മിനി കുഷാഖല്ല, രൂപത്തിലും ഭാവത്തിലും പരിഷ്ക്കാരി! Skoda അവതരിപ്പിക്കുന്ന പുതിയ കോംപാക്‌ട് എസ്‌യുവിയെ അറിയാം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്കോഡ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിപണികളിൽ ഒന്നാണ് നമ്മുടെ സ്വന്തം ഇന്ത്യ. 2021-ൽ മികച്ച സ്വീകാര്യത നേടിയ രണ്ട് മോഡലുകളായ കുഷാഖും സ്ലാവിയയും അവതരിപ്പിച്ചതിന് ശേഷം, ചെക്ക് ബ്രാൻഡ് മറ്റൊരു സ്പോർട്‌സ് യൂട്ടിലിറ്റി വാഹന സെഗ്മെന്റിനെ കൂടി ഉന്നമിട്ടിരിക്കുകയാണ്.

മറ്റേതുമല്ല, അനേകം മോഡലുകളും കമ്പനികളും അണിനിരക്കുന്ന ചൂടേറിയ മത്സരമുള്ള സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിലേക്കാണ് പുതിയൊരു മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ കടന്നുവരുന്നത്.

കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് ഷാഫറാണ് പുതിയ മോഡലിന്റെ കടന്നുവരവ് സ്ഥിരീകരിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പുതുപുത്തൻ സബ്-4 മീറ്റർ എസ്‌യുവിയെ കുറിച്ച് ലഭ്യമായ കാര്യങ്ങൾ എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

MQB A0 IN പ്ലാറ്റ്‌ഫോമിലെ ആദ്യത്തെ സബ്-4 മീറ്റർ വാഹനം
MQB A0 പ്ലാറ്റ്ഫോം വികസനത്തിന്റെ കാര്യത്തിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിനെ നയിക്കുന്നത് സ്കോഡയാണ്. കനത്ത രീതിയിൽ പ്രാദേശികവൽക്കരിച്ച MQB A0 IN അടിസ്ഥാനമാക്കി കമ്പനി ഇതിനകം തന്നെ രണ്ട് ഉൽപ്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവിയും ഈ ശ്രേണിയിലേക്കാണ് ചേരുന്നത്.

എന്നിരുന്നാലും "ഇന്ത്യ 2.5" എന്ന് വിളിക്കപ്പെടുന്ന സ്കോഡ-ഫോക്‌സ്‌വാഗന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി ഈ പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യത്തെ സബ്-4 മീറ്റർ ഓഫറായിരിക്കും ഇത്. കൂടാതെ ഇത് ഒരു ആഗോള ഉൽപ്പന്നമായിരിക്കുമെന്നതും ശ്രദ്ധേയമാണ്. അതായത് നിലവിൽ വെർട്ടിസ് പ്രീമിയം സെഡാൻ പരിചയപ്പെടുത്തിയതിന് സമാനമായിരിക്കുമിത്.

കോംപാക്‌ട് കാറുകൾക്കായുള്ള സ്കോഡ-ഫോക്‌സ്‌വാഗൺ ലൈനപ്പ് നിലവിൽ രണ്ട് ടർബോ പെട്രോൾ എഞ്ചിനുകളിലാണ് വിപണിയിൽ എത്തുന്നത്. എന്നാൽ വരാനിരിക്കുന്ന സബ്-4 മീറ്റർ വാഹനത്തിന് ഒരെണ്ണം മാത്രമേ അനുയോജ്യമാകൂ. അത് 1.0 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ യൂണിറ്റായിരിക്കും.

ഇതിന് പരമാവധി 115 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ ഒരേ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഇത് വാഗ്ദാനം ചെയ്തേക്കും.

പുതിയ ഡിസൈൻ ഭാഷ്യം
ഈ വർഷം രണ്ടാം പകുതിയിൽ 'മോഡേൺ സോളിഡ്' എന്ന പേരിൽ ഒരു പുതിയ ഡിസൈൻ ഭാഷ്യം അവതരിപ്പിക്കുമെന്ന് സ്കോഡ അവരുടെ വാർഷിക കോൺഫറൻസിൽ പ്രഖ്യാപിച്ചിരുന്നു.

പുതിയ ഇലക്‌ട്രിക് കാറുകളിലും പ്രീമിയം വാഹനങ്ങളിലും ഇത് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യ-കേന്ദ്രീകൃതമായ സബ്-4 മീറ്റർ ഓഫറിൽ ഈ ഡിസൈൻ ശൈലി ഉണ്ടായിരിക്കും. അതിനാൽ ഇത് ഒരു മിനി കുഷാഖ് അല്ലെങ്കിൽ മൈക്രോ-കോഡിയാക് പോലെ കാണപ്പെടുമെന്ന പ്രതീക്ഷകളെല്ലാം ഇപ്പോഴെ മറന്നേക്കാം.

ഇലക്‌ട്രിക്കിനും റെഡി
ഇന്ത്യ പോലുള്ള വികസ്വര വിപണികൾക്കായി ഒരു പുതിയ സബ് കോംപാക്‌ട് ഓഫർ ഭാവിയിൽ തയാറാക്കുമെന്ന് സ്കോഡ സൂചന നൽകിയിട്ടുണ്ട്. തൽഫലമായി വരാനിരിക്കുന്ന എസ്‌യുവി ഇലക്ട്രിക് ഘടകങ്ങളുമായി പൊരുത്തപ്പെടാൻ സാധ്യതയുണ്ട്. അതിൽ മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകളും ഉൾപ്പെടും. പ്ലഗ്-ഇൻ ഹൈബ്രിഡിന് കുറഞ്ഞ ദൂരത്തേക്ക് ഇലക്‌ട്രിക്കിൽ മാത്രം ഡ്രൈവ് ചെയ്യാൻ സാധിക്കും.

കുഷാഖിന് സമാനമായ ഫീച്ചർ നിര
സ്കോഡയിൽ നിന്നുള്ള അടുത്ത കോംപാക്‌ട് എസ്‌യുവി പുറത്ത് വളരെ വ്യത്യസ്തമായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉള്ളിൽ നിലവിലുള്ള മോഡലുകളുമായി ഇതിന് സാമ്യതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന ഹ്യുണ്ടായി വെന്യു എതിരാളിക്ക് കുഷാഖിന് സമാനമായ ഫീച്ചർ സെറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രത്യേകിച്ച് വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള ഉപകരണങ്ങൾ. മഴ സെൻസിംഗ് വൈപ്പറുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ എന്നിവ പോലുള്ള അധിക സൗകര്യങ്ങൾ ഇതിന് ലഭിക്കാനിടയുണ്ട്.

പ്രതീക്ഷിക്കുന്ന വിലയും അവതരണവും
MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ സബ്-കോംപാക്‌ട് എസ്‌യുവി 2024-ഓടെ ഉത്പാദനത്തിന് തയാറായേക്കും. അടുത്ത ഓട്ടോ എക്‌സ്‌പോയുടെ സമയത്ത് തന്നെ കുഷാഖിന് സമാനമായ രീതിയിൽ ഒരു കൺസെപ്റ്റ് പതിപ്പിനെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ പരിചയപ്പെടുത്തിയേക്കാം.

വില നിർണയത്തിന്റെ കാര്യത്തിൽ 8 ലക്ഷം മുതൽ 14 ലക്ഷം വരെയുള്ള വില ശ്രേണിയിൽ എസ്‌യുവിയെ അവതരിപ്പിക്കാനാണ് സാധ്യത. അതായത് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ പ്രീമിയം ഓഫറായിരിക്കും സ്കോഡയുടെ ഈ മോഡൽ. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മാരുതി വിറ്റാര ബ്രെസ, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര XUV300 എന്നിവയുമായാകും മത്സരവും.


Click it and Unblock the Notifications








