്നോട്ടു പോവുകയായിരുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കാളായ മാരുതി സുസുക്കി ഇതിനെല്ലാം പയ്യെ മറുപടി കൊടുത്തു തുടങ്ങിയിട്ടുണ്ട്.

2022 ബലേനോ മുതൽ മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ സുരക്ഷാ ഘടകം മെച്ചപ്പെടുത്താൻ തുടങ്ങിയതു തന്നെയാണ് പപ്പടം എന്ന വിളിക്കുള്ള ഏറ്റവും വലിയ ഉത്തരംയ സൈഡ്, കർട്ടൻ എയർബാഗുകൾ ചേർക്കുന്നത് ഒരു പ്രധാന തീരുമാനമായാണ് വാഹന ലോകം നോക്കികാണുന്നത്.

ഉടൻ തന്നെ കൂടുതൽ മാരുതി കാറുകൾ മൊത്തം ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ട്രെൻഡ് പിന്തുടരും. പുതിയ ബലേനോയിൽ ആരംഭിച്ച പുതുപുത്തൻ പരിഷ്ക്കാരം ഉടനടി മറ്റ് വാഹനനങ്ങളിലേക്കും ചേക്കേറും. ഈ വർഷം എട്ടു പുതിയ കാർ ലോഞ്ചുകളാണ് മാരുതി ആസൂത്രണം ചെയ്തിരിക്കുന്നതും.

വരാനിരിക്കുന്ന എല്ലാ കാറുകൾക്കും ആറ് എയർബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി (MoRTH) നിതിൻ ഗഡ്‌കരി അറിയിച്ചതും ശ്രദ്ധേയമായിട്ടുണ്ട്. 6 എയർബാഗുകൾ ഉടൻ ലഭിക്കാൻ പോകുന്ന മാരുതി സുസുക്കി കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

മാരുതി സുസുക്കി വിറ്റാര ബ്രെസ
ആറ് എയർബാഗുകൾ ലഭിക്കുന്ന മാരുതി സുസുക്കിയുടെ ആദ്യകാല മോഡലുകളിലൊന്നായിരിക്കും വരാനിരിക്കുന്ന പുതിയ വിറ്റാര ബ്രെസ. നിലവിൽ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ സബ്-4 മീറ്റർ എസ്‌യുവികൾ ഇതിനോടകം തന്നെ ഏഴ് എയർബാഗുകൾ വരെ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇതുകൂടാതെ തലമുറ മാറ്റം ലഭിക്കുന്ന വിറ്റാര ബ്രെസയിൽ 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങി നിരവധി പുതിയ സവിശേഷതകളും മാരുതി സുസുക്കി സമ്മാനിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്.

മാരുതി സുസുക്കി സിയാസ്
നിലവിൽ ആറ് എയർബാഗുകൾ ഇല്ലാത്ത പ്രീമിയം സി-സെഗ്‌മെന്റിലെ ഏക സെഡാനാണ് മാരുതി സിയാസ്. എതിരാളി മോഡലുകളായ ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് എന്നിവ അവരുടെ ശ്രേണിയിലെ ടോപ്പ് വേരിയന്റുകളിൽ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്

എന്നിരുന്നാലും മാരുതിയുടെ ജനപ്രിയ മോഡലായിരുന്ന സിയാസ് സെഡാൻ ഉടൻ തന്നെ ഒരു ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം അധിക എയർബാഗുകളും വാഹനത്തിലേക്ക് കൂട്ടിച്ചേർക്കും. അതിനു പുറമെ ബ്രെസയ്ക്ക് സമാനമായ ചില ആധുനിക ഫീച്ചറുകളും കാറിലേക്ക് ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മാരുതി സുസുക്കി എസ്-ക്രോസ്
അടുത്തിടെ യുകെ വിപണിയിൽ അവതരിപ്പിച്ച പുതിയ സുസുക്കി എസ്-ക്രോസ് ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിലേക്കും കടന്നുവരും. 2022 മോഡൽ കർട്ടനും ഫ്രണ്ട് സൈഡ് എയർബാഗുകളും വാഗ്ദാനം ചെയ്തുകൊണ്ട് ഉയർന്ന സുരക്ഷാ സന്നാഹങ്ങളായിരിക്കും അവതരിപ്പിക്കുക.

കോംപാക്‌ട് ക്രോസ്ഓവർ സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്ക് ബദലാകുന്ന പുതുപുത്തൻ എസ്-ക്രോസ് ഇവർക്കെതിരെ മത്സരിക്കാൻ എത്തുമ്പോൾ കൂടുതൽ സുരക്ഷാ സവിശേഷതകൾ വാഗ്‌ദാനം ചെയ്യേണ്ടതുണ്ട്.

മാരുതി സുസുക്കി എർട്ടിഗ, XL6
എർട്ടിഗയ്ക്കും XL6 എംപിവിക്കും വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് നവീകരണത്തിൽ ആറ് എയർബാഗുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ സംവിധാനം മാരുതി സുസുക്കിയുടെ മൾട്ടി പർപ്പസ് മോഡലുകളുടെ നേരിട്ടുള്ള എതിരാളിയായ കിയ കാരെൻസിനൊപ്പം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സവിശേഷതയാണ്.

ആയതിനാൽ പുതുക്കിയ സ്റ്റൈലിംഗും കൂടുതൽ സവിശേഷതകളും നൽകുന്നതിനോടൊപ്പം സുരക്ഷാ സന്നാഹങ്ങൾ സജ്ജമാക്കുന്നതിലും മാരുതി സുസുക്കി കൂടുതൽ മികച്ച സംവിധാനങ്ങൾ എംപിവി മോഡലുകളിലേക്ക് കൊണ്ടുവരും. 2022 ഏപ്രിലിൽ മാസത്തോടെ ഈ രണ്ട് മോഡലുകളും വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ മാരുതി-ടൊയോട്ട എസ്‌യുവി
എല്ലാ പ്രീമിയം മാരുതി കാറുകൾക്കും ആറ് എയർബാഗുകൾ ലഭിക്കുന്നതിനാൽ ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റെയും സെഗ്മെന്റിലേക്ക് മാരുതി-ടൊയോട്ട സഖ്യം അവതരിപ്പിക്കുന്ന പുതിയ മിഡ്-സൈസ് എസ്‌യുവിയും പുതിയ നിയമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വികസിപ്പിക്കുക.

ഈ സുരക്ഷാ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയുടെ നേരിട്ടുള്ള എതിരാളിയായിരിക്കും ടൊയോട്ട-മാരുതി സംയുക്ത പങ്കാളിത്തത്തിൽ ഒരുങ്ങുന്ന മിഡ്-സൈസ് എസ്‌യുവി.

എല്ലാ കാറുകളിലും കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും സ്റ്റാൻഡേർഡായി നൽകുന്നത് നിർബന്ധമാക്കുന്ന പുതിയ നിയമങ്ങൾ പ്രസ്താവിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2022 ജനുവരിയിൽ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ അറിയിപ്പ് അനുസരിച്ച് 2022 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ കാറുകൾക്കും ഈ നിയമം ബാധകമാകുന്നതോടെ ഉപഭോക്താക്കളുടെ സുരക്ഷയെ സംബന്ധിച്ച ആശയ കുഴപ്പങ്ങൾക്ക് അറുതിയാകും.


Click it and Unblock the Notifications