പുതിയ നീക്കം; Toyota bZ4X ഇലക്‌ട്രിക് എസ്‌യുവി ഏഷ്യൻ വിപണികളിലേക്ക് എത്തുന്നു
കഴിഞ്ഞ വർഷം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ടൊയോട്ടയുടെ ആദ്യത്തെ സമർപ്പിത ഇലക്‌ട്രിക് വാഹനമായ bZ4X തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്ക് എത്തുന്നു.

ടൊയോട്ട മോട്ടോർ തായ്‌ലൻഡ് (TMT) bZ4X ഓൾ-ഇലക്‌ട്രിക് എസ്‌യുവി ഈ വർഷം അവസാനം തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂർണമായി ഇറക്കുമതി ചെയ്ത വാഹനമായി bZ4X വിപണിയിലെത്തുമെന്നാണ് രാജ്യത്തെ പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ പറയുന്നത്.

വാഹനത്തിന്റെ പേരിലെ 'bZ' ഘടകം ജാപ്പനീസ് ബ്രാൻഡിന്റെ 'ബിയോണ്ട് സീറോ' വൈദ്യുതീകരണ തന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. അതിലൂടെ 2025-ഓടെ കുറഞ്ഞത് 15 പ്യുവർ-ഇലക്‌ട്രിക് വാഹനങ്ങളെങ്കിലും പുറത്തിറക്കും. അതിൽ bZ മോണിക്കർ ഉപയോഗിക്കുന്ന ഏഴ് ഉൾപ്പെടെ.

ഇലക്ട്രിക് എസ്‌യുവി മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് പിന്നീട് എത്തുമെന്നും പ്രതീക്ഷിക്കുന്നു. ടൊയോട്ട മോട്ടോർ തായ്‌ലൻഡിന്റെ പ്രസിഡന്റ് നോറിയാക്കി യമഷിതയാണ് bZ4X മോഡലിന്റെ അവതരണം പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനിയുടെ വൈദ്യുതീകരണ ശ്രമങ്ങൾ വർധിപ്പിക്കുന്നതിന് ഇവിയെ വളരെയധികം പ്രാദേശികവൽക്കരിക്കാൻ നോക്കുകയാണെന്നും നോറിയാക്കി വെളിപ്പെടുത്തി. ടൊയോട്ടയുടെ ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമാണ കേന്ദ്രമാക്കി തായ്‌ലൻഡിനെ മാറ്റാനും തായ്‌ലൻഡ് വിഭാഗം പദ്ധതിയിടുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ തങ്ങളുടെ ഇലക്‌ട്രിക് കാർ ശ്രേണി വികസിപ്പിക്കുന്നത് കമ്പനിക്ക് ഇത് എളുപ്പമാക്കും.

ടൊയോട്ട bZ4X ഇലക്‌ട്രിക് എസ്‌യുവിക്ക് ആരേയും ആകർഷിക്കാൻ പ്രാപ്‌തമായ ഷാർപ്പും ആകർഷകവുമായ ബാഹ്യ രൂപകൽപ്പനയാണുള്ളത്. സ്വീപ്പ്-ബാക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, വീൽ ആർച്ചുകൾക്ക് മുകളിൽ പ്ലാസ്റ്റിക് ക്ലാഡിംഗ്, ഒരു മോഡുലാർ റിയർ പ്രൊഫൈൽ എന്നിവയെല്ലാം RAV4 മോഡലിനെ അനുസ്മരിപ്പിക്കുന്നുമുണ്ട്.

ചുറ്റും ആക്രമണാത്മക ലൈനുകളും കർവുകളുമായാണ് ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനത്തിന്റെ ഇന്റീരിയർ തികച്ചും പ്രീമിയമായാണ് ടൊയോട്ട ഒരുക്കിയിരിക്കുന്നത്. കൂടാതെ ട്രിം ടെക്‌സ്ച്ചറുകളുടെയും സാറ്റിൻ വിശദാംശങ്ങളുടെയും ഉദാരമായ ഉപയോഗം ടൊയോട്ട bZ4X ഇലക്‌ട്രിക്കിന് പ്രീമിയംനെസ് വർധിപ്പിക്കുന്നുമുണ്ട്.

ഓഫറിൽ ധാരാളം ഫീച്ചറുകൾ, ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ് തുടങ്ങിയവ ഇവിക്ക് ലഭിക്കും. ടൊയോട്ടയുടെ e-TNGA പ്ലാറ്റ്‌ഫോമിലാണ് bZ4X ഒരുക്കിയെടുത്തിരിക്കുന്നത്. അത് RAV4 ഹൈബ്രിഡുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും ഇലക്‌ട്രിക് എസ്‌യുവിക്ക് കുറഞ്ഞ ഉയരവും നീളമുള്ള വീൽബേസും ഉണ്ടായിരിക്കും.

സുബാരുമായി ചേർന്നാണ് ടൊയോട്ട തങ്ങളുടെ ഈ പുതിയ e-TNGA ആർക്കിടെക്ച്ചറിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജാപ്പനീസ് ബ്രാൻഡ് പറയുന്നതനുസരിച്ച് ലെക്സസ് Lx, മെർസിഡീസ് ബെൻസ് S-ക്ലാസ് തുടങ്ങിയ മുൻനിര സെഡാനുകളിൽ വാഗ്ദാനം ചെയ്യുന്നതുപോലെ 1000 മില്ലീമീറ്റർ പിൻ ലെഗ്റൂമാണ് ഈ പ്ലാറ്റ്‌ഫോമിന്റെ നേട്ടം.

കമ്പനി അവകാശപ്പെടുന്നതുപോലെ ക്യാബിനിൽ ഓഫർ ചെയ്യുന്ന ഇടം വളരെ ആകർഷകമായിരിക്കും. ടൊയോട്ട bZ4X മോഡലിന് 71.4 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 150 kW വരെ DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

AWD (രണ്ട് ഇലക്ട്രിക് മോട്ടോറുകൾ), FWD (സിംഗിൾ ഇലക്ട്രിക് മോട്ടോർ) കോൺഫിഗറേഷനിൽ എസ്‌യുവി ലഭ്യമാകും. ആദ്യത്തേത് 217 bhp കരുത്തിൽ 336 Nm torque സംയോജിത ഔട്ട്പുട്ട് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

രണ്ടാമത്തെ സിംഗിൾ ഇലക്ട്രിക് മോട്ടോർ ടൊയോട്ട bZ4X എസ്‌യുവിയിൽ 203 bhp പവറിൽ 265 Nm torque വികസിപ്പിക്കാനും ശേഷിയുള്ളതായിരിക്കും. സിംഗിൾ ഇലക്ട്രിക് മോട്ടോറുള്ള bZ4X ഓൾ-ഇലക്‌ട്രിക് എസ്‌യുവി പരമാവധി 500 കിലോമീറ്റർ വരെ റേഞ്ച് വരെ നൽകുമ്പോൾ AWD പതിപ്പ് 460 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇലക്ട്രിക് വാഹനത്തിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളിൽ മേൽക്കൂരയിൽ സോളാർ പാനലും ഉണ്ടാകും. ഈ മേൽക്കൂര സംയോജിത പാനൽ പ്രതിവർഷം 1,800 കിലോമീറ്റർ ഡ്രൈവിംഗ് ദൂരത്തിന് തുല്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

ടൊയോട്ട പറയുന്നതനുസരിച്ച് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇല്ലാതെ പാർക്കിംഗ് സ്ഥലങ്ങളിൽ bZ4X ഓൾ-ഇലക്‌ട്രിക് എസ്‌യുവി ചാർജ് ചെയ്യാം. കൂടാതെ അടിയന്തര സാഹചര്യങ്ങളിലും ചാർജ് ചെയ്യാൻ സൗരോർജ്ജം ഉപയോഗിക്കാം. ടൊയോട്ട bZ4X സമീപ ഭാവിയിൽ അതായത് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലും എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഹൈലക്‌സ്, ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ്, പുതുതലമുറ അർബൻ ക്രൂയിസർ ഒരു ബ്രാൻഡ്-ന്യൂ മിഡ്സൈസ് എസ്‌യുവി എന്നിവയുൾപ്പെടെ ഏതാനും പുതിയ മോഡലുകൾ ഉടൻ തന്നെ നമ്മുടെ രാജ്യത്ത് അവതരിപ്പിക്കാൻ ടൊയോട്ട പദ്ധതിയിടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. കൂടാതെ RAV4 ഹൈബ്രിഡും കമ്പനിയുടെ പരിഗണനയിലുണ്ട്.


Click it and Unblock the Notifications








