വില പ്രഖ്യാപനത്തിലും ഞെട്ടിച്ച് Toyota Innova Hycross; 18.30 ലക്ഷം മുതൽ വണ്ടി വാങ്ങാം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. രാജകീയ യാത്രകൾ ഒരുക്കുന്ന എംപിവിയുടെ മൂന്നാംതലമുറ ആവർത്തനത്തിനെ പുറത്തിറങ്ങും മുമ്പ് ഹിറ്റാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്കാവുകയും ചെയ്‌തു. കഴിഞ്ഞ നവംബര്‍ 25 നാണ് ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിക്കുകയും ചെയ്‌തു.
വില പ്രഖ്യാപിക്കും മുമ്പേ ഇത്രയും ഹിറ്റടിക്കാൻ റേഞ്ച് വേറെ വേണം. ദേ ഇപ്പോൾ വില പ്രഖ്യാപനവും എതിരാളികളെ ഞെട്ടിക്കും വിധമാണ്. അത്യാധുനിക സജ്ജീകരണങ്ങളോടെ എത്തുന്ന ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിന്റെ ബേസ് പെട്രോൾ വേരിയന്റിന് 18.30 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കൂടാതെ എംപിവിയുടെ ടോപ്പ് എൻഡ് സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 28.97 ലക്ഷം രൂപയും മാത്രമാണ് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത്.

ഇന്നോവ ഹൈക്രോസിന്റെ ബുക്കിംഗ് ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി പുത്തൻ എംപിവി പ്രീ-ബുക്ക് ചെയ്യാം. ഉയർന്ന ഡിമാന്റുള്ളതിനാൽ ബുക്ക് ചെയ്തവർക്ക് വാഹനം കിട്ടാന്‍ ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ടൊയോട്ട ഹൈക്രോസിന്റെ ZX, ZX(O) ഉയര്‍ന്ന മോഡലുകള്‍ക്കാണ് കൂടുതല്‍ ബുക്കിങ് ലഭിച്ചതെന്നാണ് ടൊയോട്ട പറയുന്നത്. മാത്രമല്ല, ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പമാവും ഇത് വിൽക്കുക. പുതിയ പരിഷ്ക്കാരങ്ങളുമായി മോഡൽ ജനുവരി-ഫെബ്രുവരി മാസത്തോടെ നിരത്തിലെത്തും.
ഇതിനോടകം ഏവരിലേക്കും എത്തിയ ഇന്നോവ ഹൈക്രോസിന്റെ ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ടൊയോട്ട കൂടുതൽ എസ്‌യുവി പോലെയുള്ള രൂപഭാവമാണ് എംപിവിക്ക് സമ്മാനിച്ചിരിക്കുന്നത്. വലിയ, കുത്തനെയുള്ള ഗ്രില്ലും ഉയർന്ന ബോണറ്റ് ലൈനും ചുറ്റിനുമുള്ള ബോഡി ക്ലാഡിംഗും വാഹനത്തിന് പരുക്കൻ സ്റ്റൈലിംഗ് നൽകുന്നുമുണ്ട്. ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലിന് ഗൺമെറ്റൽ ഫിനിഷും താഴത്തെ വശത്ത് ക്രോം സറൗണ്ടും ടൊയോട്ട ഒരുക്കിയിരിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇവ രണ്ടും ഹൈക്രോസിന് കൂടുതൽ പ്രീമിയം ടച്ചാണ് നൽകുന്നത്.
ഫോർച്യൂണറിലേതിന് സമാനമായ വലിയ, നീട്ടിയ ഹെഡ്‌ലാമ്പുകളും മുൻവശത്തെ പ്രത്യേകതയാണ്. ബമ്പറുകളിൽ മാറ്റ് സിൽവർ ഇൻസെർട്ടുകളും ടേൺ ഇൻഡിക്കേറ്ററുകളായി ഇരട്ടിപ്പിക്കുന്ന കൂറ്റൻ ഹൊറിസോണ്ടൽ ഡിആർഎല്ലുകളും ഇന്നോവ ഹൈക്രോസിന്റെ രൂപത്തോട് ചേർന്നുനിൽക്കുന്നുണ്ട്. മുൻഭാഗം ഒരു എസ്‌യുവി പോലെ തോന്നതിനാൽ വശക്കാഴ്ച്ചയിലും ഇതേരൂപഘടന നിലനിർത്താനും ടൊയോട്ട തയാറായിട്ടുണ്ട്. കൂടാതെ ഷോൾഡർ ലൈനും ഫ്ലേർഡ് വീൽ ആർച്ചുകളും ഇതിലേക്ക് ചേർത്തിരിക്കുന്നതും മനോഹരമാണ്. വശക്കാഴ്ച്ചയിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന വെലോസ് എംപിവിയോട് സാമ്യമുള്ളതായും തോന്നിയേക്കാം.
ക്രിസ്റ്റയെപ്പോലെ, ഹൈക്രോസിനും ഒരു വലിയ ഗ്ലാസ് ഹൗസ് ലഭിക്കുന്നുണ്ട്. ഇത് മൂന്ന് വരികളിലും ഉള്ള യാത്രക്കാർക്ക് മികച്ച കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. 18 ഇഞ്ച്, 10 സ്‌പോക്ക് അലോയ് വീലുകളിലാണ് വാഹനം ഇരിക്കുന്നത്. അവ വലുതും ചതുരാകൃതിയിലുള്ളതുമായ വീൽ ആർച്ചുകളാൽ മൂടപ്പെട്ടിരിക്കുന്നു. പിന്നിൽ, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, ചങ്കി എൽഇഡി ടെയിൽ-ലൈറ്റുകൾ, സ്‌കൂപ്പ്-ഔട്ട് നമ്പർ പ്ലേറ്റ് ഹൗസിംഗ്, ബ്ലാക്ക്-ഔട്ട് റിയർ ബമ്പർ എന്നിവയും കാണാനാവും.
പുതുതായി അവതരിപ്പിച്ച ഇന്നോവ ഹൈക്രോസ് ഒരു മോണോഷോക് ഷാസി വാഹനമാണ്. നിലവിലെ യാത്രാ സുഖവും സൗകര്യങ്ങളും ഇരട്ടിയാകും എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. G, GX, VX, ZX, ZX (O) എന്നീ വേരിയന്റുകളിലാണ് ഇന്നോവ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ G, GX മോഡലുകളില്‍ 172 bhp പവറോളമുള്ള 2.0 ലിറ്റര്‍ NA പെട്രോൾ എഞ്ചിനാവും ലഭിക്കുക. അതേസമയം ശേഷി കൂടിയ VX, ZX, ZX (O) മോഡലുകളിലാവട്ടെ 186 bhp കരുത്തുള്ള 2.0 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുമാണ് വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാനാവുക.
പുതിയ ഇന്നോവ ഹൈക്രോസിന്റെ രണ്ട് എഞ്ചിനും ഫ്രണ്ട് വീല്‍ ഡ്രൈവിലാണ് ഒരുങ്ങിയിരിക്കുന്നതും. എല്ലാത്തിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. മാനുവൽ ഓപ്ഷൻ പുതുതലമുറ വാഹനത്തിൽ കിട്ടില്ലെന്ന് ടൊയോട്ട നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹൈബ്രിഡിനൊപ്പം, ടൊയോട്ട അവകാശപ്പെടുന്നത് 21.1 കിലോമീറ്റഡ ഇന്ധനക്ഷമതയാണ്. ഇത് ഫുൾ ടാങ്ക് ഇന്ധനത്തിൽ 1,097 കി.മീ. റേഞ്ച് നൽകുന്നു. GX, VX മോഡലുകളിള്‍ ഏഴ്, എട്ട് സീറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ZX, ZX (O) വേരിയന്റുകളില്‍ ഏഴ് സീറ്റ് മാത്രമാണുള്ളത്.


Click it and Unblock the Notifications