ഓട്ടോ എക്സ്പോ പൊടിപൊടിക്കാൻ ഇവികൾ! ഒരുങ്ങുന്നത് ഈ കിടലൻ ഇലക്‌ട്രിക് കാറുകൾ
ഓരോ വർഷവും ഇന്ത്യൻ വാഹന നിർമാതാക്കൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങളുമായി വന്നടുക്കുകയാണ്. എന്നിരുന്നാലും ചാർജിംഗ് പോലുള്ള ഇവി ഇൻഫ്രാസ്ട്രക്ച്ചറിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്ന് പറയാതെ വയ്യ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പരമ്പരാഗത പെട്രോൾ, ഡീസൽ കാറുകൾക്ക് പകരമായി ആളുകൾ സാവധാനത്തിൽ ഇലക്‌ട്രിക്കിലേക്ക് ചേക്കേറുന്നുണ്ട്.
ഇലക്‌ട്രിക് വാഹനങ്ങൾ വൻതോതിൽ സ്വീകരിക്കാൻ ഇനിയും കുറച്ച് സമയമെടുക്കുമെങ്കിലും, വരും വർഷങ്ങളിൽ ഈ സെഗ്‌മെന്റ് മികച്ച രീതിയിൽ വളരുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ചും ഇവികൾ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പ്രവർത്തനച്ചെലവ് കാരണം. കുറച്ചുകാലമായി പെട്രോൾ വിലയെല്ലാം 100 രൂപയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ആളുകളുടെ പോക്കറ്റ് വളരെ വേഗത്തിലാണ് കാലിയാവുന്നത്. ഇങ്ങനെയെല്ലാം പരിഗണിക്കുമ്പോൾ ഇവികളാണ് ലാഭമെങ്കിലും അവ സ്വന്തമാക്കാൻ ചെലവഴിക്കേണ്ട ഉയർന്ന തുകയുടെ കാര്യമോർക്കുമ്പോൾ ആളുകൾ ഇന്നും പരമ്പരാഗത കാറുകളിലേക്ക് തന്നെ മടങ്ങുകയാണ് ചെയ്യുന്നത്.

ഈ സാഹചര്യം മാറാനായി ഇനിയും കാര്യമായ സമയം വേണ്ടി വരും. എങ്കിലും ഇ-കാറുകൾ പുറത്തിറക്കുന്നതിൽ നിന്നും ഒരു കമ്പനിയും ഇതുവരെ പിൻമാറിയിട്ടില്ല. വരും വർഷവും ഇന്ത്യയിൽ ധാരാളം പുതിയ ഇവികൾ രംഗത്തെത്തും. അത്തരത്തിൽ പുത്തൻ ചുവടുവെപ്പിന് തയാറെടുക്കുന്ന ഇലക്‌ട്രിക് വാഹനങ്ങളെ പരിചയപ്പെട്ടാലോ. അതായത് 2023 ജനുവരി 12 മുതൽ 15 വരെ ഗ്രേയ്റ്റർ നോയിഡയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്പോയിൽ അവതരിപ്പിക്കുന്ന ഇവികളെ ഏതെല്ലാമെന്ന് ഒന്നു അറിഞ്ഞിരിക്കാം.
ടാറ്റ ആൾട്രോസ് ഇവി
2019 ജനീവ മോട്ടോർ ഷോയിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഓൾ-ഇലക്‌ട്രിക് വേരിയന്റ് ടാറ്റ പ്രദർശിപ്പിച്ചതു മുതൽ ഇന്ത്യ കാത്തിരിക്കുകയാണ് ഈ മിടുക്കനെ. വൈദ്യുതീകരണവുമായി പൊരുത്തപ്പെടുന്ന അതേ ALFA പ്ലാറ്റ്‌ഫോമിലാണ് കാറിന്റെ ഇവി മോഡലും നിർമിച്ചിരിക്കുന്നത്. ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്ക് 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് പവർട്രെയിൻ, പവർ ഡിസ്ട്രിബ്യൂഷൻ യൂണിറ്റ്, ബാറ്ററി പായ്ക്ക് തുടങ്ങിയ നിരവധി സവിശേഷതകൾ നെക്സോൺ ഇവിയിൽ നിന്നും കടമെടുത്താവും ആൾട്രോസ് വരിക.
സിട്രൺ C3 ഇവി
സിട്രൺ C3 ഹാച്ച്‌ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാറിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ëC3 എന്ന് പേരിട്ടിരിക്കുന്ന മോഡൽ ഫ്രഞ്ച് ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനവും കമ്പനിയുടെ മൂന്നാമത്തെ മോഡലുമായിരിക്കും. ഇലക്ട്രിക് ഹാച്ച് 2023 ജനുവരി പകുതിയോടെ അവതരിപ്പിക്കുമെങ്കിലും അതിനു മുന്നോടിയായി വാഹനത്തെ ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്താൻ സാധ്യതയുണ്ട്. ഒന്നിലധികം ബാറ്ററി ഓപ്‌ഷനുകൾ ഇവിയിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിലൊന്ന് ആഗോള തലത്തിലുള്ള 50 kWh ബാറ്ററി പായ്ക്കാവും. ഇത് ഏകദേശം 350 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് നൽകാൻ ശേഷിയുള്ളതായിരിക്കും. സിട്രൺ ëC3 ഇവിയിൽ ഏകദേശം 300 കിലോമീറ്റർ റേഞ്ചുള്ള ഒരു ചെറിയ ബാറ്ററി പായ്ക്കും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 136 bhp കരുത്തിൽ പരമാവധി 260 Nm torque ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഫ്രഞ്ച് വാഹന നിർമാതാക്കളുടെ പുത്തൻ ഇവിക്ക് കരുത്ത് പകരുന്നത്.
എംജി എയർ ഇവി
എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ എയർ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2023 ജനുവരി അഞ്ചിന് ഇന്ത്യയിൽ അനാച്ഛാദനം ചെയ്യുന്ന ഈ മൈക്രോ കാറിനെ ഡൽഹി ഓട്ടോ എക്‌സ്‌പോയിലും പ്രദർശിപ്പിക്കും. ഇത്തിരി കുഞ്ഞൻ മോഡലിനെ കുറിച്ച് പറയുകയാണെങ്കിൽ, ഇത് 2-ഡോർ, 4-സീറ്റർ വാഹനമാണ്. പ്രധാനമായും ഇത് ഇന്തോനേഷ്യയിൽ നിലവിൽ വിൽക്കുന്ന വുലിംഗ് എയർ ഇവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ്. വില മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിന് ടാറ്റ ഓട്ടോകോമ്പിൽ നിന്ന് എംജി ബാറ്ററി പായ്ക്ക് പ്രാദേശികമായി ലഭ്യമാക്കുമെന്നാണ് സൂചന കിട്ടിയിരിക്കുന്നത്.
എംജി 4 ഇവി
ഓട്ടോ എക്സ്പോയിൽ സജീവമാവാനിരിക്കുന്ന എംജി മോട്ടോർസ് ഒന്നിൽ കൂടുതൽ മോഡലുകളായിരിക്കും അവതരിപ്പിക്കുക. അതിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായിരിക്കും എംജി 4 ഇവി. ഇത് കമ്പനിയുടെ ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് ഹാച്ച്‌ബാക്കായാണ് അറിയപ്പെടുന്നതു തന്നെ. പൂർണ ചാർജിൽ 452 കിലോമീറ്റർ വരെ ക്ലെയിം ചെയ്യാവുന്ന റേഞ്ചുമായാണ് വാഹനം വരുന്നത്. രണ്ട് ബാറ്ററി ഓപ്‌ഷനുകളാണ് ഇവി അണിനിരത്തുന്നതും. 51kWh, ഒരു വലിയ 64kWh എന്നിങ്ങനെ രണ്ട് തരത്തിലുള്ള ബാറ്ററി പായ്ക്കാണ് മോഡലിന് സമ്മാനിച്ചിരിക്കുന്നത്.
ഹ്യുണ്ടായി കോന ഇവി ഫെയ്‌സ്‌ലിഫ്റ്റ്
പുതുക്കിയ കോന ഇവിയെ ഇന്ത്യയിലെത്തിച്ച് വിപണിയിൽ സജീവമാവാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. 2019 ജൂലൈയിൽ പുറത്തിറക്കിയ കോന ഇലക്ട്രിക് ബ്രാൻഡിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ്. ആഗോളതലത്തിൽ ഈ ഇലക്ട്രിക് എസ്‌യുവി 2020-ലാണ് ഫെയ്‌സ്‌ലിഫ്റ്റ് സ്വീകരിക്കുന്നത്. 39.2kWh ബാറ്ററിയും 304 കിലോമീറ്റർ റേഞ്ചിനായി 136 bhp പവറുള്ള മോട്ടോറുമാണ് വാഹനം ഉപയോഗിക്കുന്നത്. അല്ലെങ്കിൽ 64kWh ബാറ്ററിയും 483 കിലോമീറ്റർ റേഞ്ചിനായി 204 bhp മോട്ടോറും ഹ്യുണ്ടായി കോനയ്ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








