ഫെബ്രുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ
ഇന്ത്യയിൽ ഡീസൽ, പെട്രോൾ വിലകൾ ഉയർന്നു തന്നെ നിൽക്കുമ്പോൾ ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യവും ഗണ്യമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. പോയ വർഷം വാഹന വിൽപ്പനയുടെ ഭൂരിപക്ഷവും പരമ്പരാഗത പെട്രോൾ, ഡീസൽ മോഡലുകൾക്കുള്ളതാണെങ്കിലും ഇവികളുടെ വർധനവും കാണാതിരിക്കാനാവില്ല.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോർസ് ആധിപത്യം തുടരുകയാണ്. ഫെബ്രുവരിയിൽ പാസഞ്ചർ വാഹന വിഭാഗത്തിലെ ഇലക്ട്രിക് ഫോർ വീലറുകളുടെ വിൽപ്പനയിൽ ബ്രാൻഡ് നാലിരട്ടിയിലധികം വർധന രേഖപ്പെടുത്തി.

നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയിലൂടെ 2,264 യൂണിറ്റുകളുമായി ടാറ്റ മോട്ടോർസ് നിലവിൽ ഈ വിഭാഗത്തിൽ 96.26 ശതമാനം വിപണി വിഹിതമാണ് കൈയടക്കി വെച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭ്യമാവുന്നതും ടാറ്റയുടെ ഈ കാറുകൾ തന്നെയാണെന്നതാണ് ഈ നേട്ടത്തിനു പിന്നിലുള്ള യഥാർഥ കാരണം.

എങ്കിലും ശ്രദ്ധേയമായ രീതിയിൽ മറ്റ് പല ബ്രാൻഡുകളും ഈ വിഭാഗത്തിൽ മോഡലുകളെ അവതരിപ്പിച്ചിട്ടുണ്ട്. പോയ മാസം ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്‌ട്രിക് കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

നെക്സോൺ ഇവി, ടിഗോർ ഇവി
ടാറ്റ നെക്‌സോൺ ഇവിയും ടിഗോർ ഇവിയുമാണ് ഇതുവരെ ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് കാറുകളിൽ ഏറ്റവും വലിയ വിജയമായ മോഡലുകളെന്ന് കണക്കുകൾ തന്നെ പറയും.

രണ്ട് ഇലക്‌ട്രിക് കാറുകൾക്കും അടുത്തിടെ ഗംഭീരമായ ചില പരിഷ്ക്കരണങ്ങളും കമ്പനി അവതരിപ്പിച്ചിരുന്നു. ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസം 2,264 യൂണിറ്റ് നെക്‌സോൺ, ടിഗോർ ഇവി മോഡലുകളാണ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 434 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ 421 ശതമാനം വർധനവാണ് ബ്രാൻഡ് നേടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം 11.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ടാറ്റ ടിഗോർ ഇവി, ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിന്ന് ഫോർ സ്റ്റാർ റേറ്റിംഗ് നേടി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാർ കൂടിയായി മാറിയിരുന്നു. ഒറ്റ ചാർജിൽ 306 കിലോമീറ്റർ റേഞ്ച് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് ഇലക്ട്രിക് സെഡാൻ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി നെക്‌സോൺ ഇവി തുടരുന്നു. രണ്ട് വർഷം മുമ്പ് അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയിൽ മൊത്തം 13,500 യൂണിറ്റ് നെക്‌സോൺ ഇവി വിറ്റതായി ടാറ്റ മോട്ടോർസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിക്ക് 30.2 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പൂർണ ചാർജിൽ വാഹനത്തിന് 312 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിക്കും.

എംജി ZS ഇവി
ഇലക്ട്രിക് ഫോർ വീലർ സെഗ്മെന്റിൽ ടാറ്റയുടെ ഏറ്റവും അടുത്ത എതിരാളിയാണ് എംജി മോട്ടോർസ്. എംജിയുടെ ഇന്ത്യയിലെ ഏക ഇലക്ട്രിക് ഓഫറായ ZS ഇവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ്. ഫെബ്രുവരിയിൽ മോഡലിന്റെ കമ്പനി 38 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്.

എന്നിരുന്നാലും, 2021 ഫെബ്രുവരിഅപേക്ഷിച്ച് നോക്കുമ്പോൾ കമ്പനി കഴിഞ്ഞ മാസത്തേക്കാൾ 90 യൂണിറ്റുകൾ കൂടുതൽ വിറ്റഴിച്ചപ്പോൾ വിൽപ്പന എണ്ണം ഇത്തവണ കുറഞ്ഞു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ZS ഇവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ഇതിനോടകം പൂർണമായും വിറ്റഴിഞ്ഞെന്നാണ് എംജി അറിയിച്ചിരിക്കുന്നത്.

നിരവധി സ്റ്റൈലിംഗ് അപ്‌ഡേറ്റുകളുമായാണ് ഇലക്‌ട്രിക് ക്രോസ്ഓവർ വിപണിയിൽ എത്തിയിരിക്കുന്നത്. പ്രധാനമായും മുൻവശത്ത് ഒരു പുതിയ ഫ്രണ്ട് ഗ്രിൽ ഹൈലൈറ്റ് ചെയ്യുന്നു. 17 ഇഞ്ച് അലോയ് വീലുകളും രൂപത്തിന് കൂടുതൽ മനോഹാരിത നൽകുന്നുമുണ്ട്.

എംജി മോട്ടോർസ് 21.99 ലക്ഷം രൂപ വിലയിലാണ് 2022 എംജി ZS ഇവി വിപണിയിലെത്തിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ ഈ എസ്‌യുവിക്ക് സാധിക്കും. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് 40 കിലോമീറ്ററിലധികം മെച്ചമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

മഹീന്ദ്ര ഇ വെരിറ്റോ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം അവസാനം കുറഞ്ഞത് മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളെങ്കിലും പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2020 ലെ ഓട്ടോ എക്‌സ്‌പോയിൽ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലാത്ത eKUV100 ഉൾപ്പെടെ മറ്റ് ചില മോഡലുകളും കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ഇവയൊന്നും ഇതുവരെ യാഥാർഥ്യമായില്ലെങ്കിലും ഇന്ത്യയിലെ ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെന്റിൽ മഹീന്ദ്ര ഒരു പ്രധാന കമ്പനിയായി തുടരുന്നുണ്ട്. നിലവിൽ ബ്രാൻഡ് ഇലക്ട്രിക് സെഡാനായ ഇ വെരിറ്റോ കഴിഞ്ഞ മാസം 12 യൂണിറ്റുകൾ വിറ്റഴിച്ച ഇന്ത്യയിലെ മികച്ച അഞ്ച് ഇലക്ട്രിക് കാറുകളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ഇടംപിടിച്ചു.

BYD e6
പാസഞ്ചർ വാഹന വിഭാഗത്തിൽ BYD e6 ഇലക്ട്രിക് എംപിവി ഇതുവരെ ലഭ്യമല്ല. ചൈനീസ് കാർ നിർമാതാക്കൾ ബി 2 ബി സെഗ്‌മെന്റിൽ മാത്രമാണ് മൂന്ന് നിരകളുള്ള ഇലക്ട്രിക് വാഹനം വിൽക്കുന്നത്. മാത്രമല്ല രാജ്യത്തെ ഫ്ലീറ്റ് ഓപ്പറേറ്റർമാരെ മാത്രമാണ് വാഹനം ലക്ഷ്യമിടുന്നത്. പോയ മാസം e6 എംപിവിയുടെ 10 യൂണിറ്റുകളാണ് ഈ ചൈനീസ് ബ്രാൻഡ് വിറ്റഴിച്ചത്.

BYD e6-ൽ 71.7 kwh ബ്ലേഡ് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകാൻ പ്രാപ്‌തിയുള്ളതാണ്. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 1.5 മണിക്കൂർ എടുക്കുന്ന ഡിസി ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

രാജ്യത്തെ മറ്റ് ഇവി മോഡലുകളിൽ ഔഡി ഇ-ട്രോൺ, ഹ്യുണ്ടായി കോന, ജാഗ്വാർ ഐ-പേസ്, മെർസിഡീസ് EQC, പോർഷ ടെയ്‌കാൻ ഇവി എന്നിവ കഴിഞ്ഞ മാസം ഇന്ത്യയിൽ വിറ്റ മികച്ച 10 ഇലക്ട്രിക് കാറുകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








